BYD സീലിന്റെ വിലയ്ക്ക് ഇത് രണ്ടെണ്ണം വാങ്ങാം! ZS ഇവിയ്ക്ക് പുത്തൻ വേരിയന്റ് അവതരിപ്പിച്ച് എംജി
ഇന്ത്യൻ ഇലക്ട്രിക് വാഹന സെഗ്മെന്റ് കൂടുതൽ വളർച്ചയും ജനപ്രീതിയും പ്രാപിച്ചു തുടങ്ങിയ ആദ്യ കാലങ്ങളിൽ വിപണിയിൽ എത്തിയ മോഡലുകളിൽ ഒന്നാണ് എംജി മോട്ടോർസിന്റെ ZS ഇവി. ഇടയ്ക്ക് ഇവിയ്ക്ക് നിർമ്മാതാക്കൾ ഒരു മിഡ് ലൈഫ് അപ്പ്ഡേറ്റ് നൽകിയത് അല്ലാതെ വമ്പൻ മാറ്റങ്ങളൊന്നും മോഡലിന് ലഭിച്ചിട്ടില്ല.
ഇപ്പോൾ എംജി മോട്ടോർ ഇന്ത്യ ZS ഇവിയുടെ ശ്രേണിയിലേക്ക് എക്‌സൈറ്റ് പ്രോ എന്ന പുതിയ മിഡ് സ്പെക് വേരിയൻ്റ് കൂടെ ചേർത്തിരിക്കുകയാണ്. 19.98 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള, പുതിയ വേരിയൻ്റിൻ്റെ അവതരണത്തിലൂടെ 20 ലക്ഷം രൂപയിൽ താഴെ ഇന്ത്യയിൽ ഡ്യുവൽ-പേൻ പനോരമിക് സൺറൂഫ് വാഗ്ദാനം ചെയ്യുന്ന ഏക ഇലക്‌ട്രിക് കാറാണ് ZS ഇവി എന്നാണ് എംജി അവകാശപ്പെടുന്നത്.

ഈ പുതിയ ട്രിമ്മിന് ബേസ് മോഡൽ ZS ഇവി എക്‌സിക്യൂട്ടീവ് വേരിയൻ്റിനേക്കാൾ ഒരു ലക്ഷം രൂപ കൂടുതലാണ്, എന്നാൽ പുതിയ എക്‌സ്‌ക്ലൂസീവ് പ്ലസ് ട്രിമ്മിനെ അപേക്ഷിച്ച് നാല് ലക്ഷം രൂപ കുറവുമാണ് എന്നത് ശ്രദ്ധിക്കണം. എക്‌സൈറ്റ് പ്രോയുടെ കൃത്യമായ ഫീച്ചറുകളുടെ ലിസ്റ്റ് ഇതുവരെ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല, എങ്കിലും ഡ്യുവൽ പേൻ പനോരമിക് സൺറൂഫ് ഓഫർ ചെയ്യുന്നു. ഇപ്പോൾ നിർത്തലാക്കിയ എക്‌സൈറ്റ് വേരിയൻ്റിന് സമാനമായ കംഫർട്ട്‌സിൻ്റെയും സേഫ്റ്റി കിറ്റിൻ്റെയും ഒരു ലിസ്റ്റ് ഇതിൽ പ്രതീക്ഷിക്കാം.
ബ്രാൻഡ് തങ്ങളുടെ ഇവിയുടെ ലൈനപ്പും പരിഷ്കരിച്ചിട്ടുണ്ട്. ഓഫറിൽ ഇപ്പോഴും നാല് വേരിയൻ്റുകളുണ്ട്, എന്നാൽ എക്സൈറ്റ് ട്രിമ്മിന് പകരം എക്സൈറ്റ് പ്രോയാണ് വരുന്നത്, അതുപോലെ എക്സ്ക്ലൂസീവ് ഇപ്പോൾ എക്സ്ക്ലൂസീവ് പ്ലസ് ആയി മാറി, കൂടാതെ എക്സ്ക്ലൂസീവ് പ്രോയെ ഇപ്പോൾ എസെൻസ് എന്ന് വിളിക്കുന്നു.
360 -ഡിഗ്രി ക്യാമറ, 10.1 -ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ചാർജർ, 7.0 -ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, കണക്‌റ്റ് കാർ ടെക്‌നോളജി തുടങ്ങിയവ ടോപ്പ് സ്പെക്ക് എസെൻസ് കിറ്റിന് ലഭിക്കും, അതുപോലെ ഓരോ ട്രിമ്മിലും ലഭ്യമായ സവിശേഷതകൾ ഔട്ട്‌ഗോയിംഗ് വേരിയൻ്റുകൾക്ക് തുല്യമായിരിക്കും. ADAS സിസ്റ്റം, ആറ് എയർബാഗുകൾ, ABS + EBD, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ ഡിസൻ്റ് കൺട്രോൾ എന്നിവയാണ് മറ്റ് സുരക്ഷാ ഫീച്ചറുകൾ.
വാഹനത്തിന്റ എല്ലാ ട്രിമ്മുകളും ഒരേ 50.3 kWh ബാറ്ററി പായ്ക്കുമായിട്ടാണ് വരുന്നത്, ഇതിന് സിംഗിൾ ചാർജിൽ 461 കിലോമീറ്ററിൻ്റെ ARAI ഡ്രൈവിംഗ് റേഞ്ചാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്, കൂടാതെ ഒരു ഫ്രണ്ട് ആക്‌സിൽ ഘടിപ്പിച്ച 177 bhp പവർ പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോറും ഇതിലുണ്ട്.

ടാറ്റ നെക്‌സോൺ ഇവിയിൽ നിന്നും അടുത്തിടെ അപ്‌ഡേറ്റുകളോടെ മുഖം മിനുക്കി എത്തിയ മഹീന്ദ്ര XUV400 -ൽ നിന്നും വർധിച്ചുവരുന്ന മത്സരത്തിൻ്റെ പശ്ചാത്തലത്തിൽ, എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ ഇവികൾക്ക് ആവശ്യത്തിന് കസ്റ്റമേഴ്സ് ഉണ്ടെന്ന് ഉറപ്പാക്കുന്നതായി തോന്നുന്നു. എന്നിരുന്നാലും പണ്ടത്തേക്കാൾ പിന്നത്തെ അവസ്ഥയിൽ അനുദിനവും ഇന്ത്യൻ ഇവി സെഗ്മന്റ് വളരുകയാണ്.
ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ സാനിധ്യം തെളിയിക്കാനും വിപണി വിഹിതം മെച്ചപ്പെടുത്താനുമുള്ള ഒരുക്കതിതലാണ് പല പ്രമുഖ വാഹന നിർമ്മാതാക്കളും. എംജി മോട്ടോറിനെ കൂടാതെ ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടായി, കിയ, മാരുതി, ടൊയോട്ട എന്നിവ എല്ലാം പുത്തൻ ഇലക്ട്രിക് പദ്ധതികൾ ആവിഷ്കരിക്കുകയും പ്രവർത്തിക്കുകയുമാണ്. ചൈനീസ് വാഹന നിർമ്മാതാക്കളായ BYD ഉം ഇന്ത്യയിൽ തങ്ങളുടെ മോഡൽ നിര വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications








