ഇവികളില്‍ ആദ്യം! 24 മണിക്കൂറില്‍ വിന്‍ഡ്‌സര്‍ ഇവി വാരിയത് 15,176 ബുക്കിംഗ്
എംജി മോട്ടോര്‍ ഇന്ത്യ 2024 സെപ്റ്റംബറില്‍ വിറ്റ 4588 കാറുകളില്‍ 49 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. കോമെറ്റ് ഇവി, ZS ഇവി എന്നീ ഇലക്ട്രിക് കാറുകളാണ് എംജിയുടെ ഇന്ത്യയിലെ വില്‍പ്പനയുടെ പകുതിയും സംഭാവന ചെയ്യുന്നത്. തങ്ങളുടെ വിപണി വിഹിതം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ മാസമാണ് എംജി വിന്‍ഡ്സര്‍ ഇവി എന്ന പുത്തന്‍ മോഡല്‍ പുറത്തിറക്കിയത്. 13.50 ലക്ഷം രൂപ പ്രാരംഭ എക്‌സ് ഷോറൂം വിലയിലാണ് എംജി വിന്‍ഡ്സര്‍ ഇവി അവതരിപ്പിച്ചത്. ബാറ്ററി വാടകയ്ക്ക് നല്‍കുന്ന ബാസ് സ്‌കീമിന് കീഴില്‍ വെറും 9.99 ലക്ഷം രൂപയ്ക്ക് ഇവി സ്വന്തമാക്കാം.
ഇവി പ്രേമികള്‍ക്കിടയില്‍ ഇതിനോടകം വലിയ ഓളം സൃഷ്ടിച്ച വിന്‍ഡ്സറിന്റെ ബുക്കിംഗ് കണക്കുകളും എംജിക്ക് ആഹ്ലാദം പകരുന്നതാണ്. ഒക്ടോബര്‍ മൂന്നിന് രാവിലെ 7:30-നാണ് എംജി വിന്‍ഡ്സര്‍ ഇവിയുടെ ബുക്കിംഗ് ജാലകം തുറന്നത്. ആദ്യ ബുക്കിംഗ് ദിവസം തന്നെ മികച്ച പ്രതികരണമാണ് എംജി വിന്‍ഡ്‌സര്‍ ഇവിക്ക് ലഭിച്ചത്. ആദ്യ 24 മണിക്കൂറിനുള്ളില്‍ 15,176 ബുക്കിംഗുകള്‍ നേടിയെടുക്കാന്‍ കമ്പനിക്ക് സാധിച്ചു.

