വെർട്ടലോയ്ക്ക് എംജിയുടെ വക 3000 ഇലക്ട്രിക് വാഹനങ്ങൾ, ഇവി വിപണി ചൂട് പിടിപ്പിക്കാൻ ഒരുങ്ങി ബ്രാൻഡ്
മോറിസ് ഗാരേജസ് ഗ്രീൻ ക്ലൈമറ്റ് ഫണ്ടിൻ്റെ ധനസഹായത്തോടെയും ഫ്ലീറ്റ് ഇലക്‌ട്രിഫിക്കേഷൻ നിയന്ത്രിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായ വെർട്ടെലോയുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചിരിക്കുകയാണ്. ഈ സഹകരണത്തിലൂടെ 3,000 എംജി ഇലക്ട്രിക് വാഹനങ്ങൾ വെർട്ടെലോയ്ക്ക് ഘട്ടം ഘട്ടമായി എത്തിക്കാനും ഇന്ത്യയിലുടനീളമുള്ള ഇവി ചാർജിംഗ് ശൃംഖല ശക്തിപ്പെടുത്താനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകളും ഇവി ഇൻഫ്രാസ്ട്രക്ചറും മെച്ചപ്പെടുത്തുന്നതിനുമുളള കമ്പനിയുടെ പ്രതിബദ്ധതയെ ആണ് ഇത് എടുത്തു കാണിക്കുന്നതെന്നാണ് എംജി ഇന്ത്യയുടെ ചീഫ് ഗ്രോത്ത് ഓഫീസർ ഗൗരവ് ഗുപ്ത പറഞ്ഞത്. വെർട്ടെലോയുമായുള്ള പങ്കാളിത്തം ഇന്ത്യയിൽ ഡീകാർബണൈസേഷനിലൂടെ സുസ്ഥിരമായ ഭാവിക്ക് വേണ്ടിയാണ് എന്നാണ് കമ്പനിയുടെ അവകാശവാദം.

ഫ്ലീറ്റ് വൈദ്യുതീകരണത്തിനും നെറ്റ്-സീറോ എമിഷൻ നേടുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പായി ഇതിനെ എടുത്തുകാട്ടിയാണ് വെർട്ടെലോയുടെ സിഇഒ സന്ദീപ് ഗംഭീർ ഈ പങ്കാളിത്തത്തെക്കുറിച്ച് പറഞ്ഞത് . വെർട്ടെലോയുടെ സംയോജിത വൈദ്യുതീകരണ സൊല്യൂഷനുകൾക്കൊപ്പം എംജി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണി സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് ഗണ്യമായ സംഭാവന നൽകുമെന്ന് വെർട്ടലോ പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലുടനീളം ശക്തമായ ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിൽ വെർട്ടെലോയെ പ്രയോജനപ്പെടുത്താൻ ഈ സഹകരണം ലക്ഷ്യമിടുന്നു. ചാർജിംഗ് നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിലൂടെ, റേഞ്ച് ഉത്കണ്ഠയും ചാർജിംഗ് സ്റ്റേഷനുകളിലേക്കുള്ള പ്രവേശനക്ഷമതയും സംബന്ധിച്ച ആശങ്കകൾ പരിഹരിച്ച് കൂടുതൽ ഉപഭോക്താക്കളെ ഇലക്ട്രിക് വാഹനങ്ങൾ സ്വീകരിക്കാനും ഈ പങ്കാളിത്തം വഴിവയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തിക്കുന്ന പ്രമുഖ കമ്പനിയാണ് എംജി മോട്ടോര്‍. എംജി ZS ഇവി, എംജി കോമെറ്റ് ഇവി എന്നിവയാണ് ബ്രാന്‍ഡ് പുറത്തിറക്കുന്ന രണ്ട് ഇവികള്‍. ഇതില്‍ കോമെറ്റ് ഇവിയാണ് ഇന്ത്യയില്‍ ഏറ്റവും താങ്ങാനാകുന്ന വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് കാര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവി ചാര്‍ജറുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് എംജി.
ഇതിന്റെ ഭാഗമായാണ് 2022 അവസാനത്തോടെ 1000 ദിവസം കൊണ്ട് 1000 ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ച് കൊണ്ടുള്ള പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചത്. പദ്ധതി ആരംഭിച്ചിട്ട് ഇപ്പോള്‍ 500 ദിവസം പിന്നിട്ടു. ലക്ഷ്യമിട്ട് പോലെ തന്നെ 500 ദിവസം കൊണ്ട് 500 ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ എംജിക്ക് സാധിച്ചു. അപ്പാര്‍ട്ടുമെന്റുകള്‍, ഹൗസിംഗ് സൊസൈറ്റികള്‍ എന്നിവയടക്കമുള്ള സ്ഥലങ്ങളിലാണ് ഇവി ചാര്‍ജറുകള്‍ സ്ഥാപിച്ചത്. ഇന്ത്യയിലെ ഏകദേശം 50 പ്രധാന നഗരങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത് 7.4 kW ചാര്‍ജറുകളാണ്.
എക്‌സികോം ടെലിസിസ്റ്റംസ്, ഇലക്ട്രീഫൈ, ഇചാര്‍ജര്‍ബെയ്‌സ്, അയോണേജ്, സ്റ്റാറ്റിക് & ഹൈവേ ഡിലൈറ്റ് എന്നീ പങ്കാളികളുടെ സഹകരണത്താടെയാണ് എംജിക്ക് ഈ ഉദ്യമം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നത്. നിലവില്‍ പ്രതിദിനം 1 ചാര്‍ജര്‍ എന്ന കണക്കില്‍ 500 ദിവസത്തിനുള്ളില്‍ 500 ചാര്‍ജറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പബ്ലിക്, ഹോം ചാര്‍ജറുകള്‍ ഉള്‍പ്പെടെ, രാജ്യവ്യാപകമായി 15,000-ലധികം ചാര്‍ജിംഗ് പോയിന്റുകളുള്ള എംജി ഇവി അടിസ്ഥാന സൗകര്യ വികസനത്തിനായി ഗ്ലിഡ, TPCL, BPCL, ജിയോ-ബിപി, സ്റ്റാറ്റിക്, സിയോണ്‍, ചാര്‍ജ്‌സോണ്‍ എന്നീ പങ്കാളികളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ, ബാറ്ററി റീസൈക്ലിംഗ്, പുനരുപയോഗം, ലൈഫ് എക്്‌സ്റ്റന്‍ഷന്‍ എന്നിവയ്ക്കായി എംജി ആറ്റെറോ, ലോഹം എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
എംജി ZS ഇവിയാണ് കമ്പനിയുടെ ഏറ്റവും ചെലവേറിയ മോഡൽ. 18.98 ലക്ഷം രൂപയാണ് ഈ ഇലക്ട്രിക് കാറിന്റെ പ്രാരംഭ വില. ടോപ് വേരിയന്റിന് 25.20 ലക്ഷം രൂപയാണ് മുടക്കേണ്ടത്. എക്സ്‌ഷോറൂം വിലകളാണിത്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറായ എംജി കോമെറ്റിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് വെറും 6.99 ലക്ഷം രൂപയാണ് വില. അതേസമയം, ടോപ് വേരിയന്റിന് 9.24 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില വരുന്നത്. എംജി തങ്ങളുടെ മൂന്നാമത്തെ ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ അവതരിപ്പിക്കും.


Click it and Unblock the Notifications








