ചെറിയൊരു 'ടിവി' തന്നെയുണ്ടെല്ലോ! പ്രതീക്ഷയുണർത്തി എംജി വിന്‍ഡ്‌സര്‍ ഇവിയുടെ പുത്തന്‍ ചിത്രങ്ങൾ
ഹെക്ടര്‍, ആസ്റ്റര്‍, ഗ്ലോസ്റ്റര്‍ എസ്‌യുവികള്‍ പോലുള്ള ഐസി എഞ്ചിന്‍ മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഇന്ത്യയിലെ ഇവി പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്താനാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയുടെ ശ്രമം. തങ്ങളുടെ മൂന്നാമത്തെ ഓള്‍-ഇലക്ട്രിക് വാഹനമായ വിന്‍ഡ്‌സര്‍ ഇവി സെപ്റ്റംബര്‍ 11-ന് പുറത്തിറക്കാന്‍ പോകുകയാണ് കമ്പനി. ലോഞ്ച് അടുക്കുമ്പോള്‍ വിന്‍ഡ്സര്‍ ക്രോസ്ഓവര്‍ ഇവിയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടുകയാണ് എംജി. ലോഞ്ച് ഇവന്റിന് മുമ്പ് വാഹനത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി പ്രതീക്ഷ വര്‍ധിപ്പിക്കുന്ന എംജി തുടക്കത്തില്‍ ഇവിയുടെ എക്‌സ്റ്റീരിയര്‍ ഡിസൈനിലേക്ക് വെളിച്ചം വീശുന്ന ടീസറായിരുന്നു പുറത്തുവിട്ടത്. തുടര്‍ന്ന് ക്യാബിന്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി.
ഇപ്പോള്‍ കാറില്‍ സജ്ജീകരിക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനിന്റെ വലിപ്പം വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍. വിന്‍ഡ്സര്‍ ഇവിക്ക് വലിയ 15.6 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ ലഭിക്കുമെന്നാണ് എംജി ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ ടീസര്‍ വ്യക്തമാക്കുന്നത്. ഇതിനെ 'ഗ്രാന്‍ഡ് വ്യൂ ടച്ച് ഡിസ്‌പ്ലേ' എന്നാണ് അവര്‍ വിളിക്കുന്നത്. സെഗ്മെന്റിലെ ഏറ്റവും വലിയ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍ ആണ് ഇതെന്നാണ് അവകാശവാദം.

അതായത് 14 ഇഞ്ച് സ്‌ക്രീനുള്ള എംജി ഹെക്ടറിനേക്കാള്‍ വലുതാണ് വിന്‍ഡ്‌സര്‍ ഇവിയിലെ സ്‌ക്രീന്‍ എന്ന് ശ്രദ്ധിക്കുക. ഇവിക്കുള്ളിലെ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് വാഹനം നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ വിനോദത്തിനും ഗെയിമിംഗിനും പഠനത്തിനുമുള്ള ഒരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുവെന്ന് എംജി പറയുന്നു. നാവിഗേഷനും മ്യൂസിക്കും മുതല്‍ ആപ്പ് കണ്‍ട്രോള്‍ വരെ വൈവിധ്യമാര്‍ന്ന ഫംഗ്ഷനുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാഥമിക കണ്‍ട്രോള്‍ യൂണിറ്റായി ഇത് പ്രവര്‍ത്തിക്കും.
കാറില്‍ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 360-ഡിഗ്രി ക്യാമറ, ക്യാബിന്‍ മോഡുകള്‍ എന്നിവയും അതിലേറെയുമുള്ള സവിശേഷതകളും പ്രതീക്ഷിക്കാം. ഫിക്സഡ്-പേന്‍ സണ്‍റൂഫ്, റിക്ലൈനര്‍ റിയര്‍ സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, എയര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം എന്നിവ വിന്‍ഡ്‌സറിന്റെ പ്രധാന ഹൈലൈറ്റുകള്‍ മുന്‍ ടീസറുകളിലൂടെ എംജി വെളിപ്പെടുത്തിയിരുന്നു.
ചൈനീസ് വിപണിയില്‍ വില്‍ക്കുന്ന വൂളിംഗ് ക്ലൗഡ് ഇവിയുടെ റീബാഡ്ജ്ഡ് പതിപ്പാണ് എംജി വിന്‍ഡ്‌സര്‍ ഇവി. ഇന്ത്യന്‍ പതിപ്പിന്റെ ബാറ്ററി പായ്ക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ വൂളിംഗ് ക്ലൗഡ് ഇവി രണ്ട് ബാറ്ററി പായ്ക്കുകള്‍ ഓഫര്‍ ചെയ്യുന്നു. 37.9 kWh, 50.6 kWh എന്നിവയാണ് അവ.
ചെറിയ 37.9 kWh ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 360 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. വലിയ 50.6 kWh ബാറ്ററി ഘടിപ്പിച്ച ക്ലൗഡ് ഇവി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 460 കിലോമീറ്റര്‍ ദൂരം ഓടുമെന്നാണ് കമ്പനി പറയുന്നത്. രണ്ട് പതിപ്പുകളിലും ഫ്രണ്ട് ആക്സിലില്‍ 134 എച്ച്പിഐ ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരിച്ചിരിക്കുന്നു.
7 മണിക്കൂറിനുള്ളില്‍ ഈസി ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി പൂര്‍ണമായും റീചാര്‍ജ് ചെയ്യാം. ഒരു ഡിസി ചാര്‍ജര്‍ ഉപയോഗിക്കുകയാണെങ്കില്‍ വെറും 30 മിനിറ്റിനുള്ളില്‍ ബാറ്ററി ചാര്‍ജാകും. ഇന്ത്യയിലെ ആദ്യത്തെ ക്രോസ്ഓവര്‍ യൂടിലിറ്റി വെഹിക്കിള്‍ (സിയുവി) എന്ന വിശേഷണവുമായി വരുന്ന വിന്‍ഡ്‌സര്‍ ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. വില 20 ലക്ഷത്തില്‍ താഴെയാണ് പ്രതീക്ഷിക്കുന്നത് എന്നത് തന്നെ കാരണം.
അങ്ങനെ വന്നാല്‍ അടുത്തിടെ വിപണിയില്‍ എത്തിയ ടാറ്റ കര്‍വ് ഇവിക്ക് വിന്‍ഡ്‌സര്‍ വലിയ വെല്ലുവിളി ഉയര്‍ത്തും. ഇത് തീര്‍ത്തും വിലയെ അടിസ്ഥാനമാക്കി മാത്രമാണ്. കാരണം കര്‍വ് ഇവി ഒരു കൂപ്പെ എസ്‌യുവിയും വിന്‍ഡ്സര്‍ ഒരു സുഖപ്രദമായ ക്രോസ്ഓവര്‍ വാഹനവുമാണ്. ഏതായാലും വിന്‍ഡസ്‌സറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ എംജി വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








