7-സീറ്റർ സെഗ്മെന്റിൽ പിടിമുറുക്കാൻ എംജിയും; ഹെക്ടർ പ്ലസിന് രണ്ട് പുത്തൻ വേരിയന്റുകൾ കൂടി
എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ ഹെക്ടർ ലൈനപ്പിലേക്ക് രണ്ട് പുതിയ ഏഴ് -സീറ്റർ ഓപ്ഷനുകളുമായി വിപുലീകരിച്ചിരിക്കുകയാണ്. ഹെക്ടർ പ്ലസ് സെലക്ട് പ്രോ, സ്മാർട്ട് പ്രോ എന്നിവയ്ക്കാണ് ഏഴ് -സീറ്റർ ഓപ്ഷൻ പുതിയതായി നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. അങ്ങനെ ഇന്ത്യൻ വിപണിയിൽ സെവൻ സീറ്റർ സെഗ്മെന്റിലേക്ക് എംജിയും ചുവടു വെച്ചിരിക്കുകയാണ്. അങ്ങനെ ഇന്നോവ ഹൈക്രോസും, മാരുതി എർട്ടിഗയും, കിയ കാരെൻസും തുടങ്ങിയ മോഡലുകൾ അടക്കം വാഴുന്ന സെഗ്മെന്റിൽ ഒരു ഭാഗ്യപരീക്ഷണമാണോ എംജി ഉദ്ദേശിക്കുന്നത് എന്ന് വഴിയെ കണ്ടറിയാം.
സെവൻ സീറ്റർ ഹെക്ടർ പ്ലസ് സെലക്ട് പ്രോ വേരിയൻ്റിൽ CVT ട്രാൻസ്മിഷനുമായി ഘടിപ്പിച്ച 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് കമ്പനി ഫീച്ചർ ചെയ്യുന്നത്, അതേസമയം സ്മാർട്ട് പ്രോ വേരിയൻ്റിന് ആറ് -സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് നിർമ്മാതാക്കൾ നൽകുന്നത്.

കമ്പനി പുതുതായി അവതരിപ്പിച്ച ഹെക്ടർ പ്ലസ് ഏഴ് -സീറ്റർ സെലക്ട് പ്രോ, സ്മാർട്ട് പ്രോ വേരിയൻ്റുകൾ മത്സരാധിഷ്ഠിത വിലയ്ക്കാണ് നിർമ്മാതാക്കൾ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. രണ്ട് വേരിയൻ്റുകളിലും 14 ഇഞ്ച് HD പോട്രെയ്റ്റ് ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, 75-ലധികം കണക്റ്റഡ് കാർ ഫീച്ചറുകളുള്ള i-SMART സാങ്കേതികവിദ്യ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ എന്നിവ ഉൾപ്പെടുന്നു. ഇത് ചില പ്രീമിയം ഫീച്ചറുകൾ കുറഞ്ഞ വിലയ്ക്ക് കൈക്കലാക്കാൻ ഉപഭോക്താക്കളെ സഹായിക്കും.
ഹെക്ടർ പ്ലസ് ഏഴ് -സീറ്റർ സെലക്ട് പ്രോ, സ്മാർട്ട് പ്രോ വേരിയൻ്റുകൾക്ക് 18 ഇഞ്ച് ഡ്യുവൽ -ടോൺ മെഷീൻ കട്ട് അലോയി വീലുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫ്ലോട്ടിംഗ് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ എല്ലാം വാഗ്ദാനം ചെയ്തുകൊണ്ട് എംജി മോട്ടോർ കൂടുതൽ ആകർഷണം നൽകുന്നു.

