ടാറ്റ പൊടിക്ക് അടങ്ങിക്കോ! ഈ കമ്പനി വില്‍ക്കുന്നത് 70 ശതമാനവും ഇവികള്‍, ക്ലിക്കായത് ആ തന്ത്രം
2024 നവംബര്‍ മാസത്തെ കാര്‍ വില്‍പ്പന കണക്കുകള്‍ പുറത്തു വന്നിരിക്കുകയാണ്. ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളില്‍ ഒരാളായ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ (JSW MG Motor India) കഴിഞ്ഞ മാസവും വില്‍പ്പനയില്‍ നേട്ടമുണ്ടാക്കി. ശ്രദ്ധേയമായ സംഗതി എന്തെന്നാല്‍ തുടര്‍ച്ചയായി രണ്ടാം മാസവും എംജിയുടെ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍പ്പനയില്‍ ഐസി എഞ്ചിന്‍ വാഹനങ്ങളെ മറികടന്നു. നൂതനമായ വാഹനങ്ങള്‍ പുറത്തിറക്കുന്നതോടൊപ്പം അതിനൂതനമായ വില നിര്‍ണയ തന്ത്രങ്ങള്‍ കൂടി പയറ്റുന്നത് വിജയം കാണുമെന്നാണ് എംജി തെളിയിക്കുന്നത്. കഴിഞ്ഞ മാസം ബ്രാന്‍ഡിന്റെ കാറുകളുടെ വിശദമായ വില്‍പ്പന കണക്കുകള്‍ നമുക്ക് ചുവടെ പരിശോധിക്കാം.
2024 നവംബറില്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ മൊത്തം 6019 കാറുകളാണ്് വിറ്റഴിച്ചത്. 12 മാസം മുമ്പ് വിറ്റ 4154 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വോളിയം വര്‍ധന 1865 യൂണിറ്റാണ്. 44.90 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. അതേസമയം ഉത്സവകാലമായിരുന്ന 2024 ഒക്ടോബറുമായി തട്ടിച്ച് നോക്കുമ്പോള്‍ വില്‍പ്പന ഇടിഞ്ഞു. 2024 ഒക്ടോബറിലെ 7045 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 14.56 ശതമാനമാണ് വില്‍പ്പന ഇടിവ്.

തുടര്‍ച്ചയായി രണ്ടാം മാസവും എംജിയുടെ ബെസ്റ്റ് സെല്ലര്‍ മോഡലായി മാറിയത് വിന്‍ഡ്സര്‍ ഇവിയാണ്. 3144 യൂണിറ്റ് വില്‍പ്പനയാണ് കഴിഞ്ഞ മാസം രാജ്യത്തെ ആദ്യത്തെ ക്രോസ്ഓവര്‍ യൂടിലിറ്റി വെഹിക്കിള്‍ (സിയുവി) സ്വന്തമാക്കിയത്. കഴിഞ്ഞ മാസത്തെ എംജിയുടെ മെത്തം വില്‍പ്പനയുടെ 52.23 ശതമാനവും സംഭാവന ചെയ്തത് വിന്‍ഡ്സര്‍ ഇവിയാണ്.
വിന്‍ഡ്‌സര്‍ ഇവിയുടെ വില്‍പ്പന പ്രകടനമെടുത്താല്‍ 2024 ഒക്ടോബറില്‍ 3,116 യൂണിറ്റില്‍ നിന്ന് 0.9 ശതമാനം വളര്‍ച്ചയോടെ 2024 നവംബറില്‍, 3,144 യൂണിറ്റ് വിതരണം ചെയ്തു. സ്ഥിരമായ ഡിമാന്‍ഡും ഉല്‍പാദനവും വില്‍പ്പന വളര്‍ച്ച പ്രകടമാക്കി.ഫുള്‍ ഇലക്ട്രിക് അല്ലെങ്കില്‍ വൈദ്യുതീകരിച്ച പവര്‍ട്രെയിന്‍ ഉള്ള വാഹനങ്ങളെ ന്യൂ എനര്‍ജി വെഹിക്കിളുകള്‍ (എന്‍ഇവി) എന്നാണ് എംജി വിളിക്കുന്നത്. വിന്‍ഡ്സറിനെ കൂടാതെ ZS ഇവി, കോമെറ്റ് ഇവി എന്നിവയാണ് എംജിയുടെ എന്‍ഇവി മോഡല്‍ നിരയിലെ മറ്റ് വാഹനങ്ങള്‍.

