ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറിന്റെ വില കൂട്ടി എംജി; പാവങ്ങളുടെ വേരിയന്റില്‍ തൊട്ടില്ല
ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറാണ് എംജി കോമെറ്റ് ഇവി. കഴിഞ വര്‍ഷം ഏപ്രിലിലാണ് എംജി 7.98 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബാറ്ററി സെല്ലുകളുടെ ചെലവ് കുറഞ്ഞപ്പോള്‍ കുഞ്ഞന്‍ ഇവിയുടെ വില കുറച്ച് എംജി ഉപഭോക്താക്കളെ സഹായിച്ചിരുന്നു.
എന്നാല്‍ പുതിയ സാമ്പത്തിക വര്‍ഷം പിറന്നതോടെ എംജി തങ്ങളുടെ മോഡല്‍ നിരയുടെ വില പരിഷ്‌കരിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി ബജറ്റ് ഇവിക്കും വില വര്‍ധനവ് ലഭിച്ചിരിക്കുകയാണ്. എക്സിക്യുട്ടീവ്, എക്സൈറ്റ്, എക്സ്‌ക്ലൂസീവ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് എംജി കോമെറ്റ് ഇവി ഓഫര്‍ ചെയ്യുന്നത്. എക്‌സ്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് വേരിയന്റുകള്‍ക്ക് ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷന്‍ ലഭ്യമാണ്.

ഏപ്രിലില്‍ എന്‍ട്രി ലെവല്‍ വേരിയന്റായി എക്‌സിക്യൂട്ടീവില്‍ മാത്രം എംജി കൈവെച്ചിട്ടില്ല. മറ്റെല്ലാ വേരിയന്റുകള്‍ക്കും 10000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് വില വര്‍ധനവ് ലഭിച്ചു. 6.99 ലക്ഷം രൂപ മുതലാണ് കുഞ്ഞന്‍ ഇവിയുടെ വില ആരംഭിക്കുന്നത്. എക്‌സൈറ്റ് വേരിയന്റിന് 7.98 ലക്ഷം രൂപയും എക്‌സൈറ്റ് FC വേരിയന്റിന് 8.33 ലക്ഷം രൂപയുമാണ് പുതിയ വില.
അതേസമയം എക്‌സ്‌ക്ലൂസീവ് വേരിയന്റിന് ഇനി മുതല്‍ 8.88 ലക്ഷം രൂപ വില വരും. ടോപ് സ്‌പെക് എക്‌സ്‌ക്ലൂസീവ് FC വേരിയന്റിന് ഇനി മുതല്‍ 9.24 ലക്ഷം രൂപയാണ് വിലയായി മുടക്കേണ്ടത്. ശ്രദ്ധിക്കുക വിലകളെല്ലാം എക്‌സ്‌ഷോറൂം ആണ്. ചുരുക്കിപ്പറഞ്ഞാല്‍ മുകളില്‍ പറഞ്ഞ വേരിയന്റുകള്‍ 2024 ജനുവരിയില്‍ ഉണ്ടായിരുന്ന വിലയിലേക്ക് മടങ്ങിയെത്തി.

വലിപ്പം കൊണ്ട് കുഞ്ഞനാണെങ്കിലും മോശം റോഡുകളിലെല്ലാം അനായാസം കീഴടക്കാന്‍ സാധിക്കുമെന്ന് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. തിരക്കിനും ഗതാഗതക്കുരുക്കുകള്‍ക്കും പേര് കേട്ട ഇന്ത്യന്‍ നഗരങ്ങളിലെ യാത്രകള്‍ക്ക് എംജി കോമെറ്റ് ഒരു മികച്ച ഓപ്ഷനാണ്. സെലിബ്രിറ്റികള്‍ അടക്കം സിറ്റി ഡ്രൈവുകള്‍ക്കായി ഈ കുഞ്ഞന്‍ ഇവി സ്വന്തമാക്കിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. മാത്രമല്ല മെയിന്റനന്‍സ് ചെലവ് വളരെ കുറവായതിനാല്‍ ഒരാള്‍ ഹോണ്ട ആക്ടിവ വിറ്റ് കോമെറ്റ് വാങ്ങിയ വാര്‍ത്തയും വൈറലായിരുന്നു.
വിദേശ വിപണികളിലുള്ള വുലിംഗ് എയര്‍ ഇവിയെ അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്ന മൈക്രോ ഇവിക്ക് 2974 മില്ലീമീറ്റര്‍ നീളവും 1505 മില്ലീമീറ്റര്‍ വീതിയും 1640 മില്ലീമീറ്റര്‍ ഉയരവും 2010 മില്ലീമീറ്റര്‍ വീല്‍ബേസുമാണുള്ളത്. എക്സ്റ്റീരിയറില്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, മുന്നിലും പിന്നിലും എല്‍ഇഡി ലൈറ്റ് ബാറുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, വീല്‍ കവറുകളുള്ള 12 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ എന്നിവയാണ് കോമെറ്റ് ഇവിയില്‍ എംജി മോട്ടോര്‍ ഒരുക്കിയിരിക്കുന്ന പ്രധാന സവിശേഷതകള്‍.

വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കീലെസ് എന്‍ട്രി, 55-ലധികം കണക്ടഡ് കാര്‍ ഫീച്ചറുകള്‍, ഡിജിറ്റല്‍ കീ, പവര്‍ വിന്‍ഡോകള്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍, ABS, EBD, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) എന്നീ ഫീച്ചറുകളും ഇലക്ട്രിക് കാറില്‍ സജ്ജീകരിച്ചിരിക്കുന്നു. 17.3 കിലോവാട്ട് ബാറ്ററി പായ്ക്കില്‍ നിന്നാണ് ഈ കുഞ്ഞന്‍ കാര്‍ പവറെടുക്കുന്നത്.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 230 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് നിര്‍മാതാക്കളായ എംജി അവകാശപ്പെടുന്നത്. വെള്ളവും പൊടിയും പ്രതിരോധിക്കുന്ന IP67 റേറ്റഡ് ബാറ്ററി പായ്ക്കാണ് ഇതില്‍ വരുന്നത്. 3.3 kW ചാര്‍ജര്‍ വഴി 5 മണിക്കൂറിനുള്ളില്‍ 10-80 ശതമാനവും 7 മണിക്കൂറിനുള്ളില്‍ 0-100 ശതമാനം റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതിനാല്‍ ചാര്‍ജിംഗും തലവേദനയാകില്ല. ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

റിയര്‍ ആക്‌സിലില്‍ ഘടിപ്പിച്ച സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ പരമാവധി 41 bhp പവറും 110 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. മണിക്കൂറില്‍ 100 കിലോമീറ്ററാണ് കുഞ്ഞന്‍ ഇവിയുടെ പരമാവധി വേഗത.ടാറ്റ ടിയാഗോ ഇവി, സിട്രോണ്‍ eC3 എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ എംജി കോമെറ്റിന്റെ എതിരാളികള്‍. എന്‍ട്രി ലെവല്‍ വേരിയന്റിന് വില വര്‍ധിപ്പിക്കാത്തത് കാരണം പുതിയ പരിഷ്‌കാരം വില്‍പ്പനയെ കാര്യമായി ബാധിക്കില്ലെന്നാണ് എംജിയുടെ വിശ്വാസം.


Click it and Unblock the Notifications








