കുറഞ്ഞ വിലയിൽ ഒരു സ്പോർട്സ് കാർ; പുത്തൻ മോഡലിനെ വെളിപ്പെടുത്താനൊരുങ്ങി എംജി
എംജി മോട്ടോർ ഇന്ത്യ അടുത്തിടെ തങ്ങളുടെ ഹോം മാർക്കറ്റിൽ ലോഞ്ച് ചെയ്ത സൈബർസ്റ്റർ ഇലക്ട്രിക് സ്‌പോർട്‌സ് കാർ ഇന്ത്യയിലും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. മാർച്ച് 20 -ന് അതായത് ഇന്ന് മുംബൈയിൽ വാഹനത്തിന്റെ ഔദ്യോഗിക ഷോകേസ് നടക്കും. ഇന്ത്യൻ വിപണിയിലെ തങ്ങളുടെ ഭാവി പദ്ധതികളെക്കുറിച്ചും എംജി മോട്ടോർ ഈ ചടങ്ങിൽ ചർച്ച ചെയ്യും എന്നാണ് റിപ്പോർട്ട്.
സൈബർസ്റ്ററിൻ്റെ ലോഞ്ച് ഇനിയും കുറച്ച് സമയമുള്ളതിനാൽ, ടൊയോട്ട-ലെക്‌സസിന് സമാനമായ ഒരു പ്രീമിയം ബ്രാൻഡിംഗിന് കീഴിലോ അല്ലെങ്കിൽ മാരുതി സുസുക്കിയുടെ അരീന, നെക്‌സ ഡീലർഷിപ്പുകൾക്ക് സമാനമായ ഒരു പുതിയ പ്രീമിയം റീട്ടെയിൽ ചാനലിലൂടെയോ ഈ മോഡലിനെ അവതരിപ്പിക്കാൻ എംജി മോട്ടോർ ഇന്ത്യ ആലോചിക്കുന്നു.

ഇലക്ട്രിക് സ്‌പോർട്‌സ് കാർ സെഗ്‌മെൻ്റിലേക്കുള്ള എംജിയുടെ ചുവടുവെയ്പ്പിനെ സൈബർസ്റ്റർ അടയാളപ്പെടുത്തുന്നു. 2024 സമ്മർ സീസണിൽ അന്താരാഷ്ട്ര തലത്തിൽ വാഹനത്തിന്റെ വിൽപ്പന ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ശക്തമായ ഡ്യുവൽ മോട്ടോർ സജ്ജീകരണം ഫീച്ചർ ചെയ്യുന്ന ഇവി 535 bhp വരെ മാക്സ് പവറും 725 Nm പീക്ക് torque ഉം നൽകുന്നു.
വെറും 3.2 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സ്പോർട്സ് കാറിന് കഴിയും. 77 kWh ബാറ്ററി പായ്ക്കുമായി വരുന്ന സൈബർസ്റ്റർ സിംഗിൾ ചാർജിൽ പരമാവധി 580 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 64 -kWh ബാറ്ററി പായ്ക്കിനൊപ്പം വരുന്ന സൈബർസ്റ്ററിൻ്റെ സിംഗിൾ മോട്ടോർ RWD വേരിയൻ്റും എംജി മോട്ടോർ വാഗ്ദാനം ചെയ്യും.

സിംഗിൾ മോട്ടോർ സെറ്റപ്പ് 308 bhp മാക്സ് പവർ പമ്പ് ചെയ്യുകയും മൊത്തം 520 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുകയും ചെയ്യും. ഡ്യുവൽ മോട്ടോർ വേരിയൻ്റിന് 1,985 കിലോഗ്രാം ഭാരം വരുമ്പോൾ, സിംഗിൾ മോട്ടോർ പതിപ്പിന് ഏകദേശം 1,850 കിലോഗ്രാം ഭാരമാണുള്ളത്.
2021 -ലാണ് സൈബർസ്റ്റർ ആദ്യമായി ഒരു കൺസെപ്റ്റ് രൂപത്തിൽ കമ്പനി പ്രദർശിപ്പിച്ചു, 2023 ലെ ഗുഡ്‌വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡിൽ ഇത് അരങ്ങേറ്റം കുറിച്ചു. വാഹനത്തിന്റെ അളവുകളെക്കുറിച്ച് പറയുകയാണെങ്കിൽ, ഒരു പ്യുവർ ഇലക്ട്രിക് സ്കേറ്റ്ബോർഡ് പ്ലാറ്റ്ഫോമിൽ ഒരുക്കിയിരിക്കുന്ന സൈബർസ്റ്റർ, 4,533 mm നീളവും 1,912 mm വീതിയും 1,328 mm ഉയരവുമായി വരുന്നു, കൂടാതെ 2,689 mm വീൽബേസും ഇതിനുണ്ട്.

