പുത്തന്‍ ഹൃദയത്തിനൊപ്പം മൊഞ്ച് കൂട്ടി പജേറോ സ്‌പോര്‍ട്ട് വിപണിയില്‍; ടൊയോട്ടക്ക് നെഞ്ചിടിപ്പ് കൂടി
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ മിത്സുബിഷി ഇന്ത്യ വിട്ടെങ്കിലും എസ്‌യുവി വിഭാഗത്തിലെ അതിന്റെ പടക്കുതിരയായ പജേറോ ഇന്നും സെക്കാന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയിലെ ഹോട്ട് കേക്കാണ്. വണ്ടിപ്രാന്തന്‍മാര്‍ ജീവിതത്തില്‍ ഒരുവട്ടമെങ്കിലും സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന കാറുകളില്‍ ഒന്നാണ് മിസ്തുബിഷി പജേറോ. എന്നാല്‍ പുതിയൊരു പജേറോ സ്വന്തമാക്കണം എന്ന് ആഗ്രഹിച്ചാല്‍ നമുക്കിപ്പോള്‍ നടക്കില്ല.
എന്നാല്‍ ടിവിഎസ് മൊബിലിറ്റിയുമായി കൈകോര്‍ത്ത് മിത്സുബിഷി അടുത്തിടെ ഇന്ത്യയിലെ സ്വതന്ത്ര കാര്‍ ഡീലര്‍ഷിപ്പ് മേഖലയിലേക്ക് കാലെടുത്ത് വെച്ചിരുന്നു. സംയുക്ത സംരംഭം പ്രഖ്യാപിച്ചത് ഇന്ത്യന്‍ ഓട്ടോമോട്ടീവ് വ്യവസായത്തില്‍ വലിയ അലയൊലികള്‍ സൃഷ്ടിച്ചെങ്കിലും ഇന്ത്യയില്‍ തങ്ങളുടെ സ്വന്തം വാഹനങ്ങള്‍ വില്‍ക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ മിത്സുബിഷി ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല. ഐക്കണിക് കാര്‍ നിര്‍മ്മാതാക്കളായ മിത്സുബിഷി ഇന്ത്യയില്‍ അവസാനം വില്‍പ്പനയ്ക്കെത്തിച്ച മോഡല്‍ പജേറോ സ്പോര്‍ട്ടായിരുന്നു.

ഇതിനിടെ 2024 മിത്സുബിഷി പജേറോ സ്പോര്‍ട്ട് ഇപ്പോള്‍ തായ്ലന്‍ഡില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇന്ത്യന്‍ വിപണിയില്‍ നിന്ന് മിത്സുബിഷി പിന്‍വാങ്ങിയില്ലായിരുന്നുവെങ്കില്‍ രാജ്യത്തെ എസ്‌യുവി വിഭാഗത്തിലെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒന്നാകുമായിരുന്നു പജേറോ സ്‌പോര്‍ട്. അങ്ങനെ വന്നാല്‍ എസ്‌യുവിയുടെ പുതിയ മുഖംമിനുക്കിയ പതിപ്പ് നമുക്കും കിട്ടുമായിരുന്നു. സാരമില്ല കമ്പനിയുടെ റീഎന്‍ട്രി വാര്‍ത്തകള്‍ സജീവമായതിനാല്‍ വൈകാതെ തന്നെ അത് സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
തായ്‌ലന്‍ഡില്‍ 1,389,000 THB മുതല്‍ 1,689,000 THB വരെയാണ് പുതിയ പജേറോ സ്‌പോര്‍ട്ടിന്റെ വില. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 32 ലക്ഷം മുതല്‍ 39 ലക്ഷം രൂപ വരെ പോകുന്നു. അകത്തും പുറത്തും ചില കോസ്‌മെറ്റിക് പരിഷ്‌കാരങ്ങളും നടപ്പാക്കിയതിനൊപ്പം ഹുഡിന് കീഴിലാണ് ഏറ്റവും പ്രധാന മാറ്റം. ബോണറ്റിന് കീഴില്‍ പുത്തന്‍ ഹൃദയവുമായാണ് പജേറോ സ്‌പോര്‍ട് എസ്‌യുവി വരുന്നത്.