ഒറ്റ ദിവസം കൊണ്ട് ഇത്തരമൊരു നാഴികക്കല്ല് കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചര്‍ ഇലക്ട്രിക് വാഹനമെന്ന നേട്ടവും എംജി വിന്‍ഡ്സര്‍ ഇവി സ്വന്തമാക്കി. ഇലക്ട്രിക് ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിള്‍ (സിയുവി) സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള എംജി ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചോ അല്ലെങ്കില്‍ ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ വാഹനം റിസര്‍വ് ചെയ്യാവുന്നതാണ്. 11000 രൂപയാണ് ബുക്കിംഗിന് ആവശ്യമായ ടോക്കണ്‍ തുക. ഇവിയുടെ ഉപഭോക്തൃ ഡെലിവറി 2024 ഒക്ടോബര്‍ 12-ന് ആരംഭിക്കും.
എക്സൈറ്റ്, എക്സ്‌ക്ലൂസീവ്, എസെന്‍സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഈ ഇവി ഓഫര്‍ ചെയ്യുന്നത്. സ്റ്റാര്‍ബര്‍സ്റ്റ് ബ്ലാക്ക്, പേള്‍ വൈറ്റ്, ക്ലേ ബീജ്, ടര്‍ക്കോയ്സ് ഗ്രീന്‍ എന്നീ നാല് നിറങ്ങളില്‍ നിന്ന് ഒന്ന് തെരഞ്ഞെടുക്കാം. ആഗോള വിപണികളില്‍ വില്‍പ്പനക്കെത്തുന്ന വുളിംഗ് ക്ലൗഡ് ഇവിയെ അടിസ്ഥാനമാക്കിയുള്ള എംജി വിന്‍ഡ്‌സര്‍ വൃത്തിയുള്ളതതും ഫ്യൂച്ചറിസ്റ്റിക്കുമായ ലുക്കിലാണ് വരുന്നത്. എംജി വിന്‍ഡ്സര്‍ ഇവി ഒരു സെഡാന്റെ ചാരുതയും ഒരു എസ്‌യുവിയുടെ പ്രായോഗികതയുമാണ് സമന്വയിപ്പിക്കുന്നത്.
സ്ട്രെച്ചഡ് എല്‍ഇഡി ലൈറ്റ് ബാര്‍, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഇലുമിനേറ്റഡ് എംജി ലോഗോ എന്നിവ ലഭിക്കുന്നുണ്ടെങ്കിലും ഇന്നത്തെ പല ഇവികളില്‍ നിന്നും വ്യത്യസ്തമായി വിന്‍ഡ്‌സറിന് ഫ്രണ്ട് ട്രങ്കില്ല. വിന്‍ഡ്‌സര്‍ ഇവി അതിന്റെ വശങ്ങളിലും പിന്‍ഭാഗത്തും തികച്ചും പരമ്പരാഗതമായ ഒരു ഡിസൈന്‍ തത്വശാസ്ത്രമാണ് പിന്തുടരുന്നത്. ക്രോം വാരിപ്പൂശാതെ പക്വവും ലളിതവുമായ ഡിസൈനാണ് ഇതിനുള്ളത്. ഫ്ലഷ്-ഡോര്‍ ഹാന്‍ഡിലുകളും 18-ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകളും ഇതിന്റെ എക്സ്റ്റീരിയര്‍ ഹൈലൈറ്റുകളില്‍ പെടുന്നു.
38 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കില്‍ നിന്നാണ് എംജി വിന്‍ഡ്സര്‍ ഇവി പവര്‍ എടുക്കുന്നത്. വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും സംരക്ഷണം നല്‍കുന്ന IP67 റേറ്റഡ് ബാറ്ററി പായ്ക്കാണിത്. ഫുള്‍ ചാര്‍ജില്‍ ഏകദേശം 330 കിലോമീറ്റര്‍ വരെ ഇലക്ട്രിക് കാര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 136 PS പരമാവധി കരുത്തും 200 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടോര്‍ ആണ് ഇതിന്റെ ശക്തി.

ഇക്കോ+, ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകളും എംജി കാറില്‍ വാഗ്ദാനം ചെയ്യുന്നു. 3.3 kWചാര്‍ജര്‍ വഴി 15 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനാവും. അതേസമയം 7.4 kW ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ചാര്‍ജിംഗ് സമയം പകുതിയായി കുറയ്ക്കാം. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളില്‍ ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാവും.
15.6 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍, കണക്റ്റിവിറ്റി ഓപ്ഷനുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രോണിക് ടെയില്‍ഗേറ്റ്, ആംബിയന്റ് ലൈറ്റിംഗ്, സ്റ്റിയറിംഗ് വീലില്‍ ഘടിപ്പിച്ചിരിക്കുന്ന മീഡിയ കണ്‍ട്രോളുകള്‍, ലെവല്‍-2 ADAS, 360ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയര്‍ റിയര്‍വ്യൂ മിററുകള്‍ എന്നീ സൗകര്യങ്ങള്‍ കാറില്‍ ലഭ്യമാണ്.

ആജീവനാന്ത ബാറ്ററി വാറണ്ടിയോടെ വിപണിയിലെത്തുന്ന വിന്‍ഡ്‌സര്‍ ഇവി നേരത്തെ വാങ്ങുന്നവര്‍ക്ക് എംജിയുടെ പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ 1 വര്‍ഷത്തെ സൗജന്യ ചാര്‍ജിംഗിനും അര്‍ഹതയുണ്ട്. 3 വര്‍ഷത്തിന് ശേഷം വാഹനം വില്‍ക്കാന്‍ തീരുമാനിച്ചാല്‍ 60 ശതമാനം റീസെയില്‍ വാല്യുവോടെ ബൈബാക്ക് ഓപ്ഷനും എംജി ഉറപ്പുനല്‍കുന്നുണ്ട്. ഏതായാലും വണ്ടി നിരത്തിലെത്തി കുറച്ച് അഭിപ്രായങ്ങള്‍ കൂടി വന്നാല്‍ ടാറ്റ നെക്സോണ്‍ അടക്കമുള്ള ജനപ്രിയന്‍മാര്‍ക്ക് പണിയാകും.


Click it and Unblock the Notifications








