ഫീച്ചര്‍ റിച്ചായ ഈ കാറിന് ഇത്രയും കുറഞ്ഞ വിലയോ! കുറിച്ചുവെച്ചോ, കിയ ഷോറൂമിന്റെ മുന്നിലാകും ഇനി ക്യൂ
ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങളില്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ (എസ്‌യുവി) ചൂടപ്പം പോലെയാണ് വിറ്റ് തീരുന്നത്. സെഗ്‌മെന്റിന്റെ വളര്‍ച്ച മുതലെടുക്കാനായി നിരവധി പുത്തന്‍ മോഡലുകളാണ് അണിയറയില്‍ അണിഞ്ഞൊരുങ്ങുന്നത. ദക്ഷിണ കൊറിയന്‍ വാഹന ഭീമന്‍മാരായ കിയ പുതുതായി ഒരു കോംപാക്ട് എസ്‌യുവി പുറത്തിറക്കാന്‍ പോകുകയാണ്.
കിയയുടെ ലൈനപ്പില്‍ സോനെറ്റിനും സെല്‍റ്റോസിനും ഇടയില്‍ സ്ഥാനം പിടിക്കാന്‍ പോകുന്ന ഈ എസ്‌യുവിക്ക് 'ക്ലാവിസ്' എന്ന് പേര് ലഭിച്ചേക്കുമെന്നാണ് സൂചന. ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന എസ്‌യുവിയുടെ ആദ്യ സ്‌പൈ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ദക്ഷിണകൊറിയയില്‍ വെച്ച് ആദ്യമായി ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ കിയ ക്ലാവിസിനെ കുറിച്ച് നമുക്ക് സംസാരിക്കാം.

വരാന്‍ പോകുന്ന കോംപാക്ട് എസ്‌യുവിക്ക് കിയ AY എന്നാണ് ആന്തരികമായി കോഡ് നാമം നല്‍കിയിട്ടുള്ളത്. കാറിന്റെ ഭൂരിഭാഗം ഭാഗങ്ങളും മറച്ചുവെച്ച നിലയിലായിരുന്നു പരീക്ഷണയോട്ടം. എന്നാല്‍ മൊത്തത്തിലുള്ള ഉയരവും നീളവുമെല്ലാം പരിഗണിക്കുമ്പോള്‍ ഇത് വരാനിരിക്കുന്ന ക്ലാവിസാണെന്ന് തോന്നുന്നു. മറച്ചനിലയിലാണെങ്കിലും കിയ സോള്‍ ക്രോസ്ഓവറുമായി ക്ലാവിസിന് ഏറെ സാമ്യതകള്‍ കാണാം. എംആര്‍എഫിന്റെ ടയറുകള്‍ ഘടിപ്പിച്ച ടെസ്റ്റ് മ്യൂള്‍ ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നാണ് തോന്നുന്നത്.
സോനെറ്റില്‍ നിന്നും സെല്‍റ്റോസില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ ഒരു ബോക്സി ഡിസൈന്‍ ഭാഷയാണ് ക്ലാവിസിന് നല്‍കുക. എസ്‌യുവിക്ക് ലംബമായി ക്രമീകരിച്ച ഹെഡ്‌ലൈറ്റും C-ആകൃതിയിലുള്ള ഡിആര്‍എല്ലുകള്‍ ലഭിക്കുന്നതായി സ്‌പൈ ഷോട്ടുകളില്‍ നിന്ന് വ്യക്തമാണ്. കിയ EV9 എസ്‌യുവിക്ക് സമാനമായിരിക്കും പിന്‍വശത്തെ ഡിസൈന്‍. 360-ഡിഗ്രി ക്യാമറ, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, 12 പാര്‍ക്കിംഗ് സെന്‍സറുകള്‍ , ഫ്‌ലാഷ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് സ്‌പൈ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന ഫീച്ചറുകള്‍.

കിയ ഇന്ത്യയില്‍ വിപണനം ചെയ്യുന്ന സോനെറ്റ് സബ് 4 മീറ്റര്‍ എസ്‌യുവിയേക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ പുത്തന്‍ മോഡലില്‍ കാണുമെന്ന് പ്രതീക്ഷിക്കാം. 6 എയര്‍ബാഗുകള്‍, നാല് വീലിന് ഡിസ്‌ക് ബ്രേക്കുകള്‍, ഉയര്‍ന്ന വേരിയന്റുകളില്‍ ADAS എന്നിവ സുരക്ഷയൊരുക്കും. സോനെറ്റില്‍ നിന്ന് ഇതിനെ കൂടുതല്‍ വ്യത്യസ്തമാക്കുന്നതിനായി അകത്തളത്തില്‍ കൂടുതല്‍ സ്‌പെയ്‌സ് നല്‍കിയേക്കും.
പെട്രോള്‍/ഡീസല്‍, ഇവി പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഒരു പുതിയ പ്ലാറ്റ്ഫോമിലായിരിക്കും പുതിയ ക്ലാവിസ് നിര്‍മിക്കുക. വിപണിയില്‍ എത്തുന്നതോടെ കൂടുതല്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളുള്ള കിയ കാറായി ക്ലാവിസ് മാറിയേക്കാം. ഇന്ത്യയിലെ കിയയുടെ ആദ്യത്തെ ഹൈബ്രിഡ് കാറും ക്ലാവിസ് ആയേക്കും. പെട്രോള്‍, ഇവി അവതാരങ്ങളിലും ഇത് വില്‍പ്പനക്കെത്തും.

സോനെറ്റില്‍ നിന്നുള്ള 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനായിരിക്കും പെട്രോള്‍ പതിപ്പിന് തുടിപ്പേകുക. എമിഷന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്ന സാഹചര്യത്തില്‍ ഡീസല്‍ യൂണിറ്റ് ലഭിക്കുമോ എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ഡീസല്‍ പവര്‍ട്രെയിന്‍ ഉണ്ടെങ്കില്‍ 1.5 ലിറ്റര്‍ യൂണിറ്റ് ആയിരിക്കും കരുത്ത് പകരുക. ഈ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തോടെ ക്ലാവിസ് അവതരിപ്പിക്കുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2025-ന്റെ ആദ്യ പകുതിയില്‍ ആയിരിക്കും വില പ്രഖ്യാപനം.
ഒത്തിരി പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ഉള്ളതിനാല്‍ വിശാലമായ വേരിയന്റ് ലിസ്റ്റ് ക്ലാവിസിനുണ്ടാകും. കോംപാക്ട് എസ്‌യുവിയുടെ പെട്രോള്‍/ഡീസല്‍ പതിപ്പുകള്‍ ആയിരിക്കും ആദ്യം പുറത്തിറങ്ങുക. ഇതിനെ പിന്തുടര്‍ന്ന് ഇലക്ട്രിക് പതിപ്പും വിപണിയിലെത്തും. 14 ലക്ഷം മുതല്‍ 26 ലക്ഷം രൂപ വരെയാണ് ക്ലാവിസിന്റ വില പ്രതീക്ഷിക്കുന്നത്. ക്ലാവിസിന്റെ 1 ലക്ഷം യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാനാണ് കിയ ഇന്ത്യ പദ്ധതിയിടുന്നതെന്നാണ് സൂചന. ഐസി എഞ്ചിന്‍ പതിപ്പുകളായിരിക്കും ഇതിന്റെ 80 ശതമാനവും സംഭാവന ചെയ്യുക.

ഇന്ത്യയില്‍ നിര്‍മിച്ച് കാര്‍ മറ്റ് വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും. പുതിയ കാര്‍ണിവല്‍ എംപിവിയാണ് കിയ ഈ വര്‍ഷം ഇനി പുറത്തിറക്കാന്‍ പോകുന്ന അടുത്ത മോഡല്‍. താങ്ങാവുന്ന വിലയില്‍ അഴകൊത്ത ഫീച്ചര്‍ റിച്ചായ എസ്‌യുവികള്‍ അണിനിരത്തിയാണ് കിയ ചുരുങ്ങിയ നാളുകൊണ്ട് ഇന്ത്യന്‍ വിപണയില്‍ ടോപ് 5 കമ്പനികളില്‍ ഒന്നായി മാറിയത്. ക്ലാവിസ് കൂടി വരുന്നതോടെ ബ്രാന്‍ഡിന്റെ വിപണി വിഹിതം ഇനിയും ഉയര്‍ത്താനാകുമെന്നാണ് കൊറിയക്കാറുടെ ശുഭാപ്തി വിശ്വാസം.


Click it and Unblock the Notifications








