കുറഞ്ഞ വിലയില്‍ പനോരമിക് സണ്‍റൂഫ് നല്‍കുന്ന 6 കാറുകള്‍! ഇനി വിശാലമായി ആകാശക്കാഴ്ച കാണാം
ഇന്ത്യന്‍ കാര്‍ വിപണിയിലെ ട്രെന്‍ഡിംഗ് ഫീച്ചറുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് സണ്‍റൂഫ്. ബഡ്ജറ്റ്-ഫ്രണ്ട്ലി കാറുകളില്‍ ഇപ്പോള്‍ സിംഗിള്‍-പേന്‍ ഇലക്ട്രിക് സണ്‍റൂഫുകള്‍ സാധാരണമായി മാറിയിരിക്കുകയാണെങ്കിലും അധികം പേരും വലിയ പനോരമിക് സണ്‍റൂഫാണ് താല്‍പര്യപ്പെടുന്നത്. ക്യാബിനിന് അകത്തേക്ക് കൂടുതല്‍ വായുവും വെളിച്ചവും കടക്കുമെന്നതാണ് ഇതിന്റെ പ്രത്യേക. മാത്രമല്ല ഇത് ക്യാബിന് കൂടുതല്‍ ആകര്‍ഷകമായ രൂപവും സമ്മാനിക്കുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ ആളുകള്‍ പനോരമിക് സണ്‍റൂഫ് ഇഷ്ടപ്പെടുന്നു. നിങ്ങള്‍ ഒരു കാര്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്ന വ്യക്തിയാണെങ്കില്‍ പനോരമിക് സണ്‍റൂഫുള്ള ഏറ്റവും താങ്ങാനാവുന്ന 6 എസ്‌യുവികളുടെ പട്ടിക ഞങ്ങളുടെ പക്കലുണ്ട്. അത് വിശദമായി നോക്കാം.
മഹീന്ദ്ര XUV 3XO: പനോരമിക് സണ്‍റൂഫ് ഫീച്ചര്‍ ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും താങ്ങാനാകുന്ന എസ്‌യുവിയാണ് മഹീന്ദ്ര XUV 3XO. മഹീന്ദ്രയുടെ തന്നെ XUV300 എസ്‌യുവിയുടെ ആത്മീയ പിന്‍ഗാമിയാണ് ഈ മോഡല്‍. മഹീന്ദ്ര XUV 3XO-യുടെ ടോപ്പ് എന്‍ഡ് AX7 ട്രിമ്മില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. 12.49 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്സ്ഷോറൂം വില. ഈ ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏക കോംപാക്ട് എസ്‌യുവിയായി ഇത് വേറിട്ടുനില്‍ക്കുന്നു.

എംജി ആസ്റ്റര്‍: എസ്‌യുവിയുടെ സെലക്ട് ട്രിം മുതല്‍ പനോരമിക് സണ്‍റൂഫ് ഓഫര്‍ ചെയ്യുന്നു. 13.11 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. 110 bhp പവറും 144 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഒന്ന്.
ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയ 140 bhp പവറും 220 Nm ടോര്‍ക്കും നല്‍കുന്ന 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലും എംജി ആസ്റ്റര്‍ എസ്‌യുവി ലഭ്യമാണ്.

