ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് സിയുവിയുടെ ബുക്കിംഗ് തുടങ്ങി; വിലയില്‍ കണ്ണുംനട്ട് ഇവി ആരാധകര്‍
എംജി മോട്ടോര്‍ കോമെറ്റ് ഇവി, ZS ഇവി എന്നിങ്ങനെ രണ്ട് ഇലക്ട്രിക് കാര്‍ മോഡലുകളാണ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നത്. ZS ഇവി അല്‍പ്പം പ്രീമിയം മോഡല്‍ ആണെങ്കില്‍ കോമെറ്റ് ഇവി ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ കിട്ടുന്ന ഇലക്ട്രിക് കാറാണ്. ഇപ്പോള്‍ ഇന്ത്യയിലെ തങ്ങളുടെ മൂന്നാമത്തെ ഫുള്‍ ഇലക്ട്രിക് കാര്‍ പുറത്തിറക്കാന്‍ പോകുകയാണ് എംജി. വിന്‍ഡ്സര്‍ ഇവി എന്നാണ് ഈ പുതിയ കാറിന്റെ പേര്. സെപ്റ്റംബര്‍ 11-ന് ഈ കാര്‍ പുറത്തിറങ്ങും. എംജി വിന്‍ഡ്സര്‍ ഇവി വാങ്ങാന്‍ കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമായാണ് ഞങ്ങള്‍ എത്തിയിരിക്കുന്നത്. അത് ചുവടെ വിശദമായി വായിക്കാം.
എംജിയുടെ ഇവികള്‍ക്ക് ഇന്ത്യയില്‍ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ കമ്പനി കൊണ്ട് വരുന്ന മൂന്നാമത്തെ ഇലക്ട്രിക് കാറിലും വാഹനപ്രേമികള്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. അടുത്തിടെയാണ് ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ജെഎസ്ഡബ്യു ഗ്രൂപ്പുമായി എംജി കൈകോര്‍ത്തത്. ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ സംയുക്ത സംരംഭത്തിന് കീഴില്‍ പുറത്തിറങ്ങാന്‍ പോകുന്ന ആദ്യത്തെ കാര്‍ കൂടിയാണ് വിന്‍ഡ്‌സര്‍ ഇവി. ലോഞ്ചിന് മുമ്പേ തന്നെ ഇവിയുടെ ഡിസൈനും ഫീച്ചറുകളും വെളിപ്പെടുത്തി എംജി ആവേശം വാനോളം ഉയര്‍ത്തുകയാണ്.

ചൈനീസ് വിപണിയില്‍ വില്‍ക്കുന്ന വൂളിംഗ് ക്ലൗഡ് ഇവിയുടെ റീബാഡ്ജ്ഡ് പതിപ്പാണ് എംജി വിന്‍ഡ്സര്‍ ഇവി. ലോഞ്ച് കളറാക്കാന്‍ വേണ്ടി വിന്‍ഡ്‌സര്‍ ഇവിയുടെ ഡിസൈനിലേക്കും ഫീച്ചറുകളിലേക്കും വെളിച്ചം വീശുന്ന ടീസറുകള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി പുറത്ത് വിടുന്നുണ്ട്. തുടക്കത്തില്‍ ഇവിയുടെ എക്സ്റ്റീരിയര്‍ ദൃശ്യമാകുന്ന ടീസറായിരുന്നു പുറത്തുവിട്ടത്. തുടര്‍ന്ന് ക്യാബിന്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി.
ഇക്കഴിഞ്ഞ ദിവസമാണ് വിന്‍ഡ്‌സര്‍ ഇവിയുടെ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍ കമ്പനി വെളിപ്പെടുത്തിയത്. വിന്‍ഡ്‌സര്‍ ഇവിക്ക് വലിയ 15.6 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ ലഭിക്കുമെന്നാണ് എംജി ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ ടീസര്‍ വ്യക്തമാക്കുന്നത്. 'ഗ്രാന്‍ഡ് വ്യൂ ടച്ച് ഡിസ്പ്ലേ' എന്ന് എംജി വിളിക്കുന്ന ഇത് സെഗ്മെന്റിലെ ഏറ്റവും വലിയ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍ ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 14 ഇഞ്ച് സ്‌ക്രീനുള്ള എംജി ഹെക്ടറിനേക്കാള്‍ വലുതാണ് വിന്‍ഡ്സര്‍ ഇവിയിലെ സ്‌ക്രീന്‍.

