തിക്കും തിരക്കും കുറയ്ക്കണം; ഇന്ത്യ കാത്തിരുന്ന മാരുതി കാറിന്റെ ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ചു
ഇന്ത്യയിലെ കാര്‍ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നാലാം തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് മെയ് മാസം തുടക്കത്തില്‍ ലോഞ്ച് ചെയ്യാന്‍ പോകുകയാണ്. ജനപ്രിയ ഹാച്ച്ബാക്ക് കാറിന്റെ ലോഞ്ചിന് കാഹളമൂതിക്കൊണ്ട് രാജ്യത്തെ ചില ഡീലര്‍മാര്‍ വണ്ടിയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ വായിക്കാം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഇതുവരെ വന്ന മൂന്ന് തലമുറ മോഡലുകളും മാരുതി സുസുക്ക് സല്‍പ്പേര് മാത്രമാണ് സമ്പാദിച്ച് നല്‍കിയത്. ആദ്യമായി കാര്‍ വാങ്ങുന്നവരുടെ മുന്നിലുള്ള പ്രഥമ ചോയ്‌സുകളില്‍ ഒന്നാണ് സ്വിഫ്റ്റ്. സുസുക്കിയുടെ മാതൃരാജ്യമായ ജപ്പാന്‍, ജര്‍മനി, യുകെ എന്നീ വിപണികളില്‍ ഇതിനോടകം അരങ്ങേറ്റം കുറച്ച ശേഷമാണ് ന്യൂജെന്‍ സ്വിഫ്റ്റ് മെയ് ഒമ്പതിന് ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ പോകുന്നത്.

ഇന്ത്യയില്‍ 2024 സ്വിഫ്റ്റിന്റെ ബുക്കിംഗ് അണ്‍ഒഫീഷ്യലായി സ്വീകരിച്ച് തുടങ്ങിയതായാണ് ഡീലര്‍ഷിപ്പ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 11,000 രൂപ ടോക്കണ്‍ തുക നല്‍കിയാലാണ് പുതുതലമുറ സ്വിഫ്റ്റ് ബുക്ക് ചെയ്യാനാകുക. എന്നാല്‍ ഇതുസംബന്ധിച്ചുള്ള ഔദ്യേഗിക പ്രഖ്യാപനങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. നിലവില്‍ LXi, VXi, ZXi, ZXi+ എന്നിവയാണ് സ്വിഫ്റ്റിന്റെ വേരിയന്റ് ലിസ്റ്റിലുള്ളത്. 2024 സ്വിഫ്റ്റിലേക്ക് വരുമ്പോള്‍ മാരുതി സുസുക്കി വേരിയന്റ് റേഞ്ച് മാറ്റില്ലെന്നാണ് കരുതപ്പെടുന്നത്.
ബ്ലൂ, റെഡ്, വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഓറഞ്ച് എന്നീ നിറങ്ങളില്‍ കാര്‍ തെരഞ്ഞെടുക്കാനും അവസരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ എത്താന്‍ പോകുന്ന കാറിന്റെ ഭൂരിഭാഗം ഡിസൈനും ഗ്ലോബല്‍ സ്‌പെക്കിന് സമാനമായിരിക്കും. 2024 സ്വിഫ്റ്റിന് പുതിയ ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പറുകള്‍, പുതുമയുള്ള ഗ്രില്‍ ഡിസൈന്‍, L ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്‍കളുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, പുതിയ അലോയ് വീലുകള്‍, റിയര്‍ വൈപ്പര്‍, വാഷര്‍, ഷാര്‍ക്ക്-ഫിന്‍ ആന്റിന എന്നിവ ലഭിച്ചേക്കാം.