ഇനി അകത്തളത്തിലേക്ക് പ്രവേശിക്കുമ്പോൾ, പ്രീമിയം സീറ്റ് അപ്ഹോൾസ്റ്ററി, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, വുഡ് ഫിനിഷ് എന്നിവ ഉപയോഗിച്ച് ക്യാബിൻ വളരെ മികവോടെ പരിഷ്കരിച്ചിരിക്കുന്നതായി കാണാനാവും. ഒരു അപ്പ്മാർക്കറ്റ് ഫീൽ ഇത് നൽകുന്നു എന്ന് നിസംശയം പറയാം. അതോടൊപ്പം 7.0 ഇഞ്ച് എംബഡഡ് എൽസിഡി സ്ക്രീൻ ഫീച്ചർ ചെയ്യുന്ന ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും വാഹനത്തിന് ലഭിക്കുന്നുണ്ട്.
പുഷ് -ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/ സ്റ്റോപ്പ് ഫംഗ്ഷനും തടസ്സമില്ലാതെ വാഹനത്തിൽ പ്രവേശിക്കാനുള്ള സ്‌മാർട്ട് കീയും സൗകര്യവും കംഫർട്ടും കൂടുതൽ വർധിപ്പിക്കുന്നു. ഹെക്ടർ സെവൻ സീറ്ററിന്റെ സ്‌മാർട്ട് പ്രോ വേരിയൻ്റ് ഒരു സെഗ്‌മെൻ്റ് -ഫസ്റ്റ് ഡിജിറ്റൽ ബ്ലൂടൂത്ത് കീ -ഷെയറിംഗ് ഫംഗ്ഷനും ഇതോടൊപ്പം അവതരിപ്പിക്കുന്നു.
ഇത് സൗകര്യവും സുരക്ഷയും ഇപ്പോഴത്തേക്കാൾ ഒരു പടി മേലെയുള്ള തലത്തിലേക്ക് എത്തിക്കുന്നു എന്ന് എംജി മോട്ടോർ അവകാശപ്പെടുന്നു. ലെതറെറ്റ് സീറ്റ് അപ്‌ഹോൾസ്റ്ററി പവർഡ് ഡ്രൈവർ സീറ്റ് എന്നിവ സഹിതമുള്ള ടു -ടോൺ ആർഗിൽ ബ്രൗൺ, ബ്ലാക്ക് തീമിലാണ് ഇൻ്റീരിയർ കമ്പനി ഒരുക്കിയിരിക്കുന്നത്.
ക്രൂയിസ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് (EPB), ഫോർ വീൽ ഡിസ്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ട്രാക്ഷൻ കൺട്രോൾ (TC), ഹിൽ അസിസ്റ്റ് കൺട്രോൾ (HAC), ABS വിത്ത് EBD, ബ്രേക്ക് അസിസ്റ്റ് (BA), ഫോളോ -മീ- ഹോം ഹെഡ്‌ലാമ്പുകൾ, കോർണറിംഗ് ഫ്രണ്ട് ഫോഗ് ലാമ്പുകൾ തുടങ്ങിയ ഫീച്ചറുകൾക്കൊപ്പം ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് വളരെ കാര്യമായ മുൻഗണന നൽകുന്നു.
പുതിയ വേരിയൻ്റുകൾക്ക് എംജി ഷീൽഡ് പ്രോഗ്രാമിൻ്റെ സപ്പോർട്ടുമുണ്ട് എന്നതും ശ്രദ്ധേയമാണ്, ഇത് ഉപഭോക്താക്കൾക്ക് വിൽപ്പനാനന്തര സേവന (ആഫ്റ്റർ സെയിൽസ് സർവ്വീസ്) ഓപ്ഷനുകൾ നൽകുന്നു. സെലക്ട് പ്രോ 1.5 ലിറ്റർ CVT പെട്രോൾ സെവൻ സീറ്ററിന് 19,71,800 രൂപയും, സ്മാർട്ട് പ്രോ 2.0 ലിറ്റർ ഡീസൽ ആറ് സ്പീഡ് മാനുവലിന് 20,64,800 രൂപയുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്ന എക്സ്-ഷോറൂം വില.


Click it and Unblock the Notifications








