25 കി.മീ മൈലേജുള്ള ടൊയോട്ട കാര്‍, മാരുതിയുടെ കോപ്പിയല്ല കേട്ടോ... അരങ്ങേറ്റം മറ്റന്നാള്‍
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള ചങ്ങാത്തം എല്ലാവര്‍ക്കും അറിയാം. ഇരുകമ്പനികളും കാറുകള്‍ പരസ്പരം കൈമാറി റീബാഡ്ജ് ചെയ്ത് വില്‍ക്കാറുണ്ട്. ചെറുകാറുകള്‍ അധികം ഇല്ലാത്ത ടൊയോട്ടക്കാണ് ഈ പങ്കാളിത്തം കൊണ്ട് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായിട്ടുള്ളത്. നിലവില്‍ ഇന്ത്യയില്‍ ടൊയോട്ടയുടെ വില്‍പ്പനയുടെ പകുതിയോളം മാരുതി റീബാഡ്ജ് കാറുകളാണ്. ഡിസംബര്‍ 11-ന് ടൊയോട്ട ഒരു പുത്തന്‍ കാര്‍ ഇന്ത്യന്‍ വിപണിയിലേക്ക് കൊണ്ട് വരാന്‍ പോകുകയാണ്. ലോഞ്ചിന് മുന്നോടിയായി കാറിന്റെ ടീസര്‍ ചിത്രം കമ്പനി പുറത്തുവിട്ടിട്ടുണ്ട്. അത് ഒരു റീബാഡ്ജ്ഡ് കാര്‍ ആണോ അതോ തനത് ടൊയോട്ട ഉല്‍പ്പന്നമാണോ എന്നറിയാന്‍ തുടര്‍ന്ന് വായിക്കാം.
മാരുതിയുടെ ജനപ്രിയ കാര്‍ മോഡലുകളായ ബലേനോ, ഗ്രാന്‍ഡ് വിറ്റാര, എര്‍ട്ടിഗ, ഫ്രോങ്ക്‌സ് എന്നീ കാറുകള്‍ ഗ്ലാന്‍സ, ഹൈറൈഡര്‍, റൂമിയോണ്‍, ടൈസര്‍ എന്നീ പേരുകളിലാണ് ടൊയോട്ട വില്‍ക്കുന്നത്. റീബാഡ്ജ്ഡ് കാറുകള്‍ ആണെങ്കിലും ടൊയോട്ടയുടെ വിശ്വാസ്യത കാരണം ഈ കാറുകളും ചൂടപ്പം പോലെയാണ് വിറ്റ് പോകുന്നത്. എന്നാല്‍ ടൊയോട്ടയുടെ സ്വന്തം അച്ചില്‍ വാര്‍ത്ത ഒരു ഉല്‍പ്പന്നം തേടുന്ന ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്.

ലോകത്തെ ഏറ്റവും ജനപ്രിയമായ സെഡാനുകളില്‍ ഒന്നായ കാമ്രി നിലവില്‍ ഇന്ത്യയില്‍ ലഭ്യമാണ്. ഈ പ്രീമിയം സെഡാനിന്റെ ഒമ്പതാം തലമുറ പതിപ്പാണ് മറ്റന്നാള്‍ (11 ഡിസംബര്‍ 2024) ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറാന്‍ പോകുന്നത്. അകത്തും പുറത്തും നിരവധി കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായ കാമ്രി V6 ഒഴിവാക്കി എഞ്ചിന്‍ ലൈനപ്പും പരിഷ്‌കരിച്ചിട്ടുണ്ട്. ഇപ്പോള്‍ ലോഞ്ചിന് മുന്നോടിയായി ടൊയോട്ട തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സെഡാനിന്റെ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്.
കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ (സികെഡി) യൂണിറ്റായാണ് പുതിയ കാമ്രി ഇന്ത്യയിലെത്തുന്നത്. പുതിയ കാമ്രി ഒരു ഹൈബ്രിഡ് പതിപ്പില്‍ മാത്രമായിരിക്കും ലഭ്യമാകുക. പുറത്ത് നിന്ന് നോക്കിയാല്‍ മുന്‍ തലമുറ കാമ്രിയുടെ പരിണാമമാണ് പുതിയ മോഡല്‍. ഇതിന്റെ രൂപകല്‍പ്പന മുമ്പത്തേതിനേക്കാള്‍ വളരെ ഷാര്‍പ്പായിട്ടുള്ളതും പുതിയ ടൊയോട്ട മോഡലുകളായ പ്രിയസ്, ക്രൗണ്‍ എന്നിവയുമായി സമന്വയിക്കുന്നതുതാണ്. യാത്രാസുഖവും ഏവരെയും ആകര്‍ഷിക്കുന്ന ഫീച്ചറുകളുമാണ് ടൊയോട്ട കാറുകളുടെ മുഖമുദ്രകളില്‍ ഒന്ന്.

പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന നവീകരിച്ച ക്യാബിന്‍ കാമ്രിക്ക് ലഭിക്കുന്നു. എല്ലാ വേരിയന്റുകളിലും നിങ്ങള്‍ക്ക് 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ലഭിക്കും, അതേസമയം 12.3 ഇഞ്ച് യൂണിറ്റ് ഉയര്‍ന്ന ട്രിമ്മുകളില്‍ ലഭ്യമാണ്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് സ്റ്റാന്‍ഡേര്‍ഡ്. ജെബിഎല്‍ സൗണ്ട് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ട്, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവ സുഖസൗകര്യങ്ങളില്‍ ഉള്‍പ്പെടുന്നു. സുരക്ഷക്കായി ടെയോട്ട സേഫ്റ്റി സെന്‍സിംഗ് ADAS സ്യൂട്ടും കാര്‍ സജ്ജീകരിക്കും.
പുതിയ കാമ്രിക്ക് വിദേശത്ത് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. രണ്ട് ഇലക്ട്രിക് മോട്ടോറുകളുള്ള ബേസ് ട്രിമ്മുകള്‍ 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് ലഭിക്കുന്നത്. ഇത് 225 bhp പവര്‍ പുറത്തെടുക്കുകയും ഫ്രണ്ട് വീലുകള്‍ക്ക് കരുത്ത് പകരുകയും ചെയ്യുന്നു. ഉയര്‍ന്ന ട്രിമ്മുകള്‍ക്ക് മൂന്ന് ഇലക്ട്രിക് മോട്ടോറുകളുള്ള എഞ്ചിന്‍ ലഭിക്കുന്നു. പീക്ക് പവര്‍ 232 hp ആയി ഉയരുന്നു.

സ്റ്റാന്‍ഡേര്‍ഡായി സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനാണ് കാറില്‍ വരിക. കാമ്രിയുടെ ഇന്ത്യ-സ്‌പെക്ക് പതിപ്പിന് ഫ്രണ്ട്-വീല്‍-ഡ്രൈവ് സജ്ജീകരണം ലഭിക്കാനാണ് കൂടുതല്‍ സാധ്യത. പുത്തന്‍ കാമ്രിക്ക് ലിറ്ററിന് 25 കിലോമീറ്ററോളമാണ് മൈലേജ് അവകാശപ്പെടുന്നത്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ 20 കിലോമീറ്ററിനടുത്ത് ഇന്ധനക്ഷമത പ്രതീക്ഷിക്കാം. ഹൈബ്രിഡ് സജ്ജീകരണത്തിന്റെ ഭാഗമായ ബാറ്ററി റിയര്‍ ആക്‌സിലിന് മുന്നിലേക്ക് മാറ്റിയതിനാല്‍ കാറിന് 427 ലിറ്റര്‍ ലഗോജ് സ്‌പെയ്‌സ് ലഭിക്കുന്നു.
നിലവിലെ തലമുറ ടൊയോട്ട കാമ്രി 46.17 ലക്ഷം രൂപയ്ക്കാണ് വില്‍ക്കുന്നത്. പുതിയ മോഡലിന്റെ വില അതിനേക്കാള്‍ കൂടുതലായിരിക്കും. ഏകദേശം 48 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ഈ വില നിലവാരത്തില്‍ സ്‌കോഡ് സൂപ്പര്‍ബ്, BYD സീല്‍ ഇലക്ട്രിക് സെഡാന്‍ എന്നിവക്ക് ന്യൂജെന്‍ കാമ്രി എതിരാളിയാകും.


Click it and Unblock the Notifications