പുതിയ ഡിസൈനും ഓപ്പൺ ടോപ്പും എംജി സൈബർസ്റ്ററിനുണ്ട്. എംജിയുടെ സ്പോർട്ടിംഗ് പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിൻ്റെ ഡിസൈൻ വന്നിരിക്കുന്നത്. കാറിൻ്റെ മുൻവശത്ത് സ്വെപ്റ്റ് ബാക്ക് ഹെഡ്‌ലൈറ്റുകളും ഒന്നിലധികം എയർ ഇൻടേക്കുകളുള്ള വലിയ ബമ്പറും ഉൾപ്പെടുന്നു. പെറ്റൽ ഷെയ്പ്പ്ഡ് അലോയി വീലുകൾ, ഫാബ്രിക് സോഫ്റ്റ് ടോപ്പ്, സിസർ ഡോറുകൾ എന്നിവ കാറിൻ്റെ സവിശേഷമായ ഡിസൈൻ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.
കാറിൻ്റെ സൈഡ് പ്രൊഫൈലിലേക്ക് നീങ്ങുമ്പോൾ വളരെ സ്മൂത്തായ സർഫസുകളും, മികവുറ്റ പിൻഭാഗവും, സൈഡ് സ്കേർട്ടുകളും കാണാം. A -പില്ലറിൽ നിന്ന് പിന്നിലേക്ക് പോകുന്ന കാറിൻ്റെ ബോഡി ലൈനിനൊപ്പം ഡോർ ഹാൻഡിലുകൾ ഭംഗിയായി സംയോജിപ്പിച്ചിരിക്കുന്നു. വാഹനത്തിൻ്റെ റിയർ എൻ്റിൽ ആരോ ഷെയിപ്പിലുള്ള ടെയിൽലൈറ്റുകൾ, റെക്ടാംഗുലാർ ലൈറ്റ് ബാർ, സ്പ്ലിറ്റ് ഡിഫ്യൂസർ എന്നിവയുമുണ്ട്.

കാറിനുള്ളിലേക്ക് കടന്നാൽ, ബട്ടണുകളുള്ള ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലും ഇൻഫോടെയിൻമെൻ്റിനും ഡ്രൈവിംഗ് ഡാറ്റയ്ക്കുമായി മൂന്ന് ഡിജിറ്റൽ സ്‌ക്രീനുകളും നമുക്ക് കാണാനാവും. റൂഫ് മെക്കാനിസം, ഡ്രൈവ് സെലക്ടർ, HVAC എന്നിവയ്‌ക്കായുള്ള മറ്റൊരു സ്‌ക്രീനും ബട്ടണുകളും സെൻ്റർ കൺസോളിൽ ഘടിപ്പിച്ചിരിക്കുന്നു. ഒരു പ്രീമിയം അപ്പ്മാർക്കറ്റ് ഫീൽ ഇത് നൽകുന്നു.
സൈബർസ്റ്റർ ഒരു "താങ്ങാനാവുന്ന" സ്‌പോർട്‌സ്‌കാർ എന്ന ലേബലിലാണ് കമ്പനി എത്തിക്കുന്നത്, ഏകദേശം 60 ലക്ഷം രൂപയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന ആരംഭ വില എന്നത്. വിലയുടെ അടിസ്ഥാനത്തിൽ, കിയ EV6, ഹ്യുണ്ടായി അയോണിക് 5, ഇപ്പോൾ പുറത്തിറക്കിയ BYD സീൽ തുടങ്ങിയ സെഗ്‌മെൻ്റിലെ പ്രശസ്തരായ എതിരാളികളുമായി സൈബർസ്റ്റർ മത്സരിക്കും.


Click it and Unblock the Notifications








