25+ കി.മീ മൈലേജുള്ള സെഡാന്‍ ഇത്രയും കുറഞ്ഞ വിലയില്‍? പുതിയ ഡിസയറിലൂടെ വീണ്ടും ഹിറ്റടിക്കാൻ മാരുതി
ഈ വര്‍ഷം മെയില്‍ പുറത്തിറങ്ങിയ നാലാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്ക് മികച്ച വില്‍പ്പന ആസ്വദിക്കുന്നുണ്ട്. സ്വിഫ്റ്റ് വന്നതോടെ സ്വാഭാവികമായും ഡിസയര്‍ സെഡാനും പുതിയ തലമുറ അവതാരത്തില്‍ എത്തുമെന്ന കാര്യം ഉറപ്പായിരുന്നു. ഏറെ നാളായി ന്യൂജെന്‍ സ്വിഫ്റ്റ് ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നത് ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. പൂര്‍ണമായോ അല്ലെങ്കില്‍ ഭാഗികമായോ മറച്ചരീതിയിലുള്ള സ്‌പൈ ചിത്രങ്ങളായിരുന്നു പുറത്തു വന്നത്. സ്‌പൈ ചിത്രങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലായ കാര്യങ്ങളും കാര്‍ എപ്പോള്‍ ലോഞ്ച് ചെയ്യുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങളും ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.
2008 മുതല്‍ ഇന്ത്യന്‍ കാര്‍ വിപണിയിലെ ശ്രദ്ധേയമായ കാര്‍ മോഡലുകളില്‍ ഒന്നാണ് മാരുതി സുസുക്കി ഡിസയര്‍ സെഡാന്‍. സബ് 4 മീറ്റര്‍ സെഡാന്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡല്‍ കുൂടിയാണിത്. ടാക്‌സിക്കാര്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഈ വാഹനം ഈ ഉത്സവകാലത്ത് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണയോട്ടത്തിനിടെ പകര്‍ത്തപ്പെട്ട സ്‌പൈ ചിത്രങ്ങളില്‍ നിന്ന് പുതിയ ഡിസയര്‍ 2024 സ്വിഫ്റ്റില്‍ നിന്ന് വ്യത്യസ്തമായ ലുക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.

ചരിത്രത്തില്‍ ആദ്യമായി സ്വിഫ്റ്റില്‍ നിന്ന് തികച്ചും വ്യത്യസ്തമായ സ്‌റ്റൈലിംഗ് ഡിസയറില്‍ വരുത്താന്‍ പോകുകയാണ് കമ്പനി. സമൂലമായി പുനര്‍രൂപകല്‍പ്പന ചെയ്യപ്പെടുന്ന കാര്‍ കാഴ്ചയില്‍ കൂടുതല്‍ പ്രീമിയമായി മാറും. മുന്‍വശത്ത് വെര്‍ട്ടിക്കല്‍ സ്ലാറ്റുകളുള്ള ഭീമാകാരമായ ഗ്രില്‍ ഉണ്ടാകും. എല്‍ഇഡി ഹെഡ്‌ലാമ്പുകളാല്‍ ഇത് ചുറ്റപ്പെട്ടിരിക്കുന്നു. ബമ്പറിന്റെ അറ്റത്ത് അരികുകളിലായി ഫോഗ് ലാമ്പുകള്‍ നല്‍കിയേക്കും. ബമ്പറിന്റെ താഴ്ഭാഗം അല്‍പ്പം പരുക്കന്‍ ലുക്കിലായിരിക്കും വരിക.
വശങ്ങളിലേക്ക് വരുമ്പോള്‍ 15 ഇഞ്ച് 8 സ്‌പോക്ക് ഡ്യൂവല്‍ ടോണ്‍ അലോയ് വീലുകളും വിന്‍ഡോകള്‍ക്ക് ചുറ്റും ക്രോം ബെല്‍റ്റും നല്‍കും. ഷാര്‍ക്ക് ഫിന്‍ ആന്റിന, പുതിയ ആരോ എല്‍ഇഡി ടെയില്‍ലാമ്പ്, ബൂട്ട് ലിഡുമായി സംയോജിപ്പിച്ച സ്‌പോയിലര്‍, ബമ്പറുകള്‍ എന്നിവയുമായി പിന്‍ഭാഗം നവീകരിക്കും. സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറായിക്കൊണ്ട് പുത്തന്‍ ഡിസയറില്‍ സണ്‍റൂഫ് ഫീച്ചര്‍ ചെയ്യുമെന്ന് സ്‌പൈ ചിത്രങ്ങള്‍ സ്ഥിരീകരിക്കുന്നു.