4N16 2.4 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 184 PS പീക്ക് പവറും 430 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. പഴയ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിന് പകരം ട്രൈറ്റണ്‍ പിക്കപ്പ് ട്രക്കില്‍ നിന്നുള്ള പുതിയ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടവണ് എഞ്ചിന്‍ ജോടിയാക്കുന്നത്. RWD, ഓപ്ഷണല്‍ AWD എന്നീ ഡ്രൈവ്‌ട്രെയിന്‍ ഓപ്ഷനുളില്‍ എസ്‌യുവി സ്വന്തമാക്കാന്‍ സാധിക്കും.
രൂപകല്‍പ്പന നോക്കുമ്പോള്‍ ഔട്ട്‌ഗോയിംഗ് മോഡലിന്റെ അതേ സിലൗട്ടിലാണ് 2024 പജേറോ സ്‌പോര്‍ട്ട് വരുന്നതര്. ഓട്ടോ-ബീം ലെവലിംഗോടുകൂടിയ ബൈ-എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍ക്കൊപ്പം പുതിയ ഗ്രില്ലും ലഭിക്കുന്നു. പുതിയ എല്‍ഇഡി ഡിആര്‍എല്‍, ഫോഗ് ലൈറ്റുകള്‍, റിയര്‍ കോമ്പിനേഷന്‍ എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയാണ് പുറംഭാഗത്തെ ശ്രദ്ധേയമായ മാറ്റങ്ങള്‍. വശക്കാഴ്ചകളിക്കേ് നോക്കുമ്പോള്‍ പുതിയ 18 ഇഞ്ച് വീലുകള്‍ എസ്‌യുവിയുടെ ആകര്‍ഷണം കൂട്ടുന്നു.

ഗ്രൗണ്ട് ക്ലിയറന്‍സ് 217 മില്ലീമീറ്ററില്‍ നിന്ന് 222 മില്ലീമീറ്ററായി വര്‍ദ്ധിപ്പിച്ചതിനാല്‍ ഉയരം കൂടിയിട്ടുണ്ട്. റെയിന്‍ സെന്‍സിംഗ് വൈപ്പറുകളും പവര്‍-ഓപ്പറേറ്റഡ് ഹാന്‍ഡ്സ് ഫ്രീ ടെയില്‍ഗേറ്റ് ഫംഗ്ഷനും മറ്റുമാണ് പ്രധാനപ്പെട്ട മറ്റ് എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. അകത്തളത്തിലേക്ക് കടന്നാല്‍ 2024 മിത്സുബിഷി പജേറോ സ്പോര്‍ട്ടിന് മൂന്നാം തലമുറ ട്രൈറ്റണ്‍ പിക്കപ്പ് ട്രക്കില്‍ നിന്നുള്ള പുതിയ സ്റ്റിയറിംഗ് വീല്‍ ലഭിക്കുന്നു.
വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ഉള്ള വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 8 ഇഞ്ച് ഇന്‍സ്ട്രുമെന്റ് സ്‌ക്രീന്‍, ലെതര്‍ അപ്ഹോള്‍സ്റ്ററി, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍ എന്നിവ പജേറോ സ്പോര്‍ട്ടിന്റെ ക്യാബിനില്‍ ജാപ്പനീസ് ബ്രാന്‍ഡ് ഒരുക്കിയിരിക്കുന്നു. ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, കീലെസ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, സ്റ്റിയറിംഗ് മൗണ്ടഡ് പാഡില്‍ ഷിഫ്റ്ററുകള്‍, 7 എയര്‍ബാഗുകള്‍, ADAS സ്യൂട്ട് എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട സൗകര്യങ്ങള്‍.

മാത്രമല്ല റിയര്‍ സീറ്റിലെ യാത്രക്കാര്‍ക്ക് വിനോദത്തിനായി നല്‍കിയിരിക്കുന്ന 12.1 ഇഞ്ച് റൂഫ് മൗണ്ടഡ് ഡ്രോപ്പ്-ഡൗണ്‍ സ്‌ക്രീനും എടുത്ത് പറയണം. ഇതിന്റെ കൂടെ ഒരു ജോടി വയര്‍ലെസ് ഹെഡ്ഫോണുകളുമുണ്ട്. ഒമ്പത് വര്‍ഷമായി വില്‍പ്പനക്കെത്തുന്ന മിത്സുബിഷി പജേറോ സ്പോര്‍ട്ടിന്റെ രണ്ടാമത്തെയും അവസാനത്തെയും ഫെയ്‌സ്‌ലിഫ്റ്റായിരിക്കും ഇത്.
ട്രൈറ്റണ്‍ പിക്കപ്പ് ട്രക്കിനെ അടിസ്ഥാനപ്പെടുത്തി വരുന്ന മോഡല്‍ പജേറോ സ്‌പോര്‍ട്ടിന് പകരം സമീപഭാവിയില്‍ തന്നെ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ മിത്സുബിഷി വരാന്‍ പോകുന്ന പുത്തന്‍ മോഡലായിരിക്കും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധ്യത. നിലവില്‍ ഇന്ത്യയില്‍ ഫുള്‍സൈസ് എസ്‌യുവി വിഭാഗം ഭരിക്കുന്ന ടൊയോട്ട ഫോര്‍ച്യൂണറിന് വെല്ലുവിളിയാകും മിത്സുബിഷിയുടെ വരാന്‍ പോകുന്ന മോഡലുകള്‍.


Click it and Unblock the Notifications