സ്വിഫ്റ്റിന്റെ ഔട്ട്‌ഗോയിംഗ് മോഡ്‌ലിന്റെ പിന്‍വശത്തെ ഡോര്‍ഹാന്‍ഡില്‍ സി-പില്ലറിലാണ് ഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പുതുതലമുറ മോഡലില്‍ പരമ്പരാഗത ശൈലിയില്‍ ഹാന്‍ഡിലുകള്‍ ഡോറിലേക്ക് തന്നെ മടങ്ങിയെത്തും.അകത്തളത്തിലേക്ക് വരുമ്പോള്‍ ബലേനോയില്‍ നിന്നും ഫ്രോങ്ക്‌സില്‍ നിന്നും പ്രേരണയുള്‍ക്കൊണ്ട് കൊണ്ട് പ്രീമിയം നിലവാരത്തിലുള്ള ഡാഷ്‌ബോര്‍ഡ് ലേഔട്ട് നല്‍കും. ഇന്റീരിയറിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിനായി ഡ്യുവല്‍ ടോണ്‍ തീമും ലഭിച്ചേക്കാം.
ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 9.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ ക്യാബിനില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധ്യതയുണ്ട്. ആറ് എയര്‍ബാഗുകള്‍, ABS, EBD, ESP, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റും എന്നീ സേഫ്റ്റി ഫീച്ചറുകളും ന്യൂജെന്‍ സ്വിഫ്റ്റില്‍ ഉണ്ടാകും. എന്നാല്‍ ഗ്ലോബല്‍ സ്‌പെക്കില്‍ ഓഫര്‍ ചെയ്യുന്ന 360 -ഡിഗ്രി ക്യാമറയും, ADAS സംവിധാനവും ഇന്ത്യ സ്‌പെക്കിന് നഷ്ടമാകും.

83 bhp പവറും 112 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പുതിയ 1.2 ലിറ്റര്‍ Z-സീരീസ് ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനായിരിക്കും കാറിന് തുടിപ്പേകുക. 5 സ്പീഡ് മാനുവല്‍, CVT ഓട്ടോമാറ്റിക് ഗിയബോക്‌സ് ഓപ്ഷനുകളാണ് അന്താരാഷ്ട്ര വിപണിയിലുള്ള സ്വിഫ്റ്റിന് ലഭിക്കുന്നത്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് മാനുവലിനൊപ്പം AMT ഗിയര്‍ബോക്സ് ഓപ്ഷന്‍ മാത്രമായിരിക്കും ലഭിക്കുക.
അന്താരാഷ്ട്ര മോഡലിന് 12V മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സ്‌പെക്ക് മോഡലില്‍ ഇത് വരാന്‍ സാധ്യത നന്നേ കുറവാണ്. അന്താരാഷ്ട്ര തലത്തില്‍ ഓള്‍ ഗ്രിപ്പ് AWD സംവിധാനത്തോടെയാണ് സ്വിഫ്റ്റ് ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നതെങ്കിലും ഇതും ഇന്ത്യയിലേക്ക് വരുമ്പോള്‍ കാണാന്‍ സാധിച്ചേക്കില്ല. ന്യൂജെന്‍ സ്വിഫ്റ്റ് ലിറ്ററിന് 40 കിലോമീറ്റര്‍ മൈലേജ് തരുന്ന ഹൈബ്രിഡ് സിസ്റ്റവുമായിട്ട് വരുമെന്ന് കഴിഞ്ഞ വര്‍ഷം അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

വിദേശ വിപണിയില്‍ വില്‍ക്കുന്ന 2024 സ്വിഫ്റ്റിന്റെ ഇന്ധനക്ഷമത എട്ട് ശതമാനം കൂടിയെങ്കിലും 40 kmpl ഒന്നും കിട്ടുന്നില്ലെന്ന് ഓര്‍മിപ്പിക്കട്ടെ. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി വരുന്ന സ്വിഫ്റ്റാണ് ഏറ്റവും ഉയര്‍ന്ന മൈലേജ് തരുന്നത്. ലിറ്ററിന് 27.29 ആണ് ഇതിന്റെ ഇന്ധനക്ഷമത. ഗ്ലോബല്‍ സ്‌പെക്കില്‍ വാഗ്ദാനം ചെയ്യുന്ന പല കാര്യങ്ങളും ഇന്ത്യയിലെത്തുമ്പോള്‍ സ്വിഫ്റ്റില്‍ നിന്ന് അപ്രത്യക്ഷമാകും. പ്രൈസ് സെന്‍സിറ്റീവായ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അക്രമണാത്മകമായ വില നിര്‍ണയം നടത്താനാണ് ഇങ്ങനെ ചെയ്യുന്നത്.


Click it and Unblock the Notifications








