ക്രെറ്റ എത്തും മുന്നേ ഇവി സെഗ്മെന്റിൽ വിഹിതം മെച്ചപ്പെടുത്താൻ എംജി; പുത്തൻ തന്ത്രം ഫലം കാണുമോ?
ലോകത്തെ മറ്റ് പല പ്രമുഖ വാഹന വിപണികളെ പോലെ ഇന്ത്യൻ വിപണിയിലും ഇവികളുടെ പ്രഭാവം അനുദിനം വർധിച്ചുവരികയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജ്യത്തെ ഇലക്ട്രിക് വാഹന വിപണി കാര്യമായ വളർച്ചയാണ് പ്രാപിച്ചിരിക്കുന്നത്. നിലവിൽ ടാറ്റ മോട്ടോർസ് അരങ്ങുവാഴുന്ന ഇവി സെഗ്മെന്റിൽ ആദ്യം എത്തിയ ബ്രാൻഡുകളിൽ ഒന്നാണ് എംജി മോട്ടോർ.
നിലവിൽ കോമെറ്റ്, ZS ഇവി എന്നിവയാണ് ബ്രാൻഡ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്ന ഇലക്ട്രിക് മോഡലുകൾ. ബജറ്റ് ഇവി സെഗ്മെന്റിൽ കോമെറ്റ് മാന്യമായ വിൽപ്പന കൈവരിക്കുമ്പോൾ, ZS ഇവിയ്ക്ക് കാര്യമായ വെല്ലുവിളികളാണ് ഇവിടെ നേരിടേണ്ടി വരുന്നത്. ബജറ്റ് ഫ്രണ്ടിയായ മറ്റ് മോഡലുകളാണ് ZS ഇവിയുടെ പ്രധാന വില്ലന്മാർ എന്ന് നിസംശയം പറയാം.

എന്നാൽ പുതിയ വേരിയന്റിലൂടെ ഇതിനൊരു പോംവഴി കണ്ടെത്തിയിരിക്കുകയാണ് എംജി. പുതിയ വേരിയൻ്റ് അവതരിപ്പിച്ചതോടെ എംജി മോട്ടോർ ഇന്ത്യ ZS ഇവിയുടെ വില കുറച്ചു. ZS ഇവി എക്‌സിക്യൂട്ടീവ് എന്ന് വിളിക്കപ്പെടുന്ന ഈ മോഡലിൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില 18.98 ലക്ഷം ആയിരിക്കും. താരതമ്യം ചെയ്യുമ്പോൾ, ഇതുവരെയുള്ള 22.88 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന എക്സൈറ്റ് വേരിയൻ്റായിരുന്നു ZS ഇവിയുടെ അടിസ്ഥാന മോഡൽ.
എംജി ZS ഇവി 50.3 kWh ബാറ്ററി പാക്ക് ആയിട്ടാണ് വരുന്നത്, സിംഗിൾ ചാർജിൽ ഇത് 461 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് അവകാശപ്പെടുന്നു. ഇലക്ട്രിക് മോട്ടോർ ഫ്രണ്ട് ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്നു, ഇത് പരമാവധി 174 bhp കരുത്തും 280 Nm പീക്ക് torque ഉം പുറപ്പെടുവിക്കും.

50 kW DC ഫാസ്റ്റ് ചാർജിംഗ് ഉപയോഗിക്കുമ്പോൾ, ബാറ്ററി പായ്ക്ക് പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് കൈവരിക്കാൻ 60 മിനിറ്റ് സമയം എടുക്കും. 7.4 kWh AC ചാർജറിന് ബാറ്ററി പാക്ക് ചാർജ് ചെയ്യാൻ 8.5 മണിക്കൂറിലധികം സമയം വേണ്ടി വരും.
ഇതിന് പുറമെ എംജി തങ്ങളുടെ മോഡൽ നിരയിലെ മറ്റ് പല വാഹനങ്ങളുടെ വിലയും കുറച്ചിരുന്നു. അതിനാൽ, കോമറ്റ് ഇവി ഇപ്പോൾ 6.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ആരംഭിക്കുന്നു, ഇത് ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് ഹാച്ച്ബാക്ക് ആക്കി വാഹനത്തെ മാറ്റുന്നു.

കമ്പനിയുടെ പോർട്ട്‌ഫോളിയോയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവിയായ എംജി ഹെക്ടറിൻ്റെ പെട്രോൾ പതിപ്പിന് എക്സ്-ഷോറൂം വില 14.94 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. ഡീസൽ മോഡലിന് ഇത് 17.50 ലക്ഷം രൂപയുമാണ്. നിലവിൽ വൻതോതിൽ ഉയർന്നു വരുന്ന കോംപറ്റീഷനെ ചെറുത്തു നിൽക്കാൻ ഈ വിലക്കുറവ് വാഹനത്തെ സഹായിക്കും എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല.
ZS ഇവിയുടെ IC എഞ്ചിൻ മോഡലായ ആസ്റ്റർ ക്രോസ്ഓവർ ഇപ്പോൾ 9.98 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്നത്, അതേസമയം ബ്രാൻഡിന്റെ മുൻനിര എസ്‌യുവിയായ ഗ്ലോസ്റ്ററിന് 37.49 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.

ഇതോടൊപ്പം 2024 ഇന്ത്യൻ വിപണിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. നിലവിൽ രാജ്യത്തെ ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ച്ചർ മെച്ചപ്പെടുത്താനും, രാജ്യത്തിന്റെ ഇവി ഫ്യൂച്ചർ ശോഭനമാക്കാനുമായി നിരവധി പദ്ധതികൾ കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഭാവിയിൽ പുത്തൻ ഇവി മോഡലുകളും കമ്പനി ഇന്ത്യയിൽ എത്തിച്ചേക്കാം.


Click it and Unblock the Notifications