കാറില്‍ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 360-ഡിഗ്രി ക്യാമറ, ക്യാബിന്‍ മോഡുകള്‍ എന്നിവയടക്കം ഫീച്ചര്‍ പായ്ക്ക്ഡ് ആയാണ് എംജിയുടെ പുതിയ ഇവി എത്തുക. ഫിക്‌സഡ്-പേന്‍ സണ്‍റൂഫ്, റിക്ലൈനര്‍ റിയര്‍ സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, എയര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം എന്നിവയടക്കമുള്ള ഫീച്ചറുകള്‍ കാറില്‍ ഉണ്ടാകുമെന്ന് മുന്‍ ടീസറുകളിലൂടെ എംജി സ്ഥിരീകരിച്ചിരുന്നു.
പ്രീമിയം, ആധുനിക സാങ്കേതിക വിദ്യകള്‍ കൂടാതെ സുരക്ഷയുടെ കാര്യത്തിലും ഈ കാര്‍ മികച്ച് നില്‍ക്കും. 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നീ സേഫ്റ്റി ഫീച്ചറുകള്‍ എംജി വിന്‍ഡ്‌സര്‍ ഇവിയില്‍ പ്രതീക്ഷിക്കുന്നു. ഏറ്റവും പ്രധാനമായി ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) സ്യൂട്ടും ഈ കാറില്‍ വരുമെന്നാണ് സൂചന.

വിന്‍ഡ്‌സര്‍ ഇവിയുടെ പവര്‍ട്രെയിനിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വൂളിംഗ് ക്ലൗഡ് 37.9 kWh, 50.6 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ചെറിയ 37.9 kWh ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 360 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്.
വലിയ 50.6 kWh ബാറ്ററി ഘടിപ്പിച്ച ക്ലൗഡ് ഇവി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 460 കിലോമീറ്റര്‍ ദൂരം ഓടുമെന്നാണ് കമ്പനി പറയുന്നത്. രണ്ട് പതിപ്പുകളിലും ഫ്രണ്ട് ആക്‌സിലില്‍ 134 എച്ച്പിഐ ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരിച്ചിരിക്കുന്നു. 7 മണിക്കൂറിനുള്ളില്‍ ഈസി ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. വെറും 30 മിനിറ്റിനുള്ളില്‍ ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാനും സാധിക്കും.
ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് ക്രോസ്ഓവര്‍ യൂടിലിറ്റി വെഹിക്കിള്‍ (സിയുവി) എന്ന വിശേഷണവുമായി എത്തുന്ന എംജി വിന്‍ഡ്‌സര്‍ ഇവിക്ക് 20 ലക്ഷമോ അതില്‍ താഴെയോ ആണ് വില പ്രതീക്ഷിക്കുന്നത്. ഏതായാലും വിന്‍ഡ്സര്‍ ഇവിയുടെ വരവ് അടുത്തതോടെ ചില എംജി കാര്‍ ഡീലര്‍മാര്‍ ഇതിനകം തന്നെ കാറിന്റെ ബുക്കിംഗ് സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഇത് അനൗദ്യോഗിക ബുക്കിംഗ് ആണെന്ന് ശ്രദ്ധിക്കുക. അധികം വൈകാതെ എംജി ഔദ്യോഗിക ബുക്കിംഗ് ജാലകം തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








