25.75 കി.മീ മൈലേജുള്ള കാറിന്റെ ഡിസ്‌കൗണ്ട് കൂട്ടി മാരുതി! ഓണത്തിന് ഒരെണ്ണം വീട്ടിലെത്തിച്ചാലോ?
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി 1,37,463 യൂണിറ്റ് വില്‍പ്പനയുമായി 2024 ജൂലൈയിലും ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയിലും വിപണി വിഹിതത്തിലും ഇടിവ് നേരിട്ടു. ഈ സാഹചര്യത്തില്‍ യാര്‍ഡില്‍ കിടക്കുന്ന വാഹനങ്ങള്‍ വിറ്റഴിക്കാന്‍ വേണ്ടി മാരുതി തങ്ങളുടെ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ആകര്‍ഷകമായ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതില്‍ പ്രധാനമാണ് ഏറ്റവും പുതിയ സ്വിഫ്റ്റ്. കഴിഞ്ഞ മാസം ആദ്യമായി ജനപ്രിയ ഹാച്ച്ബാക്ക് ഓഫര്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. ഈ മാസം കാറിന്റെ ഡിസ്‌കൗണ്ട് ഓഫര്‍ ഉയര്‍ത്തിയിരിക്കുകയാണ് കമ്പനി.
ഇക്കഴിഞ്ഞ മെയിലാണ് മാരുതി സുസുക്കി നാലാം തലമുറ സ്വിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. പുതിയ പെട്രോള്‍ എഞ്ചിനൊപ്പം നിരവധി അപ്‌ഡേറ്റുകളും ഹാച്ച്ബാക്ക് കാറിന് ലഭിച്ചിരുന്നു. വിപണിയില്‍ എത്തി ആദ്യ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറായി സ്വിഫ്റ്റ് മാറി. എങ്കിലും പിന്നീട് ടാറ്റ പഞ്ച് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. കാറിന്റെ വില്‍പ്പന ഉയര്‍ത്താനും 2023 മോഡലുകള്‍ വിറ്റ് തീര്‍ക്കാനുമായി കഴിഞ്ഞ മാസം സ്വിഫ്റ്റിന് മാരുതി ഓഫര്‍ ഇട്ടിരുന്നു.

ഈ മാസം ജൂലൈയില്‍ ലഭ്യമായിരുന്ന കിഴിവ് കമ്പനി വര്‍ധിപ്പിച്ചിരിക്കുകയാണ്. ജൂലൈ 17 മുതല്‍ 31 വരെ കമ്പനി സ്വിഫ്റ്റിന് 17,000 രൂപ കിഴിവ് നല്‍കിയിരുന്നു. അതേസമയം ഈ മാസം ന്യൂജെന്‍ സ്വിഫ്റ്റിന്റെ മാനുവല്‍ വേരിയന്റുകള്‍ക്ക് 28100 രൂപ വരെ ഡിസ്‌കൗണ്ട് ലഭ്യമാണ്. അതേസമയം തന്നെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 33100 രൂപ വരെ കിഴിവ് ലഭിക്കും.
കഴിഞ്ഞ മാസം ഇത് 15000 രൂപ മാത്രമായിരുന്നു. ഇനിയും വിറ്റു തീരാത്ത 2023 MY സ്‌റ്റോക്കുകള്‍ക്കും ആകര്‍ഷകമായ കിഴിവുണ്ട്. പെട്രോള്‍ വേരിയന്റുകള്‍ക്ക് 28100 രൂപയും സിഎന്‍ജി പതിപ്പുകള്‍ക്ക് 18100 രൂപയുമാണ് ഡിസ്‌കൗണ്ട്. LXi, VXi, VXi (O), ZXi, ZXi+, ZXi+ ഡ്യുവല്‍ ടോണ്‍ എന്നീ 6 വേരിയന്റുകളിലാണ് 2024 സ്വിഫ്റ്റ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ അവതരിപ്പിച്ചത്.
ബേസ് വേരിയന്റായ LXi യുടെ വില 6.49 ലക്ഷം രൂപയാണ്. മുന്‍നിര മോഡല്‍ ZXi ഡ്യുവല്‍ ടോണിന് 9.64 ലക്ഷം രൂപ മുടക്കേണ്ടതായുണ്ട്. എക്‌സ്‌ഷോറൂം വിലകളാണിത്. പുതിയ സ്വിഫ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന് ഇതിന്റെ പുതുക്കിയ ഇന്റീരിയറാണ്. ആഡംബരം നിറഞ്ഞ ഒരു ക്യാബിനാണ് കാറില്‍ ഇപ്പോള്‍ ഓഫര്‍ ചെയ്യുന്നത്. റിയര്‍ എസി വെന്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, ഡ്യുവല്‍ ചാര്‍ജിംഗ് പോര്‍ട്ടുകളും എന്നിവ ഈ കാറില്‍ ലഭ്യമാകുന്നു.
റിയര്‍ വ്യൂ ക്യാമറ ഉള്ളതിനാല്‍ ഡ്രൈവര്‍ക്ക് കാര്‍ പാര്‍ക്കിംഗ് എളുപ്പമാകുന്നു. 9 ഇഞ്ച് ഫ്രീ-സ്റ്റാന്‍ഡിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനാണ് ഇതിനുള്ളത്. പുതുതായി രൂപകല്‍പ്പന ചെയ്ത ഡാഷ്‌ബോര്‍ഡ് പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്. വയര്‍ലെസ് കണക്റ്റിവിറ്റിയുള്ള ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ ഈ സ്‌ക്രീന്‍ പിന്തുണയ്ക്കുന്നു. ബലെനോയുടെയും ഗ്രാന്‍ഡ് വിറ്റാരയുടെയും അതേ ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍ ഉപയോഗിച്ച് സെന്റര്‍ കണ്‍സോള്‍ പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

