കാർണിവലിനും വെൽഫയറിനും പ്രീമിയം പണിയുമായി എംജി; മാഫിയ ലുക്കും മനംമയക്കും ഫീച്ചറുകളുമായി അങ്കത്തിനൊരുങ്ങി മിഫ
രാജ്യത്ത് തങ്ങളുടെ സാനിധ്യം കൂടുതൽ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് എംജി മോട്ടോർ, അതിന്റെ ആദ്യപടി എന്നവണ്ണം JSW ഗ്രൂപ്പുമായി ഒരു കൂട്ടുകെട്ടുണ്ടാക്കി, അതിനു ശേഷം എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ പ്രീമിയം റീട്ടെയിൽ ശൃംഖലയായ എംജി സെലക്‌റ്റിൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്, പുതിയ പ്രീമിയം നെറ്റ്‌വർക്ക് വഴി ബ്രാൻഡ് വിൽക്കുന്ന ആദ്യത്തെ ഉൽപ്പന്നം സൈബർസ്റ്റർ റോഡ്‌സ്റ്ററായിരിക്കും എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിനു ശേഷം പ്രീമിയം മോഡലായ മിഫ 9 എംപിവിയാവും എംജി സെലക്റ്റിന്റെ ഭാഗമായി നിർമ്മാതാക്കൾ അവതരിപ്പിക്കുന്നത്.
മുമ്പ് 2023 ഓട്ടോ എക്‌സ്‌പോയിൽ ഈ ആഡംബര ഇലക്ട്രിക് എംപിവി എംജി മോട്ടോർ ഇന്ത്യ പ്രദർശിപ്പിച്ചിരുന്നു. ജനുവരിയിൽ നടത്താനിരിക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ വീണ്ടും വാഹനം പ്രദർശിപ്പിക്കും. 2025 മാർച്ചിൽ വാഹനത്തിന്റെ ലോഞ്ച് പ്രതീക്ഷിക്കാം, മിഫ 9 -ന് ഏകദേശം 65 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രത്യക്ഷത്തിൽ, എംജിയുടെ പുതിയ റീട്ടെയിൽ നെറ്റ്‌വർക്കിന് ഒരു ആഡംബര വാൻ ഒരു മുഖമുദ്ര പതിക്കുന്ന മോഡലായിരിക്കില്ല എന്ന് തോന്നാം, എന്നാൽ മിഫ 9 തിരഞ്ഞെടുത്തത് എംജി സെലക്‌ട് ബിസിനസ് പ്ലാനുമായി നന്നായി യോജിക്കുന്നു എന്ന് പറയാം, അതിനു കാരണവുമുണ്ട്. 'ന്യൂ-ഏജ് ലക്ഷ്വറി' വാഗ്ദാനം ചെയ്യുന്ന 'ന്യൂ എനർജി വെഹിക്കിൾസ്' അല്ലെങ്കിൽ ' (NEVs) വിൽക്കുക എന്നതാണ് സെലക്റ്റിന്റെ ലക്ഷ്യം.
രാജ്യത്ത് തങ്ങളുടെ ഈ ശൃംഖലയുടെ പ്രവർത്തനങ്ങളുടെ തുടക്കത്തിൽ 12 പ്രധാന നഗരങ്ങളെ മാത്രം ലക്ഷ്യമിടാനും എംജി മോട്ടോർ പദ്ധതിയിടുന്നു; അതിനാൽ, ഒരു പ്രീമിയം എക്സ്ക്ല്യൂസീവ് ഓഫർ എന്നത് ഈ പദ്ധതിയുമായി നന്നായി യോജിക്കുന്നു. അതോടൊപ്പം ഇന്ത്യയിൽ ആഡംബര എംപിവികൾ ഇടം നേടുന്നു എന്നതും എംജിയ്ക്ക് ശുഭസൂചനയാണ്.
ടൊയോട്ട പ്രതിമാസം ഏകദേശം 100 വെൽഫയറുകൾ വിൽക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്, കൂടാതെ കിയയ്ക്ക് 3,000 കാർണിവലുകൾക്കുള്ള ഓർഡറുകളും ലഭിച്ചു എന്നും കമ്പനി അവകാശപ്പെടുന്നു, അതിനാൽ പ്രതിമാസം 300 യൂണിറ്റുകളുടെ ആസൂത്രിത ഉൽപ്പാദനമാണ് എംജി ഇപ്പോൾ ലക്ഷ്യമിടുന്നത്. വലിയ കോംപറ്റീഷനില്ലാത്ത ഈ സെഗ്മെന്റിൽ മാന്യമായ ഒരു വിഹിതം കമ്പനിയ്ക്ക് പ്രതീക്ഷിക്കാം.
ആദ്യമായി 2021 -ലാണ് ഒരു ഓൾ-ഇലക്‌ട്രിക് മോഡലായി മിഫ 9 പുറത്തിറക്കിയത്, തുടർന്ന് G90 എന്ന് വിളിക്കപ്പെടുന്ന ഒരു ഇന്റേണൽ കംബഷൻ (ICE) പതിപ്പും വിപണിയിൽ എത്തി. ICE പതിപ്പിന് 2.0 ലിറ്റർ പെട്രോൾ അല്ലെങ്കിൽ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ മൈൽഡ്-ഹൈബ്രിഡ് സിസ്റ്റത്തോട് കൂടിയാണ് വരുന്നത്. എംജിയുടെ ഇലക്‌ട്രിക് വിഭാഗത്തിലേക്കുള്ള ശ്രദ്ധയും സ്ട്രോംഗ് ഹൈബ്രിഡുകൾ വാഗ്ദാനം ചെയ്യാനുള്ള പദ്ധതിയും കണക്കിലെടുക്കുമ്പോൾ, G90 ഇന്ത്യയിലേക്ക് എത്താൻ സാധ്യതയില്ല.

