20,000 രൂപ അധികം മുടക്കിയാല്‍ 'ബ്രിട്ടീഷ്' ഗമ! കാറുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷനുമായി എംജി
ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ എംജി മോട്ടോര്‍ (MG Motor) തങ്ങളുടെ 100-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഹെക്ടര്‍, ആസ്റ്റര്‍, ZS ഇവി, കോമെറ്റ് എന്നിവയുടെ സ്പെഷ്യല്‍ എഡിഷന്‍ പതിപ്പുകള്‍ പുറത്തിറക്കി. എംജി വാഹനങ്ങളുടെ സ്പെഷ്യല്‍ എഡിഷന്‍ പതിപ്പുകളുടെ വിലയും മറ്റ് പ്രധാന സവിശേഷതകളുമെല്ലാം ചുവടെ വായിക്കാം.
എംജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മോറിസ് ഗരാജസ് 1924-ലാണ് സ്ഥാപിതമായത്. ബ്രിട്ടീഷ് ഓട്ടോമോട്ടീവ് പയനിയര്‍ വില്യം മോറിസിന്റെ മാര്‍ഗനിര്‍ദേശപ്രകാരമായിരുന്ന കമ്പനിയുടെ ആരംഭം. നിലവില്‍ ചൈനയുടെ SAIC യുടെ ഉടമസ്ഥതയിലാണ് ബ്രാന്‍ഡ്. ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ജെഎസ്ഡബ്ല്യു അടുത്തിടെ എംജി മോട്ടോര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിരുന്നു. ബ്രാന്‍ഡിന്റെ 100-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇതിനകം തുടക്കമിട്ട എംജി ഇപ്പോള്‍ '100 ഇയര്‍ ലിമിറ്റഡ് എഡിഷന്‍' എന്ന പേരിലാണ് പ്രത്യേക പതിപ്പുകള്‍ പുറത്തിറക്കിയത്.

ആസ്റ്റര്‍, ഹെക്ടര്‍, ZS ഇവി എന്നിവയില്‍ സ്പെഷ്യല്‍ എഡിഷന്‍ മിഡ്-സ്പെക്ക് വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതേസമയം കോമറ്റ് ഇവിക്ക് ഇത് ടോപ്പ്-സ്പെക്ക് എക്‌സ്‌ക്ലൂസീവ് FC വേരിയന്റില്‍ ലഭ്യമാണ്. ഹെക്ടറിന്റെ 5, 7 സീറ്റര്‍ പതിപ്പുകളിലും പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനുകളിലും ഈ പ്രത്യേക പതിപ്പ് ലഭിക്കുന്നു. എന്നിരുന്നാലും, ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് എന്നിവയുടെ പെട്രോള്‍ മാനുവല്‍ വേരിയന്റുകളില്‍ ഈ പ്രത്യേക പതിപ്പ് ലഭ്യമല്ല. കൂടാതെ ഡീസല്‍ വേരിയന്റുകളുടെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
21.20 ലക്ഷം മുതലാണ് ഹെക്ടറിന്റെ ലിമിറ്റഡ് എഡിഷന്റെ പ്രാരംഭ വില. ഷാര്‍പ് പ്രോ പെട്രോള്‍ സിവിടി വേരിയന്റിന്റെ 5 സീറ്റര്‍, 7 സീറ്റര്‍ പതിപ്പുകളിലാണ് ഈ വേരിയന്റ് ലഭ്യമാകുക. സ്റ്റാന്‍ഡേര്‍ഡ് വേരിയന്‍ിനേക്കാള്‍ വെറും 20000 രൂപ മാത്രം അധികം മുടക്കിയാല്‍ മതി. ZS ഇവിയുടെ എക്സ്‌ക്ലൂസീവ് പ്ലസ് വേരിയന്റിലാണ് സ്പെഷ്യല്‍ എഡിഷന്‍ പതിപ്പ് ലഭിക്കുക. 24.18 ലക്ഷം രൂപയാണ് വില. ഇവിയുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിനേക്കാള്‍ 20,000 രൂപ മാത്രമാണ് കൂടുതല്‍.
ആസ്റ്ററിന്റെ ആനിവേഴ്സറി സ്പെഷ്യല്‍ എഡിഷന് 14.81 ലക്ഷം രൂപ മുതലാണ് തുടങ്ങുന്നത്. ഷാര്‍പ്പ് പ്രോ 1.5 പെട്രോള്‍ സിവിടി വേരിയന്റില്‍ സ്പെഷ്യല്‍ എഡിഷന്‍ ലഭിക്കാന്‍ 16.08 ലക്ഷം രൂപ മുടക്കണം. ആസ്റ്ററിന്റെ കാര്യത്തിലും സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിനേക്കാള്‍ 20000 രൂപ മാത്രമാണ് അധികം മുടക്ക്. കോമറ്റ് ഇവിക്ക് 9.40 ലക്ഷം രൂപയുമാണ് വില. എക്സ്‌ക്ലൂസീവ് FC പതിപ്പില്‍ വരുന്ന പ്രത്യേക പതിപ്പിന് 16000 രൂപയാണ് അധികം ചെലവ്. വിലകള്‍ എക്സ്ഷോറൂം ആണ്.
സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകളെ കുറിച്ച് വിശദമായി നോക്കുമ്പോള്‍ ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍ കളറിനോടുള്ള ആദരസൂചകമായി ഇവയ്ക്ക് സ്പെഷ്യല്‍ എവര്‍ഗ്രീന്‍ ഷെയ്ഡ് ലഭിക്കുന്നു. ഈ പ്രത്യേക പതിപ്പുകള്‍ സ്റ്റേറി ബ്ലാക്ക് റൂഫും ഡാര്‍ക്ക് കളര്‍ ആക്സന്റുകളുമുള്ള ശ്രദ്ധേയമായ ഡാര്‍ക്ക് ഗ്രീന്‍ എക്സ്റ്റീരിയറാണ് വരുന്നത്. ലിമിറ്റഡ് എഡിഷനാണെന്ന സൂചന നല്‍കുന്നതിനായി പിന്‍ഭാഗത്തെ ടെയില്‍ഗേറ്റില്‍ '100-ഇയര്‍ എഡിഷന്‍' എന്ന ബാഡ്ജിംഗ് നല്‍കിയിട്ടുണ്ട്.
അകത്തളം ഓള്‍ ബ്ലാക്ക് തീമിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഫ്രണ്ട് ഹെഡ്‌റെസ്റ്റുകളില്‍ '100-ഇയര്‍ എഡിഷന്‍' തുന്നിച്ചേര്‍ത്തിരിക്കുന്നു. ഇത് ബ്രാന്‍ഡിന്റെ റേസിംഗ് പൈതൃകത്തിന് ആദരമര്‍പ്പിക്കുന്ന ഒരു സ്‌പോര്‍ട്ടി ടച്ച് നല്‍കുന്നു. കസ്റ്റമൈസ് ചെയ്യാവുന്ന വിജറ്റ് കളറിനൊപ്പം 'എവര്‍ഗ്രീന്‍' തീം ഹെഡ് യൂണിറ്റും എംജിയുടെ ഈ ലിമിറ്റഡ് എഡിഷന്‍ പതിപ്പുകള്‍ക്ക് ലഭിക്കുന്നു. കാറുകള്‍ക്ക് മെക്കാനിക്കലായി മാറ്റങ്ങളൊന്നുമില്ല. പരിമിതമായ അളവില്‍ ഉല്‍പ്പാദിക്കപ്പെടുന്ന ഈ കാറുകളുടെ എത്ര യൂണിറ്റുകള്‍ വില്‍പ്പനക്കെത്തുമെന്ന കാര്യം എംജി വ്യക്തമാക്കിയിട്ടില്ല.
എംജി മോഡല്‍ നിരയില്‍ ഗ്ലോസ്റ്റര്‍ ഫുള്‍സൈസ് എസ്‌യുവിക്ക് മാത്രമാണ് ഈ സ്പെഷ്യല്‍ എഡിഷന്‍ പതിപ്പ് ലഭിക്കാത്തത്. ഈ വര്‍ഷം അവസാനത്തോടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാന്‍ പോകുന്നത് കൊണ്ടായിരിക്കും ഈ ഒരു തീരുമാനമെന്നാണ് അനുമാനിക്കുന്നത്. ഹെക്ടര്‍, ഗ്ലോസ്റ്റര്‍ ആസ്റ്റര്‍ എന്നിവയ്ക്ക് ഇതിനോടകം എംജി ബ്ലാക്ക്സ്റ്റോം എഡിഷന്‍ നല്‍കിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ എംജി ശ്രേണിയിലെ രണ്ടാമത്തെ സ്പെഷ്യല്‍ എഡിഷന്‍ പതിപ്പാണിത്.
സ്പെഷ്യല്‍ എഡിഷന്‍ പതിപ്പുകള്‍ ഇത്ര കണ്ട് പോപ്പുലറാക്കിയത് ടാറ്റ മോട്ടോര്‍സാണ്. പിന്നാലെ ഫോക്സ്വാഗണും സ്‌കോഡയും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നിരവധി സ്പെഷ്യല്‍ എഡിഷന്‍ പതിപ്പുകള്‍ പുറത്തിറക്കി. ഇപ്പോള്‍ മാരുതിയും ഇതേ പാതയില്‍ വരുന്നുണ്ട്. കഴിഞ്ഞ ദിവസം 2024 സ്വിഫ്റ്റിന്റെ ലോഞ്ച് വേളയില്‍ മാരുതി സ്വിഫ്റ്റ് റേസിംഗ് റോഡ്‌സ്റ്റര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.


Click it and Unblock the Notifications








