2 വണ്ടിയെടുക്കേണ്ട, 1 മതി! വലിയ കുടുംബങ്ങൾക്കായി എംജിയുടെ 7 സീറ്റര്‍ എസ്‌യുവി വരുന്നു
ജെഎസ്ഡബ്ല്യു ഗ്രൂപ്പുമായി കൈകോര്‍ത്ത എംജി മോട്ടോര്‍ ഇന്ത്യയുടെ ലക്ഷ്യം മാരുതിക്ക് സമാനമായ വളര്‍ച്ചയാണ്. അതിനായി കൃത്യമായ ഇടവേളകളില്‍ പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് ബ്രാന്‍ഡ്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി എംജിയുടെ നിരവധി വാഹനങ്ങള്‍ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോള്‍ വരാനിരിക്കുന്ന 2025 എംജി ഗ്ലോസ്റ്റര്‍ എസ്‌യുവി പരീക്ഷണേയാട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഡ്രൈവ്സ്പാര്‍ക്ക് ടീം കണ്ടെത്തി. എംജി ഗ്ലോസ്റ്റര്‍ എസ്‌യുവിയുടെ ടെസ്റ്റ് മ്യൂള്‍ മറച്ചിരിക്കുന്ന നിലയിലാണ് കാണപ്പെട്ടതെങ്കിലും ബ്രിട്ടീഷ് പൈതൃകം പേറുന്ന ബ്രാന്‍ഡ് ഇന്ത്യക്കാര്‍ക്കായി എന്താണ് ഒരുക്കി വെച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയാം. അത് ചുവടെ വിശദീകരിക്കുന്നുണ്ട്.
ഡല്‍ഹി-ജയ്പൂര്‍ ഹൈവേയില്‍ വെച്ചാണ് എംജി ഗ്ലോസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ് ക്യാമറക്കണ്ണുകളില്‍ പതിഞ്ഞത്. സ്‌പൈ ചിത്രങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ 2025 എംജി ഗ്ലോസ്റ്റര്‍ എസ്‌യുവി ഓസ്‌ട്രേലിയയില്‍ വില്‍പ്പനക്കെത്തുന്ന മാക്‌സസ് D90 എസ്‌യുവിയുടെ ഡിസൈന്‍ ഘടകങ്ങള്‍ പങ്കുവെക്കുന്നതായി കാണാം. എംജി ഗ്ലോസ്റ്ററിന്റെ റീബാഡ്ജ്ഡ് പതിപ്പാണ് മാക്‌സസ് D90 എസ്‌യുവി. ഈ വാഹനത്തിന് അടുത്തിടെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചിരുന്നു.

2025 എംജി ഗ്ലോസ്റ്റര്‍ എസ്‌യുവിയില്‍ എംജി ഹെക്ടര്‍ എസ്യുവി പോലെ സ്പ്ലിറ്റ് ഹെഡ്ലാമ്പ് സജ്ജീകരണം ഉണ്ടായിരിക്കും. എന്നിരുന്നാലും എല്‍ഇഡി ഹെഡ്ലാമ്പുകളിലെ ലൈറ്റിംഗ് ഘടകങ്ങള്‍ വെര്‍ട്ടിക്കലായി സ്ഥാപിക്കും. കൂടാതെ മോഡലിന് വളരെ വലിയ ഒക്ടഗണല്‍ ഫ്രണ്ട് ഗ്രില്ലും ലഭിക്കാന്‍ സാധ്യതയുണ്ട്. 2025 എംജി ഗ്ലോസ്റ്ററിന്റെ വശങ്ങളും പിന്‍ഭാഗവും ഔട്ട്ഗോയിംഗ് മോഡലിന് സമാനമായി തുടരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ടെയില്‍ലാമ്പ് ഗ്രാഫിക്സിലും അലോയ് വീല്‍ ഡിസൈനിലും ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
ഫ്രണ്ട് ഫാസിയയില്‍ വരുത്തുന്ന വമ്പന്‍ പരിഷ്‌കാരങ്ങളുടെ ഫലമായി 2025 എംജി ഗ്ലോസ്റ്ററിന് ഔട്ട്‌ഗോയിംഗ് മോഡലിനേക്കാള്‍ കൂടുതല്‍ റോഡ് പ്രസന്‍സ് ഫീല്‍ ചെയ്യും. അതുകൊണ്ട് തന്നെ ഫുള്‍സൈസ് എസ്‌യുവി വിഭാഗത്തില്‍ മത്സരിക്കുന്ന എംജി ഗ്ലോസ്റ്റര്‍ ഇനി കൂടുതല്‍ രാഷ്ട്രീയക്കാരെയും ബിസിനസുകാരെയും ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കാം.

അകത്തളത്തിലേക്ക് കടക്കുമ്പോള്‍ 2025 എംജി ഗ്ലോസ്റ്റര്‍ എസ്‌യുവിക്ക് ഓസ്ട്രേലിയയില്‍ അടുത്തിടെ ഫെയ്സ്ലിഫ്റ്റ് ചെയ്ത മാക്സസ് D90 എസ്‌യുവിയുടെ അതേ ഇന്റീരിയര്‍ ഉണ്ടായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അങ്ങനെ വന്നാല്‍ പുത്തന്‍ ഗ്ലോസ്റ്ററില്‍ പരമ്പരാഗത ഗിയര്‍ ലിവറിന്റെ സ്ഥാനത്ത് റോട്ടററി ഗിയര്‍ സെലക്ടര്‍ സ്ഥാനം പിടിക്കും. കൂടുതല്‍ അഡ്വാന്‍സ്ഡായ ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും വലിയ എസി വെന്റുകളുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ഡാഷ്ബോര്‍ഡും എസ്‌യുവിയില്‍ അവതരിപ്പിക്കും.
ക്യാബിനിലെ ഈ മാറ്റങ്ങള്‍ക്കൊപ്പം മോഡലിന്റെ സേഫ്റ്റിയും മെച്ചപ്പെടുത്തും. കൂടുതല്‍ വിപുലമായ ലെവല്‍-2 ADAS സ്യൂട്ടും 2025 എംജി ഗ്ലോസ്റ്റര്‍ എസ്‌യുവിക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. സിംഗിള്‍ ടര്‍ബോ, ബൈ-ടര്‍ബോ എന്നിങ്ങനെ രണ്ട് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളുള്ള ഔട്ട്ഗോയിംഗ് മോഡലിന് സമാനമായി പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ തുടരാന്‍ സാധ്യതയുണ്ട്. കൂടാതെ, മോഡല്‍ 2WD, 4WD എന്നീ രണ്ട് വേരിയന്റുകളിലും ലഭ്യമാകും.

നിലവില്‍, സിംഗിള്‍-ടര്‍ബോ വേരിയന്റില്‍ 160 bhp പവറും 375 Nm ടോര്‍ക്കും നല്‍കുന്ന 2.0-ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. 212.5 bhp പവറും 480 Nm ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതാണ് ബൈ-ടര്‍ബോ വേരിയന്റ്. രണ്ട് പവര്‍ട്രെയിനുകളോടൊപ്പവും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡായി വരുന്നു.
എംജി ഗ്ലോസ്റ്റര്‍ എസ്‌യുവിയിലെ പവര്‍ട്രെയിന്‍ വളരെ ശക്തമാണെങ്കിലും വരാനിരിക്കുന്ന 2025 ഗ്ലോസ്റ്റര്‍ ഫെയ്സ്ലിഫ്റ്റഡ് പതിപ്പില്‍ മികച്ച കാര്യക്ഷമതയ്ക്കും പ്രകടനത്തിനുമായി ഒരു പുതിയ പവര്‍ട്രെയിന്‍ അവതരിപ്പിക്കാന്‍ സാധ്യതയുള്ളതായി പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ഏതായാലും വരും ദിവസങ്ങളില്‍ എംജി ഗ്ലോസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാന്‍ സാധ്യതയുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