ഇതിന് പുറമെ പുതിയ എല്‍ഇഡി ഫോഗ് ലാമ്പും കാറില്‍ ലഭിക്കുന്നു.പുതിയ സ്വിഫ്റ്റിന്റെ സുരക്ഷാ ഫീച്ചറുകളെ കുറിച്ച് പറയുമ്പോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഇഎസ്പി, പുതിയ സസ്‌പെന്‍ഷന്‍, എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ എന്നിവ ലഭിക്കും. ക്രൂയിസ് കണ്‍ട്രോള്‍, എല്ലാ സീറ്റുകള്‍ക്കും 3-പോയിന്റ് സീറ്റ്‌ബെല്‍റ്റുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ബ്രേക്ക് അസിസ്റ്റ് (ബിഎ) തുടങ്ങിയ അതിശയിപ്പിക്കുന്ന സുരക്ഷാ ഫീച്ചറുകള്‍ ഇതിലുണ്ട്.
2024 സ്വിഫ്റ്റിലെ പ്രധാന അപ്‌ഡേറ്റുകളില്‍ ഒന്ന് പുതിയ എഞ്ചിനാണ്. പുതിയ Z സീരീസ് എഞ്ചിന്‍ പഴയ സ്വിഫ്റ്റിനെ അപേക്ഷിച്ച് മൈലേജ് ഗണ്യമായി വര്‍ധിപ്പിക്കുന്നു.പുതിയ 1.2L Z12E ത്രീ സിലിണ്ടര്‍ NA പെട്രോള്‍ എഞ്ചിന്‍ 80 bhp പവറും 112nm ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് AMT ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കുന്നു. പുതിയ സ്വി്റ്റിന്റെ മാനുവല്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 24.80 കിലോമീറ്ററാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്.

അതേസമയം ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 25.75 കിലോമീറ്റര്‍ മൈലേജാണ് കമ്പനി പറയുന്നത്. ഈ ഓണത്തിന് ഒരു കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കിടിലന്‍ ഓഫറില്‍ പുതിയ സ്വിഫ്റ്റ് സ്വന്തമാക്കാം. എന്നാല്‍ ഈ ഓഫറുകള്‍ ഓരോ നഗരത്തിനും സ്‌റ്റോക്കിന്റെ ലഭ്യതയ്ക്കും അനുസരിച്ച് വ്യത്യാസപ്പെടും. അതുകൊണ്ട് നിങ്ങളുടെ നഗരത്തില്‍ 2024 സ്വിഫ്റ്റിന്റെ ഓഫറുകളെ കുറിച്ച് അറിയാന്‍ ഏറ്റവും അടുത്ത മാരുതി സുസുക്കി ഷോറൂം സന്ദര്‍ശിക്കുക.


Click it and Unblock the Notifications