കിയ സെല്‍റ്റോസ്: കൊറിയന്‍ എസ്‌യുവിയുടെ HTK+ വേരിയന്റില്‍ സണ്‍റൂഫ് ലഭ്യമാണ്. 14.06 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. എഞ്ചിന്‍ ഓപ്ഷനുകളില്‍ 115 bhp പവറും 144 Nm ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഉള്‍പ്പെടുന്നു. 116hp, 250Nm, 1.5-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കൂടാതെ 160hp, 253Nm, 1.5-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും ഓഫറിലുണ്ട്. 6-സ്പീഡ് മാനുവല്‍ മുതല്‍ CVT, ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് വരെ ട്രാന്‍സ്മിഷന്‍ ഓപ്ഷനിലുണ്ട്.
ഹ്യുണ്ടായി ക്രെറ്റ: ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് മിഡ്സൈസ് എസ്‌യുവിയായ ഹ്യുണ്ടായി ക്രെറ്റയുടെ മിഡ്-സ്പെക്ക് S (O) വേരിയന്റ് മുതല്‍ പനോരമിക് സണ്‍റൂഫ് ലഭ്യമാണ്. 14.36 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഇത് കിയ സെല്‍റ്റോസുമായി അതിന്റെ എഞ്ചിന്‍ ഓപ്ഷനുകള്‍ പങ്കിടുന്നു. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, ഡീസല്‍, ടര്‍ബോ-പെട്രോള്‍ എഞ്ചിനുകള്‍ എല്ലാം ഒരേ ശേഷിയില്‍ വരുന്നവയാണ്.

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര: മിഡ്സൈസ് എസ്‌യുവിയായ ഗ്രാന്‍ഡ് വിറ്റാരയുടെ മൈല്‍ഡ്-ഹൈബ്രിഡ് പതിപ്പില്‍ ആല്‍ഫ വേരിയന്റ് മുതല്‍ പനോരമിക് സണ്‍റൂഫ് വരുന്നുണ്ട്. 15.51 ലക്ഷം രൂപ മുതല്‍ എക്സ്ഷോറൂം വില തുടങ്ങുന്നു. 103 bhp പവറും 137 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നു. മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സില്‍ ഇത് തെരഞ്ഞെടുക്കാം. സിവിടി ഗിയര്‍ബോക്സുമായി ജോടിയാക്കിയ ഹൈബ്രിഡ് പവര്‍ട്രെയിനും ലഭ്യമാണ്.
ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍: മിഡ്സൈസ് എസ്‌യുവിയുടെ പെട്രോള്‍ എഞ്ചിനുള്ള ടോപ്പ്-സ്പെക്ക് V ട്രിമ്മിലും ഹൈബ്രിഡ് പവര്‍ട്രെയിനിനുമായി വരുന്ന G, V ട്രിമ്മുകളിലും പനോരമിക് സണ്‍റൂഫുണ്ട്. 16.04 ലക്ഷം രൂപ മുതല്‍ എക്സ്ഷോറൂം വില ആരംഭിക്കുന്നു. മാരുതിയില്‍ നിന്നുള്ള കസിന്‍ മോഡലായ ഗ്രാന്‍ഡ് വിറ്റാരയുടെ പവര്‍ട്രെയിനുകള്‍ ഇത് പങ്കുവെക്കുന്നു. എന്നാല്‍ പ്രീമിയം ഇന്റീരിയറുകളും സന്തുലിതമായ റൈഡ് ഹാന്‍ഡ്ലിംഗും ഹൈറൈഡറിന്റെ പ്രത്യേകതകളാണ്.
പനോരമിക് സണ്‍റൂഫുകള്‍ ഒരുകാലത്ത് പ്രീമിയം എസ്‌യുവികള്‍ക്കും ലക്ഷ്വറി സെഡാനുകളിലും മാത്രം കണ്ടുവന്നിരുന്ന ഫീച്ചര്‍ ആയിരുന്നു. എന്നാല്‍ മാറിയ കാലത്തെ ഉപഭോക്തൃ ആവശ്യങ്ങള്‍ മനസ്സിലാക്കി ബ്രാന്‍ഡുകള്‍ ഈ ഫീച്ചര്‍ ഇപ്പോള്‍ കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. നിങ്ങള്‍ പനോരമിക് സണ്‍റൂഫുള്ള ഒരു എസ്‌യുവി തേടുന്ന വ്യക്തിയാണെങ്കില്‍ മുകളില്‍ നല്‍കിയ കാറുകളില്‍ ഒന്ന് തീര്‍ച്ചയായും പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