മിഫ 9 ഇവിയാവും ഇവിടേക്ക് എത്തുക, ഇലക്ട്രിക് മോഡലിന് 90 kWh ലിഥിയം ബാറ്ററിയുള്ള ഫ്രണ്ട്-മോട്ടോർ ഫ്രണ്ട്-വീൽ-ഡ്രൈവ് സജ്ജീകരണമാണുള്ളത്. ഇലക്ട്രിക് മോട്ടോർ 245 bhp മാക്സ് പവറും 350 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു, കൂടാതെ കമ്പനി അവകാശപ്പെടുന്ന WLTP ഡ്രൈവിംഗ് റേഞ്ച് എന്നത് 430 കിലോമീറ്ററാണ്.
മിഫ 9 ഒരു വലിയ വാഹനമാണ്, 5,200 mm നീളവും 2,000 mm വീതിയും 1,800 mm ഉയരവും വാഹനത്തിനുണ്ട്. ഇത് കോംപറ്റീഷനായ കിയ കാർണിവലിനെക്കാൾ വലുതും വെൽഫയറിനേക്കാൾ നീളവും വീതിയുമുള്ളതാണ് എന്നത് ശ്രദ്ധിക്കണം. അകത്തുള്ള സ്പെയ്സും വളരെ ധാരാളമാണ്, കൂടാതെ മിഫ 9 എംപിവി ഏഴ്, എട്ട് സീറ്റർ ലേയൗട്ടുകൾ വാഗ്ദാനം ചെയ്യുന്നു.

സെഗ്‌മെൻ്റിലെ മറ്റു മോഡലുകളെ പോലെ, മിഫ 9 എംപിവിയും ഫീച്ചർ ലോഡഡാണ്. ഹീറ്റിംഗ്, വെൻ്റിലേഷൻ, മസാജ് എന്നിവയുള്ള പവർഡ് ഫ്രണ്ട് ആൻഡ് റിയർ സീറ്റുകൾ, ഫോൾഡ്-ഔട്ട് ഒട്ടോമൻ സീറ്റുകൾ, പവർഡ് റിയർ-സ്ലൈഡിംഗ് ഡോറുകൾ, ട്വിൻ സൺറൂഫുകൾ, റിയർ എൻ്റർടെയിൻമെൻ്റ് സ്‌ക്രീനുകൾ എന്നിവയും വാഹനത്തിലുണ്ട്.


Click it and Unblock the Notifications








