ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് സിയുവി വരുന്നു! മാരുതിയാകാനാണ് ലക്ഷ്യമെന്ന് എംജി ചുമ്മാ പറഞ്ഞതല്ല
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എംജി മോട്ടോര്‍ ഇന്ത്യയില്‍ പ്രമുഖ വ്യവസായ ഗ്രൂപ്പായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് നിക്ഷേപം നടത്തിയിരുന്നു. മാരുതി സുസുക്കി ഇന്ത്യയില്‍ നടത്തിയ തരത്തിലുള്ള മുന്നേറ്റം നടത്താനാണ് സംയുക്ത സംരംഭം ഉദ്ദേശിക്കുന്നത്. ഇവികള്‍ ഉള്‍ക്കൊള്ളുന്ന ന്യൂ എനര്‍ജി വാഹനങ്ങളിലാണ് കമ്പനി ശ്രദ്ധ പതിപ്പിക്കുന്നത്. ഓരോ മൂന്ന് മുതല്‍ ആറ് മാസക്കാലയളവില്‍ പുതിയ വാഹനം വിപണിയില്‍ എത്തിക്കാനാണ് പ്ലാന്‍. ജെഎസ്ഡബ്ല്യു എംജി മോട്ടോറിന്റെ വരാന്‍ പോകുന്ന വാഹനങ്ങളില്‍ ഒന്ന് ഒരു ക്രോസ്ഓവര്‍ യൂടിലിറ്റി വെഹിക്കിള്‍ ആണ്. ഈ വാഹനം ഇപ്പോള്‍ പരീക്ഷണയോട്ടത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരിക്കുകയാണ്. പുത്തന്‍ വാഹനത്തിനെ കുറിച്ചുള്ള വിശേഷങ്ങള്‍ ചുവടെ വായിക്കാം.
തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ കമ്പനി ഇന്ത്യക്കാരെ തങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ കാര്‍ ലോണ്‍ ലഭ്യമാക്കുന്നതിനായി ടാറ്റ ക്യാപിറ്റലുമായി കരാറിലേര്‍പ്പെട്ടത് അത്തരമൊരു നീക്കമാണ്. കാര്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇതുവഴി സാമ്പത്തിക സഹായം ലഭ്യമാകും. അതിനൊപ്പം രാജ്യത്ത് തങ്ങളുടെ വിപണി വിഹിതം ഉയര്‍ത്തണമെങ്കില്‍ മോഡല്‍ നിര വിപുലീകരിക്കേണ്ടതായുണ്ട്.

ഈ ഒരു സാഹചര്യത്തിലാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ പുതിയ കാര്‍ ഇന്ത്യയില്‍ പരീക്ഷണ ഓട്ടം ആരംഭിച്ചത്. കൃത്യമായ ഇടവേളകളില്‍ പുതിയ കാറുകള്‍ ലോഞ്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്നതിനാല്‍ ഇപ്പോള്‍ പരീക്ഷിച്ച് കൊണ്ടിരിക്കുന്ന കാര്‍ ഉടന്‍ വിപണിയില്‍ എത്തിയേക്കാം. ഇന്റലിജന്റ് സിയുവി എന്ന സ്റ്റിക്കര്‍ പതിച്ചാണ് പുതിയ വാഹനം പരീക്ഷണയോട്ടം നടത്തുന്നത്. ഇലക്ട്രിക് കാര്‍ സെഗ്മെന്റിലാണ് ഇത് വില്‍പ്പനയ്ക്ക് എത്താന്‍ പോകുന്നത്.
ഇന്ത്യന്‍ വിപണിയില്‍ എംജി ഇതിനോടകം രണ്ട് ഇവികളാണ് വാഗ്ദാനം ചെയ്യുന്നത്. ZS ഇവിയും കോമെറ്റ് ഇവിയുമാണവ. ZS ഇവി അല്‍പ്പം ചെലവേറിയതാണെങ്കില്‍ ഇന്ത്യയില്‍ നിലവില്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാര്‍ ആണ് കോമെറ്റ്. ആ നിരയിലേക്കാണ് പുതിയ കാര്‍ ചേരാന്‍ പോകുന്നത്.വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി എംജി ഈ കാര്‍ പുറത്തിറക്കുമെന്ന് ചില പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിലെ പ്രീമിയം ഇവി കസ്റ്റമേഴ്‌സിനെയാകും രാജ്യത്തെ ആദ്യ ഇന്റലിജന്റ് സിയുവി വഴി എംജി ലക്ഷ്യമിടുക. എക്സെലര്‍ ഇവി എന്നായിരിക്കും ഇതിന്റെ പേര്. എംജി ഈ പേര് ട്രേഡ്മാര്‍ക്ക് ചെയ്തിരുന്നു. അതിന്റെ ഏറോ ഡിസൈന്‍ കാണാതിരിക്കാന്‍ ടയര്‍ അടക്കം മറച്ച രീതിയിലായിരുന്നു പുത്തന്‍ കാര്‍ പരീക്ഷണയോട്ടം നടത്തിയത്. ഡിസൈന്‍ വശം നോക്കുമ്പോള്‍ ഇത് ഒരു വലിയ ഹാച്ച്ബാക്ക് പോലെയാണ് കാണപ്പെടുന്നത്.
അതേ സമയം ഇന്ത്യന്‍ വിപണിക്ക് യോജിക്കുന്ന തരത്തില്‍ ചില ക്രോസ്ഓവര്‍ എലമെന്റുകളും കമ്പനി നല്‍കും. വലിപ്പവും അകത്തളത്തില്‍ കൂടുതല്‍ ഇടവും നല്‍കുന്നുവെന്നത് കൊണ്ടാണ് എസ്‌യുവികള്‍ ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടതാകുന്നത്. വരാന്‍ പോകുന്ന എംജിയുടെ ഇന്റലിജന്റ് സിയുവിക്ക് ഏകദേശം 4.3 മീറ്റര്‍ മുതല്‍ 4.5 മീറ്റര്‍ വരെ നീളമുണ്ടാകും. അതുകൊണ്ട് തന്നെ അകത്ത് നല്ല ഇടം ലഭിക്കും.

