ഫോർച്ച്യൂണറിനേക്കാൾ വിലക്കുറവിൽ ഒരു സ്പോർട്സ് കാർ; സൈബർസ്റ്റർ ഇവി ഇന്ത്യയിൽ അവതരിപ്പിച്ച് എംജി
എംജിയുടെ ഐതിഹാസിക യോഗ്യതകളും JSW -ന്റെ പ്രാദേശിക നിർമ്മാണ വൈദഗ്ധ്യവും സമന്വയിപ്പിച്ചുകൊണ്ട്, JSW എംജി മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സംയുക്ത സംരംഭം ഇന്ത്യയിൽ എംജി വാഹനങ്ങളുടെ ഒരു പുതിയ യുഗത്തിന് തുടക്കമിടാൻ തയ്യാറെടുക്കുകയാണ്. ഗുജറാത്തിലെ എംജിയുടെ ഹാലോൾ പ്ലാൻ്റിലെ ഒരു ലക്ഷം വാർഷിക ഉത്പാദന ശേഷി മൂന്ന് ലക്ഷം യൂണിറ്റായി ഉയർത്തും.
2024 സെപ്തംബർ മുതൽ ഓരോ മൂന്നോ നാലോ മാസം കൂടുമ്പോൾ ഒരു പുതിയ മോഡൽ കൊണ്ടുവരും എന്ന് സജ്ജൻ ജിൻഡാൽ ചടങ്ങിൽ വെളിപ്പെടുത്തി. എംജി മോട്ടോർ തങ്ങളുടെ ഇന്ത്യൻ മോഡൽ നിരയെ വലിയ രീതിയിൽ വിപുലീകരിക്കാൻ പദ്ധതിയിടുകയാണ്. JSW -യുമായുള്ള സമീപകാല പങ്കാളിത്തം കമ്പനിക്ക് കൂടുതൽ ആത്മവിശ്വാസവും അതിൻ്റെ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനുള്ള റിസോഴ്സുകളും നൽകുന്നു.

അത്തരത്തിൽ വരാനിരിക്കുന്ന ഉൽപ്പന്നങ്ങളിൽ ഒന്നാണ് എംജി സൈബർസ്റ്റർ ഇലക്ട്രിക് സ്പോർട്സ് കാർ. കമ്പനി മുംബൈയിൽ നടത്തിയ പരിപാടിയിൽ ഈ ഇലക്ട്രിക് സ്പോർട്സ് കാർ പ്രദർശിപ്പിച്ചു. സ്‌പോർട്‌സ് കാറുകൾ എന്നും സ്റ്റൈലിൻ്റെയും എലഗെൻസിന്റെയും പര്യായമാണ്, എംജി സൈബർസ്റ്ററും ഇക്കാര്യത്തിൽ ഒട്ടും പിന്നിൽ അല്ല.
കമ്പനിക്ക് 1924 മുതൽ വളരെ സമ്പന്നമായ ഒരു സ്പോർട്സ് പരമ്പരയുണ്ട്. എംജി സൈബർസ്റ്ററിൻ്റെ ബോൾഡും ക്ലാസിക്കുമായ ഡിസൈനിലും ഇത് പ്രതിഫലിക്കുന്നു. വലിയ എയർ ഇൻടേക്കുകളുള്ള ഒരു എയറോഡൈനാമിക് ഫ്രണ്ട് ഫാസിയ, സ്വീപ്‌ബാക്ക് ഹെഡ്‌ലാമ്പുകൾ, ചിസൽഡ് ബോണറ്റ് എന്നിവ വാഹനത്തിന്റെ സ്റ്റൈലിംഗിലെ ചില പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

സ്‌പോർട്ടി പെറ്റൽ ഷെയിപ്പിൽ വരുന്ന അലോയി വീലുകൾ, സൈഡ് സ്കേർട്ടുകൾ, സിസർ ടൈപ്പ് ഡോറുകൾ, ഫാബ്രിക് സോഫ്റ്റ് ടോപ്പ്, സ്മൂത്ത് ബോഡി പാനലിംഗ് എന്നിവയാണ് സൈഡ് പ്രൊഫൈലിന്റെ ഹൈലൈറ്റുകൾ. പിൻഭാഗത്ത്, എംജി സൈബർസ്റ്ററിന് പൂർണ്ണ വീതി കവർ ചെയ്യുന്ന റെക്ടാംഗുലാർ ലൈറ്റ് ബാറും ആരോ ഷെയിപ്പിലുള്ള ടെയിൽ ലൈറ്റുകളും മസ്കുലാർ സ്പ്ലിറ്റ് ഡിഫ്യൂസറും ലഭിക്കുന്നു.
അകത്തളത്തിൽ എല്ലായിടത്തും സോഫ്റ്റ് ടച്ച് മെറ്റീരിയലുകളും ലെതർ റാപ്പ്ഡ് ഘടകങ്ങളും ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഒരു ലക്ഷ്വറി ഫീൽ നൽകിയേക്കാം. കോക്ക്പിറ്റ് ഏരിയ ആധുനിക ഗെയിമിംഗ് ഏസ്തെറ്റിക്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു. ഇന്റഗ്രേറ്റഡ് ഇൻഫോടെയിൻമെൻ്റും ഇൻസ്ട്രുമെൻ്റ് സ്‌ക്രീനും, ലെതർ റാപ്പ്ഡ് ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, മൗണ്ടഡ് കൺട്രോളുകളും ഡ്രൈവ് സെലക്ടറിനുള്ള ഫിസിക്കൽ ബട്ടണുകളും, സോഫ്റ്റ് ടോപ്പ് ഓപ്പറേഷൻ, HVAC കൺട്രോളുകൾ എന്നിവ ചില പ്രധാന ഇന്റീരിയർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