സെഡാന്റെ ഇന്റീരിയറിനെ കുറിച്ച് ചിത്രങ്ങളില്‍ വ്യക്തതയില്ല. ഇന്റീരിയര്‍ ലേഔട്ടും സ്വിഫ്റ്റിനേക്കാള്‍ അല്പം വ്യത്യസ്തമായിരിക്കും എന്ന് വ്യക്തമാണ്. അകത്തളത്തില്‍ ബീജ് അപ്‌ഹോള്‍സ്റ്ററിയും ഡാര്‍ക്ക് ഡാഷ്‌ബോര്‍ഡ് തീമും പ്രതീക്ഷിക്കാം. ആധുനിക സൗകര്യങ്ങളും സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകളും 2024 ഡിസയറിലുണ്ടാകും. എല്ലാ പുതിയ മാരുതി സുസുക്കി മോഡലുകളെയും പോലെ ഇതിലും ഒരു വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സ്ഥാനം പിടിക്കും.
മിക്കവാറും, ഡിസയറിന്റെ എല്ലാ ട്രിമ്മുകളിലും ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ നല്‍കിയേക്കും. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് ചാര്‍ജര്‍, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ എന്നീ പ്രീമിയം ഫീച്ചറുകളില്‍ ചിലത് കാറില്‍ പ്രതീക്ഷിക്കാം. സുരക്ഷയ്്ക്കായി 360-ഡിഗ്രി ക്യാമറ, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, 6 എയര്‍ബാഗുകള്‍ എന്നിവയും മാരുതി വാഗ്ദാനം ചെയ്‌തേക്കും.

പവര്‍ട്രെയിന്‍ വശത്തേക്ക് വരുമ്പോള്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്ന മാരുതി സുസുക്കിയുടെ രണ്ടാമത്തെ കാറായി പുതിയ ഡിസയര്‍ മാറും. നാലാം തലമുറ സ്വിഫ്റ്റിനൊപ്പമാണ് ഈ എഞ്ചിന്‍ അരങ്ങേറിയത്. എന്നാല്‍ പുതിയ ഡിസയറിന്റെ കൃത്യമായ പവര്‍ കണക്കുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുതിയ ഡിസയറിന് 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ലഭിക്കും. 2024 സ്വിഫ്റ്റ് പെട്രോളിന് ലിറ്ററിന് 24.8 കിലോമീറ്റര്‍ ആണ് മൈലേജ് പറയുന്നത്.ഡിസയറിന്റെ സിഎന്‍ജി പതിപ്പും ഓഫര്‍ ചെയ്യപ്പെടും. എന്നിരുന്നാലും ഇത് ലോഞ്ച് ഇവന്റില്‍ വെച്ച് അവതരിപ്പിക്കുമോ അതോ സ്വിഫ്റ്റിലെ പോലെ പിന്നീട് പുറത്തിറക്കുമോ എന്ന കാര്യം വ്യക്തമല്ല.
2024 സ്വിഫ്റ്റ് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 32.85 കിലോമീറ്ററാണ്. ഏകദേശം സമാനമായ ഇന്ധനക്ഷമത കണക്കുകള്‍ തന്നെയാകും ഡിസയറിനും ഉണ്ടാവുക. പുതിയ മാരുതി ഡിസയറിന്റെ വില 7 ലക്ഷം രൂപയില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ച് ചെയ്തുകഴിഞ്ഞാല്‍ ഹ്യുണ്ടായി ഓറ, ഹോണ്ട അമേസ് എന്നിവയുമായി മത്സരിക്കും. ഈ വര്‍ഷം ഒക്ടോബറില്‍ മാരുതി ഡിസയറിന്റെ വില പ്രഖ്യാപിക്കുമെന്നാണ് സൂചന.


Click it and Unblock the Notifications