എംജി ഇന്റലിജന്റ് സിയുവിയുടെ ചുറ്റും വലിയ ഗ്ലാസ് ഏരിയ കാണും. മികച്ച കാഴ്ചക്കായി മുന്നിലും പിന്നിലും ക്വാര്‍ട്ടര്‍ ഗ്ലാസുകളുണ്ടാകും. ഒരു പ്രീമിയം കാര്‍ ആയതിനാല്‍ തന്നെ പനോരമിക് സണ്‍റൂഫും പ്രതീക്ഷിക്കാം. അകത്തളത്തിലെ ഫിറ്റും ഫിനിഷും മികച്ചതാക്കാന്‍ സോഫ്റ്റ് ടച്ച് മെറ്റീരിയലുകളായിരിക്കും ഉപയോഗിക്കുക. മറ്റ് ഉല്‍പ്പന്നങ്ങളെപ്പോലെ കൂടുതല്‍ പ്രീമിയം ഫീച്ചറുകളുള്ള വാഹനമായി എംജി ഈ കാറിനെ വിപണിയിലെത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു.
വലിയ ഫ്രീ-സ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, സര്‍ക്കുലാര്‍ സ്റ്റിയറിംഗ് കണ്‍ട്രോള്‍ പോഡുകള്‍, വൃത്താകൃതിയിലുള്ള റിയര്‍ എസി വെന്റുകള്‍, മിനിമല്‍ സെന്റര്‍ കണ്‍സോളുകള്‍ എന്നിവ ക്യാബിനില്‍ പ്രതീക്ഷിക്കാം. അതേ സമയം വരാന്‍ പോകുന്ന ഇവിയുടെ പവര്‍ട്രെയിനിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ അറിവായിട്ടില്ല.
എങ്കിലും ഇലക്ട്രിക് മോട്ടോറും ബാറ്ററി പായ്ക്കും ZS ഇവിയില്‍ നിന്ന് കടംകൊള്ളാനാണ് സാധ്യത. ഫുള്‍ ചാര്‍ജില്‍ 500 കിലോമീറ്റര്‍ റേഞ്ച് നല്‍കാന്‍ കഴിവുള്ള 50 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് ZS ഇവി പവര്‍ എടുക്കുന്നത്. 175 bhp പവറും 280 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാകും തുടിപ്പേകുക. പരീക്ഷണയോട്ടം ആരംഭിച്ചതിനാല്‍ എംജി മോഡല്‍ നിരയിലെ പുതുമുഖത്തെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരും.
Source: Rushlane


Click it and Unblock the Notifications