2024 നവംബറില്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പനയുടെ 70% എന്‍ഇവികള്‍ ആയിരുന്നു. അതേസമയം വില്‍പ്പനയുടെ 30% പരമ്പരാഗത ഐസിഇ വാഹനങ്ങള്‍ സംഭാവന ചെയ്തു. ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ആസ്റ്റര്‍, ഗ്ലോസ്റ്റര്‍ എന്നിവ ചേര്‍ത്ത് കഴിഞ്ഞ മാസം എംജി 1805 ഐസിഇ വാഹനങ്ങളാണ് വിറ്റത്. അതേസമയം 4214 എന്‍ഇവികളാണ് ഷോറൂമില്‍ നിന്നിറങ്ങിയത്.
ഇലക്ട്രിക് മൊബിലിറ്റിയോട് എംജി കാണിക്കുന്ന പ്രതിബദ്ധതയും ബാറ്ററി ആസ് എ സര്‍വീസ് പോലുള്ള നൂതന തന്ത്രങ്ങളും ഫലം കാണുന്നുവെന്നാണ് നമ്മള്‍ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. കുറഞ്ഞ ചെലവില്‍ ഇവി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എംജി ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. ബാറ്ററി വാടകയ്ക്ക് എടുക്കുന്ന സര്‍വീസ് എന്ന് ഇതിനെ ലളിതമായി പറയാം.

ഇവി വാങ്ങുന്നതിലെ പ്രാരംഭ ചെലവ് ഗണ്യമാക്കി കുറയ്ക്കുന്ന ഈ പദ്ധതിക്ക് കീഴില്‍ ഉപഭോക്താക്കള്‍ ഓടുന്ന ദൂരത്തിന് ബാറ്ററി വാടക നല്‍കണം. എംജി കോമറ്റ് ഇവിക്ക് കിലോമീറ്ററിന് 2.5 രൂപയും വിന്‍ഡ്സറിന് 3.5 രൂപയും ZS ഇവിക്ക് 4.5 രൂപയുമാണ് ബാറ്ററി വാടക. ബാസ് പ്രോഗ്രാമിന് കീഴില്‍ കോമെറ്റ് ഇവി, വിന്‍ഡ്സര്‍, ZS ഇവി എന്നിവ യഥാക്രമം 4.99 ലക്ഷം, 9.99 ലക്ഷം, 13.99 ലക്ഷം രൂപയ്ക്ക് കിട്ടും.
ഇവി വാങ്ങാനുള്ള പ്രാരംഭ ചെലവ് കുറയ്ക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ ഇത് നന്നായി ഉപയോഗപ്പെടുത്തുന്നുവെന്ന് മനസ്സിലാക്കാം. വിന്‍ഡ്‌സറിന്റെ ലോഞ്ചിന്റെ ഭാഗമായി ഒരു വര്‍ഷത്തേക്ക് ചാര്‍ജിംഗ് സൗജന്യമാക്കുന്ന ഓഫറുകളും എംജി നല്‍കിയിരുന്നു. മറുവശത്ത് നമ്പര്‍ 1 ഇവി നിര്‍മാതാക്കളായ ടാറ്റ ബാസ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നില്ല. ഇതും എംജിക്ക് ഗുണകരമായി എന്ന് ഉറപ്പിച്ച് പറയാം.


Click it and Unblock the Notifications








