വലിയ കുടുംബങ്ങള്‍ക്ക് സമാധാനമായി പോകാം! ഹോണ്ടയുടെ പുത്തന്‍ എംപിവി റെഡി
കൂടുതല്‍ പേര്‍ക്ക് കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാന്‍ പറ്റുന്ന മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ക്കും മിനി വാനുകള്‍ക്കും ഇന്ത്യയില്‍ പ്രചാരമേറി വരികയാണ്. പ്രമുഖ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട ഫ്രീഡ് എന്ന പേരില്‍ കഴിഞ്ഞ ദിവസം ഒരു എംപിവി ജപ്പാനില്‍ അവതരിപ്പിച്ചു. ഈ കാറിന്റെ സവിശേഷതകളും മാറിയ സാഹചര്യത്തില്‍ ഹോണ്ട ഈ വാഹനം ഇന്ത്യയില്‍ എത്തിക്കുമോ എന്നീ വിവരങ്ങള്‍ അറിയാന്‍ തുടര്‍ന്ന് വായിക്കാം.
ഇന്ത്യക്കാര്‍ക്ക് അത്ര സുപരിചിതമല്ലെങ്കിലും ജാപ്പനീസ് ബ്രാന്‍ഡില്‍ നിന്നുള്ള വളരെ ജനപ്രിയമായ മൂന്നുവരി മിനിവാനാണ് ഫ്രീഡ് (Honda Freed). ആസിയാന്‍ രാജ്യങ്ങളടക്കം ചില ആഗോള വിപണികളില്‍ ഹോണ്ട ഫ്രീഡ് വില്‍പ്പനക്കെത്തിക്കുന്നു. ജാപ്പനീസ് മാര്‍ക്കറ്റില്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി പുതിയ ഫ്രീഡിന്റെ മൂടുപടമഴിച്ചിരിക്കുകയാണ് ഹോണ്ട ഇപ്പോള്‍. അടുത്ത മാസം ഫ്രീഡ് ജപ്പാനില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ജാപ്പനീസ് ജനതയുടെ മാത്രമല്ല ലോകമെമ്പാടുമുള്ള എംപിവി പ്രേമികളുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തിലാണ് ഈ കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹോണ്ട സിറ്റി സെഡാന്‍ കാറിന്റെ പല സവിശേഷതകളും ഈ കാറിനുണ്ട്. ഇത് മാത്രമല്ല ഹോണ്ട ഫ്രീഡിന് പഴയൊരു ഇന്ത്യന്‍ കണക്ഷനുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എംപിവിയാണ് മാരുതി സുസുക്കി എര്‍ട്ടിഗ.
മാരുതി എംപിവിക്കുള്ള എതിരാളിയെന്ന നിലയില്‍ 2012-ല്‍ ഹോണ്ട ഫ്രീഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. അക്കാലത്തെ സിറ്റി, ജാസ് എന്നീ മോഡലുകളുമായി ഏറെ ചേര്‍ന്ന് നില്‍ക്കുന്ന ഫ്രീഡിന് ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ മാറ്റങ്ങള്‍ വരുത്താനായിരുന്നു ചിന്ത. എന്നാല്‍ എന്തുകൊണ്ടോ അത് പ്രാവര്‍ത്തികമായില്ല. പകരം 2014-ല്‍ മൊബീലിയോ എംപിവിയാണ് ഹോണ്ട ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. പ്രാദേശികമായിട്ടായിരുന്നു മൊബീലിയോയുടെ നിര്‍മാണം.

ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം 2024 അപ്‌ഡേറ്റ് ലഭിക്കുമ്പോള്‍ ഹോണ്ട ഫ്രീഡ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. രണ്ട് വ്യത്യസ്തമായ സ്‌റ്റൈലിംഗ് പാക്കേജിലാണ് പുതിയ ഫ്രീഡ് അരങ്ങേറിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഫ്രീഡിന് ലളിതവും പ്രയോഗികവുമായ രൂപകല്‍പ്പന ലഭിക്കുന്നു. എന്നാല്‍ കുറച്ച് കൂടി പരുക്കന്‍ ലുക്കിലുള്ള ഫ്രീഡ് ക്രോസ്‌സ്റ്ററിന് വ്യത്യസ്തമായ ഗ്രില്‍, ബമ്പര്‍ ഡിസൈനുകളാണുള്ളത്. ഹോണ്ടയുടെ മറ്റൊരു കാര്‍ മോഡലിലും ഇവ കണ്ടെത്താന്‍ കഴിയില്ലെന്നത് ശ്രദ്ധേയമാണ്.
അതുപോലെ, ഹെഡ്ലാമ്പിനും അലോയ് വീലിനും പുതിയ രൂപം നല്‍കിയിട്ടുണ്ട്. ഇവയെല്ലാം ചേര്‍ന്ന് ഫ്രീഡ് എംപിവിക്ക് തികച്ചും പുതിയ ലുക്കിലാണ് കാണപ്പെടുന്നത്. ഈ കാറിന്റെ വലിപ്പം നോക്കുമ്പോള്‍ ഇതിന് 4.3 മീറ്റര്‍ നീളമുണ്ട്. 2.74 മീറ്ററാണ് വീല്‍ബേസ് അളവ്. ചുരുക്കിപ്പറഞ്ഞാല്‍ ഹോണ്ട ഫ്രീഡിന് ഇന്ത്യയില്‍ വില്‍ക്കുന്ന സിറ്റി സെഡാനേക്കാള്‍ നീളമുണ്ട്. അകത്തേക്ക് വന്നാല്‍ മൂന്ന് നിരകളുള്ള സീറ്റിംഗ് ലേഔട്ടാണ് ഈ കാറിനുള്ളത്.

കൂടുതല്‍ ബൂട്ട്‌സ്‌പെയ്‌സ് ലഭിക്കുന്ന തരത്തില്‍ ഫ്രീഡ് ക്രോസ്‌സ്റ്ററിന് 5 സീറ്റിംഗ് ഓപ്ഷനും ലഭ്യമാണ്. അതുകൊണ്ട് തന്നെ ഒരു ചെറിയ കുടുംബത്തിന് ഈ കാറില്‍ സുഖമായി യാത്രകള്‍ പോകാം. ഇതോടൊപ്പം നിരവധി കംഫര്‍ട്ട് ഫീച്ചറുകളും കാറില്‍ ഹോണ്ട ഒരുക്കിയിട്ടുണ്ട്. ഒരു വലിയ ഫ്രീ സ്റ്റാന്‍ഡിംഗ് ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനും ഡ്രൈവര്‍ക്ക് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നു. രണ്ടാം നിരയിലെ യാത്രക്കാരുടെ സുഖസൗകര്യത്തിനായി റൂഫ് മൗണ്ടഡ് എസി വെന്റുകള്‍ നല്‍കിയിട്ടുണ്ട്.
പവര്‍ട്രെയിന്‍ വശങ്ങള്‍ നോക്കുമ്പോള്‍ ഹോണ്ട സിറ്റി സെഡാന്റെ അതേ എഞ്ചിന്‍ ഓപ്ഷനുകള്‍ ഫ്രീഡില്‍ ഹോണ്ട വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, അതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല. ഈ കാര്‍ മോഡലുകളില്‍ പെട്രോള്‍, പെട്രോള്‍-ഹൈബ്രിഡ് ഓപ്ഷനുകള്‍ പ്രതീക്ഷിക്കുന്നു. ഫ്രീഡിന്റെ എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ക്ക് 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും തുടിപ്പേകുക. ഈ എഞ്ചിന്‍ സിവിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കും.

ഈ ഫാമിലി കാര്‍ ഇന്ത്യയിലേക്ക് എത്തുമോ എന്നായിരിക്കും ഏവര്‍ക്കും അറിയേണ്ടത്. എന്നാല്‍ നിലവില്‍ ഹോണ്ട സിറ്റി സെഡാന്‍, എലിവേറ്റ് മിഡ്‌സൈസ് എസ്‌യുവി എന്നിവയിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇവ കമ്പനിക്ക് മികച്ച വില്‍പ്പനയും സമ്മാനിക്കുന്നുണ്ട്. ഈ വര്‍ഷം അമേസ് കോംപാക്ട് സെഡാന്റെ പുത്തന്‍ പതിപ്പും വിപണിയില്‍ എത്തിക്കാന്‍ പോകുന്നുണ്ട്. മാത്രമല്ല എലിവേറ്റ് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും ജാപ്പനീസ് ബ്രാന്‍ഡ് അണിയറയില്‍ ഒരുക്കുന്നുണ്ട്.
ഇന്ത്യയില്‍ എംപിവികള്‍ക്കും ഫാമിലി കാറുകള്‍ക്കും ഡിമാന്‍ഡ് കൂടിവരുന്ന സാഹചര്യത്തില്‍ ഫ്രീഡ് ഇവിടെ വില്‍പ്പനക്കെത്തിക്കുന്ന കാര്യം തള്ളിക്കളയാനാകില്ല. കമ്പനിയുടെ ഈ പുതിയ ഉല്‍പ്പന്നം വില്‍പ്പനയ്ക്കെത്തുകയാണെങ്കില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന വാഹന പ്രേമികള്‍ക്കിടയില്‍ ഇതിന് മികച്ച സ്വീകാര്യത ലഭിക്കും. ഏതായാലും പെട്ടെന്നൊന്നും ഈ കാര്‍ ഇന്ത്യയിലേക്ക് വരുന്ന ലക്ഷണമില്ല. ഹോണ്ട ഫ്രീഡിന്റെ ഇന്ത്യന്‍ എന്‍ട്രി സംബന്ധിച്ച് ബ്രാന്‍ഡ് വൈകാതെ എന്തെങ്കിലും അപ്‌ഡേറ്റ് തരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








