2024 ഉത്സവ സീസണായി ഒരു സൈലന്റ് ബോംബ് തയ്യാറാക്കി എംജി; സംഗതി ഷോക്കിംഗാണ്
2019 -ൽ ഹെക്ടറിൻ്റെ സമാരംഭത്തോടെ ഇന്ത്യൻ വിപണിയിലേക്കുള്ള ചുവടു വെച്ച എംജി മോട്ടോർ രാജ്യത്തെ ഒരു പ്രമുഖ ബ്രാൻഡായി സ്വയം സ്ഥാപിച്ചിരിക്കുകയാണ്. ICE മോഡലുകൾ പോലെ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ നിരയിലും, എംജി മോട്ടോർ ഇന്ത്യ സജീവമായ സാനിധ്യമാണ്. നിലവിൽ ZS ഇവി, കോമെറ്റ് എന്നിവയാണ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്ന മോഡലുകൾ. ഉത്സവ സീസൺ അടുത്തിരിക്കെ, എംജി തങ്ങളുടെ മൂന്നാമത്തെ ഇലക്ട്രിക് വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
വളർന്ന് വരുന്ന സമ്പദ്‌വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ, ഇന്ത്യൻ ഉപഭോക്താക്കൾ തങ്ങളുടെ കാർ ഓണർഷിപ്പ് എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിലേക്ക് കൂടുതൽ ചായ്‌വ് കാണിക്കുന്നു. ഊർജ്ജസ്വലമായ പ്രകടനവും പരിസ്ഥിതി ബോധമുള്ള മുൻഗണനകളുമായി യോജിച്ചു പോകുന്നതുമായ ഇലക്ട്രിക് വാഹനങ്ങൾ ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പാസഞ്ചർ വാഹനങ്ങളുടെയും ഏകദേശം 2.0 ശതമാനം ഇവ വരും, ഇവികൾ വരും വർഷങ്ങളിൽ ഗണ്യമായ വളർച്ച കൈവിരക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ദശാബ്ദത്തിൻ്റെ അവസാനത്തോടെ വിപണിയുടെ ഏകദേശം 15 ശതമാനം മുതൽ 20 ശതമാനം വരെ ഇവി വിൽപ്പന നടത്തുമെന്നാണ് ഇൻഡസ്ട്രി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ പ്രവണത തിരിച്ചറിഞ്ഞ്, പല ഇന്ത്യൻ ഒറിജിനൽ എക്യുപ്മെന്റ് മാനുഫാക്ചേഴ്സും (OEMs) വിവിധ സെഗ്‌മെൻ്റുകളിലുടനീളം പുതിയ വാഹനങ്ങൾ, പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
എംജി മോട്ടോർ ഇന്ത്യയുടെ എംഡി രാജീവ് ചാബ ഈ വർഷം അവസാനം കമ്പനി പുതിയ ഇലക്ട്രിക് കാർ പുറത്തിറക്കും എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. SAIC മോട്ടോറും (എംജി മോട്ടോറിൻ്റെ മാതൃ കമ്പനി) സജ്ജൻ ജിൻഡാലിൻ്റെ നേതൃത്വത്തിലുള്ള JSW ഗ്രൂപ്പും തമ്മിലുള്ള തന്ത്രപരമായ സംയുക്ത കൂട്ടുകെട്ടിനെ തുടർന്ന് എംജി ബ്രാൻഡിന് കീഴിലുള്ള ആദ്യത്തെ വാഹനമായി ഈ വരാനിരിക്കുന്ന ഇവി എംജി മോട്ടോറിൻ്റെ ഇന്ത്യയിലെ എക്സ്പാൻഷൻ ശ്രമങ്ങളിൽ ഒരു സുപ്രധാന മുന്നേറ്റം അടയാളപ്പെടുത്തുന്നു.

നിലവിൽ, എംജി മോട്ടോർ ഇന്ത്യയുടെ വിൽപ്പന അളവിൻ്റെ 25 ശതമാനം സംഭാവന ചെയ്യുന്നത് ഇവികളാണ്. വരാനിരിക്കുന്ന ഇലക്ട്രിക് വാഹന ലോഞ്ച് ഈ വിഹിതം കൂടുതൽ വർധിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഈ പുതിയ ഇലക്ട്രിക് ഓഫറിനായി തങ്ങളുടെ നിർമ്മാണ കഴിവുകൾ, വിലനിർണ്ണയ തന്ത്രങ്ങൾ, മൊത്തത്തിലുള്ള ഉൽപ്പന്ന വൈദഗ്ദ്ധ്യം എന്നിവ പ്രയോജനപ്പെടുത്താൻ എംജി മോട്ടോർ ലക്ഷ്യമിടുന്നു.
ഗുജറാത്തിലെ എംജിയുടെ ഹാലോൾ പ്ലാൻ്റിൽ ഉൽപ്പാദനശേഷി വർധിപ്പിക്കാൻ സാധ്യതയുണ്ട് എന്നും സൂചനയുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയിൽ 60,000 വാഹനങ്ങൾ വിറ്റഴിച്ചതോടെ, 2024 -ൽ പ്രൊഡക്ഷൻ കപ്പാസിറ്റി 80,000 മുതൽ 90,000 യൂണിറ്റായി കമ്പനി വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 35 ശതമാനം ഓഹരി കൈവശമുള്ള JSW ഗ്രൂപ്പിൽ നിന്നുള്ള ക്യാപ്പിറ്റലിൻ്റെ ഇൻഫ്യൂഷൻ, എക്സ്പാൻഷന് ആവശ്യമായ പ്രചോദനം എംജിക്ക് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

എംജി മോട്ടോർ ഇന്ത്യ 2025 അവസാനത്തോടെ തങ്ങലഉടെ മോഡൽ നിര ഇരട്ടിയാക്കാൻ ഒരുങ്ങുന്നു, 2024 -ലെ ഉത്സവ സീസണിൽ ഒരു പുതിയ ഇലക്ട്രിക് വാഹനം കമ്പനി അവതരിപ്പിക്കും. 2023 ഓട്ടോ എക്‌സ്‌പോയിലെ പ്രദർശനം കണക്കിലെടുത്ത്, ഈ വർഷം ലോഞ്ച് ചെയ്യപ്പെടാൻ സാധ്യതയുള്ള വാഹനങ്ങളിൽ MG4 ഇലക്ട്രിക് ഹാച്ച്ബാക്ക് , MG5 ഇലക്ട്രിക് എസ്റ്റേറ്റ് കാർ, അല്ലെങ്കിൽ മിഫ 9 ഇലക്ട്രിക് എംപിവി എന്നിവ ഉൾപ്പെടുന്നു.
ഇന്ത്യൻ ജനതയുടെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്ന പ്രവണതകളും മുൻഗണനകളും കണക്കിലെടുക്കുമ്പോൾ, എംജി ഇന്ത്യയിൽ ബോയ്ജൂൺ യെപ് e-എസ്‌യുവി അവതരിപ്പിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. കോമെറ്റ് എന്ന പേരിൽ ഇന്ത്യയിൽ അവതരിപ്പിച്ച വുലിംഗ് എയർ ഇവിയെ അടിസ്ഥാനമാക്കി, അതിൻ്റെ ആകർഷകമായ രൂപകല്പനയും സ്റ്റൈലിംഗും താരതമ്യേന താങ്ങാനാവുന്ന വിലയും എംജി മോട്ടോർ ഇന്ത്യയുടെ വിന്നിംഗ് ഫോർമുലയാണ് എന്ന് തെളിയിക്കാനാകും.


Click it and Unblock the Notifications








