5 പേര്‍ക്ക് കയറാവുന്ന ഈ കാറിന്റെ ക്യാബിന്‍ രാജകീയമാകും! കാത്തിരുന്നേ മതിയാകൂവെന്ന് ഹോണ്ട
ഉത്സവകാല വിപണി പിടിക്കാനായി വാഹന നിര്‍മാതാക്കളെല്ലാം പുത്തന്‍ ലോഞ്ചുകളുമായി കച്ചകെട്ടിയിറങ്ങുകയാണ്. 2023-ല്‍ എലിവേറ്റ് മിഡ്‌സൈസ് എസ്‌യുവി അവതരിപ്പിച്ച ശേഷം നിശബ്ദത പാലിക്കുന്ന ഹോണ്ട ഈ ഉത്സവകാലത്ത് ഒരു പുത്തന്‍ ഉല്‍പ്പന്നം പുറത്തിറക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ത്യയിലെ കാര്‍ ഉപഭോക്താക്കള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ന്യൂ ജെന്‍ ഹോണ്ട അമേസ് (Honda Amaze) ഈ ഉത്സവകാലത്ത് എത്തില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജനപ്രിയ കോംപാക്ട് സെഡാന്റെ മൂന്നാം തലമുറ മോഡല്‍ എന്ന് എത്തുമെന്നും അതില്‍ നമുക്ക് എന്തൊക്കെ സവിശേഷതകള്‍ പ്രതീക്ഷിക്കാമെന്നുമാണ് ഈ ലേഖനത്തില്‍ വിശദീകരിക്കാന്‍ പോകുന്നത്.
മൂന്നാം തലമുറ ഹോണ്ട അമേസ് 2024 ഡിസംബറില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. അതായത് പുതിയ ഹോണ്ട സെഡാന്‍ വാങ്ങാന്‍ കാത്തിരിക്കുന്ന എല്ലാ ആരാധകരും ഈ വര്‍ഷം അവസാനം വരെ കാത്തിരിക്കണമെന്ന് സാരം. എഞ്ചിന്‍ സജ്ജീകരണം അതേപടി നിലനിര്‍ത്തുമ്പോള്‍ പുതിയ അമേസിന്റെ അകത്തും പുറത്തും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. പുതിയ തലമുറ ഹോണ്ട അമേസിനെ കുറിച്ച് പറയുമ്പോള്‍ സെഡാന്‍ മോഡല്‍ ഒരു പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത് നിര്‍മിക്കുക.

സിറ്റി, എലിവേറ്റ് തുടങ്ങിയ ഹോണ്ട കാറുകള്‍ക്കും അടിവരയിടുന്ന അതേ പ്ലാറ്റ്‌ഫോമായിരിക്കും ഇത്. ആഗോളതലത്തില്‍ വില്‍പ്പനക്കെത്തുന്ന ഹോണ്ട സെഡാനുകളില്‍ നിന്നുള്ള ഡിസൈന്‍ സൂചകങ്ങള്‍ ഹോണ്ട അമേസ് സെഡാനില്‍ കടംകൊള്ളും. എന്നിരുന്നാലും യഥാര്‍ത്ഥ സിലൗറ്റും ഡിസൈനും മാറ്റമില്ലാതെ തുടരും. അതേസമയം, ഉടച്ചുവാര്‍ത്ത പുതിയ ഡാഷ്ബോര്‍ഡുള്ള ഒരു പുതിയ ക്യാബിന്‍ നമുക്ക് കാറില്‍ പ്രതീക്ഷിക്കാം. സണ്‍റൂഫ്, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം തുടങ്ങിയ പുത്തന്‍ ഫീച്ചറുകള്‍ എലിവേറ്റ് എസ്‌യുവിയില്‍ നിന്ന് സ്വീകരിക്കും.
നിലവിലെ തലമുറയ്ക്ക് അമേസിന് സമാനമായി ഫെയ്‌സ്‌ലിഫ്റ്റ് മോഡലില്‍ 1.2 ലിറ്റര്‍, 4 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ തന്നെ തുടിപ്പേകും. 5-സ്പീഡ് മാനുവലിനൊപ്പം സിവിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്ന ഈ മോട്ടോര്‍ 90 bhp പവറും 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. എന്നാല്‍ ഇന്ധനക്ഷമതക്കും പെര്‍ഫോമന്‍സിനും അനുസൃതമായി എഞ്ചിന്‍ റീട്യൂണ്‍ ചെയ്യാന്‍ സാധ്യതയുണ്ട്. കാറില്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ ഉണ്ടാവില്ല.

8.48 ലക്ഷം മുതല്‍ 11.96 ലക്ഷം രൂപ വരെയാണ് നിലവില്‍ അമേസിന്റെ തിരുവനന്തപുരത്തെ ഓണ്‍റോഡ് വില. പുത്തന്‍ അപ്‌ഡേറ്റുകള്‍ പരിഗണിക്കുമ്പോള്‍ അമേസിന്റെ പുതിയ തലമുറ മോഡലിനായി 30,000 മുതല്‍ 70,000 രൂപ വരെ അധികം മുടക്കേണ്ടി വരും. പുറത്തിറങ്ങി കഴിഞ്ഞാല്‍ പുതിയ തലമുറ അമേസ് വരാനിരിക്കുന്ന ന്യൂജെന്‍ മാരുതി ഡിസയറുമായി മത്സരിക്കും. ഈ ഉത്സവകാലത്ത് മാരുതി ഡിസയര്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹോണ്ടയുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കുമ്പോള്‍ ബ്രാന്‍ഡിന്റെ ഭാവി എസ്‌യുവികള്‍, ചെറിയ ഇവികള്‍, പുതിയ തലമുറ സിറ്റി സെഡാന്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഒരു പുതിയ PF2 പ്ലാറ്റ്ഫോം വികസിപ്പിക്കുന്നുണ്ട്. പുതിയ മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ ഹൈബ്രിഡ്, ഇലക്ട്രിക് എന്നിവയുള്‍പ്പെടെ ഒന്നിലധികം പവര്‍ട്രെയിനുകളെ പിന്തുണയ്ക്കുന്നതായിരിക്കും. അതില്‍ ഒന്നായിരിക്കും പുതിയ മൂന്ന്-വരി എസ്‌യുവി. ജപ്പാനിലും തായ്‌ലന്‍ഡിലുമായി ഇതിന്റെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു.
വരാനിരിക്കുന്ന ഹോണ്ട 7-സീറ്റര്‍ എസ്‌യുവിയുടെ പവര്‍ട്രെയിന്‍ എലിവേറ്റിനും സിറ്റിക്കും സമാനമാകാന്‍ സാധ്യതയുണ്ട്. പുതിയ ഹോണ്ട 7 സീറ്റര്‍ എസ്‌യുവി 2027 ഒക്ടോബറില്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പുതിയ എസ്‌യുവിക്ക് പിന്നാലെ പുതിയ തലമുറ ഹോണ്ട സിറ്റിയും വരും. 2028 മെയിലാണ് പുതിയ സിറ്റിയുടെ വരവ് പ്രതീക്ഷിക്കുന്നത്. PF2 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ സബ് 4 മീറ്റര്‍ എസ്‌യുവിയും ഹോണ്ട 2029-ന്റെ ആദ്യ പകുതിയില്‍ അവതരിപ്പിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