വളരെ പ്രൊമിനെന്റായ സെൻ്റർ കൺസോൾ ഡ്രൈവർ, പാസഞ്ചർ വിഭാഗം വളരെ ഭംഗിയായി വേർതിരിക്കുന്നു. എംജിയുടെ ആദ്യത്തെ ഇലക്ട്രിക് സ്പോർട്സ് കാർ ആയതിനാൽ, ആവേശകരമായ എക്സ്പീരിയൻസ് നൽകുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. എംജി സൈബർസ്റ്റർ ആദ്യമായി 2021 -ലാണ് ഒരു കൺസെപ്റ്റ് രൂപത്തിൽ പ്രദർശിപ്പിച്ചത്, പിന്നീട് ഇത് 2023 -ലെ ഗുഡ്‌വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡിൽ വാഹനം അനാച്ഛാദനം ചെയ്തു.
4,533 mm നീളവും 1,912 mm വീതിയും 1,328 mm ഉയരവുമുള്ള എംജി സൈബർസ്റ്റർ സ്പോർട്സ് കാറിന് വളരെ ഡൈനാമിക് റോഡ് പ്രെസൻസുണ്ട്. കൂടാതെ ഇതിന് 2,689 mm വീൽബേസുമുണ്ട്. ഇലക്ട്രിക് സ്പോർട്സ് കാർ പ്യുവർ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിലാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

രണ്ട് വേരിയൻ്റുകളിൽ എംജി സൈബർസ്റ്റർ മോഡലിനെ വിപണിയിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എൻട്രി ലെവൽ മോഡലിന് സിംഗിൾ മോട്ടോർ RWD സെറ്റപ്പ് ഉണ്ടായിരിക്കും. 520 കിലോമീറ്റർ റേഞ്ചുള്ള 64 -kWh ബാറ്ററി പായ്ക്ക് ഇതിൽ സജ്ജീകരിക്കും. ഈ പായ്ക്കിന്റെ പവർ ഔട്ട്പുട്ട് എന്നത് 308 bhp ആയിരിക്കും. എംജി സൈബർസ്റ്ററിൻ്റെ സിംഗിൾ മോട്ടോർ വേരിയൻ്റിന് 1,850 കിലോഗ്രാം ഭാരവും വരാം.
എംജി സൈബർസ്റ്റർ സ്പോർട്സ് കാറിൻ്റെ ടോപ്പ് സ്പെക്ക് AWD വേരിയൻ്റിന് ഓരോ ആക്സിലിനും ഒന്നുവീതം, ഡ്യുവൽ മോട്ടോർ സജ്ജീകരണമുണ്ട്. 1,985 കിലോഗ്രാം ഭാരമുള്ള ഈ വേരിയന്റിൽ 77 kWh ബാറ്ററി പായ്ക്കാണ് വരുന്നത്. 535 bhp പരമാവധി കരുത്തും 725 Nm പീക്ക് torque ആണ് ഈ സജ്ജീകരണത്തിലെ പെർഫോമെൻസ് സംഖ്യകൾ.

CLTC സൈക്കിൾ അനുസരിച്ച്, 580 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചും ഇത് വാഗ്ദാനം ചെയ്യുന്നു. എംജി സൈബർസ്റ്ററിന് വെറും 3.2 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. താരതമ്യപ്പെടുത്തുമ്പോൾ, ടെസ്‌ല മോഡൽ Y പെർഫോമൻസ് പതിപ്പിന് ഇതേ നേട്ടം കൈവരിക്കാൻ 3.5 സെക്കൻഡ് എടുക്കും എന്നത് ശ്രദ്ധിക്കേണ്ടതാണ്.
2024 മധ്യത്തോടെ എംജി സൈബർസ്റ്റർ അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്ക്ക് എത്തും എന്ന് പ്രതീക്ഷിക്കുന്നു. ഒരു പുതിയ ഫ്ലാഗ്ഷിപ്പ് ബ്രാൻഡ് സൃഷ്ടിക്കുന്നതിനുള്ള സാധ്യതകൾ കമ്പനി നോക്കുന്നതിനാൽ ഔദ്യോഗിക ലോഞ്ചിന് കുറച്ച് സമയമെടുത്തേക്കാം. ഇനി വിലനിർണ്ണയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഏകദേശം £50,000 (അതായത് 53 ലക്ഷം രൂപ) പ്രാരംഭ വിലയിൽ എംജി സൈബർസ്റ്റർ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാരിൻ്റെ പുതിയ ഇവി നയത്തിൽ നിന്നും എംജി ഇലക്ട്രിക് സ്പോർട്സ് കാറിന് പ്രയോജനം ലഭിക്കും.


Click it and Unblock the Notifications








