പെട്രോളില്‍ സിഎന്‍ജി കാറിന്റെ മൈലേജ് തരും ന്യൂജെന്‍ സ്വിഫ്റ്റ്! എതിരാളികളെല്ലാം നാലടി പിറകില്‍
ഇന്ത്യന്‍ വാഹന വിപണി ഇക്കൊല്ലം ആകാംക്ഷാപൂര്‍വം കാത്തിരുന്ന കാര്‍ ഇന്ന് (09 മെയ് 2024) ലോഞ്ചായിരിക്കുകയാണ്. പതിറ്റാണ്ടുകളായി ഇന്ത്യന്‍ കാര്‍ വിപണിയില്‍ നിറഞ്ഞ് നില്‍ക്കുന്ന മാരുതി സുസുക്കി സ്വിഫ്റ്റിന്റെ നാലാം തലമുറ പതിപ്പാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 6.49 ലക്ഷം മുതല്‍ 9.50 ലക്ഷം രൂപ വരെയാണ് ഈ ഹാച്ച്ബാക്കിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്.
മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ന്യൂജെന്‍ പതിപ്പ് പുറത്തിറങ്ങാന്‍ പോകുന്നുവെന്ന് കേട്ടപ്പോള്‍ തന്നെ വണ്ടിപ്രാന്തന്‍മാര്‍ ആവേശത്തിലാകാന്‍ കാരണം അതില്‍ ഹൈബ്രിഡ് സിസ്റ്റം സജ്ജീകരിക്കാന്‍ പോകുന്നുവെന്നതായിരുന്നു. ഹൈബ്രിഡ് ടെക്കുമായി വരുന്ന സ്വിഫ്റ്റിന് ലിറ്ററിന് 40 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്ന വാര്‍ത്ത കാട്ടുതീ പോലെയാണ് പടര്‍ന്നത്. എന്നാല്‍ ജപ്പാനില്‍ നാലാം തലമുറ സ്വിഫ്റ്റ് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായാണ് ലോഞ്ചായത്. എന്നാല്‍ പറഞ്ഞ പോലെ 40 കിലോമീറ്റര്‍ മൈലേജൊന്നും കിട്ടിയില്ല.

നാലാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്ക് ഇന്ത്യയിലെത്തിയപ്പോള്‍ ഹൈബ്രിഡ് ടെക് കിട്ടിയില്ലെങ്കിലും അതിന്റെ ഏറ്റവും ആവേശകരമായ സംഗതി പുതിയ പവര്‍ട്രെയിനായിരുന്നു. 2024 സ്വിഫ്റ്റിന് കരുത്ത് പകരുന്ന പുതിയ Z സീരീസ് ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് മുന്‍ഗാമിയേക്കാള്‍ പവര്‍ കുറവാണെങ്കിലും മൈലേജ് കൂടുതലാണ്. 2024 സ്വിഫ്റ്റിന്റെയും അതിന്റെ എതിരാളികളുടെയും മൈലേജ് താരതമ്യം ചെയ്യാനാണ് നമ്മള്‍ ഇനി ശ്രമിക്കുന്നത്.
ഹാച്ച്ബാക്ക് വിഭാഗത്തില്‍ സ്വിഫ്റ്റിന്റെ നേരിട്ടുള്ള എതിരാളികളായ ടിയാഗോ, ഗ്രാന്‍ഡ് i10 നിയോസ്, സിട്രണ്‍ C3 എന്നിവയ്ക്ക് പുറമെ പഞ്ച്, എക്സ്റ്റര്‍, ഇഗ്നിസ് തുടങ്ങിയ സമാന വിലയുള്ള സബ് കോംപാക്റ്റ് എസ്യുവികളുടെ മൈലേജും താരതമ്യത്തിനായി പരിഗണിച്ചിട്ടുണ്ട്. മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുമ്പോള്‍ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ പുതിയ Z സീരീസ് എഞ്ചിന്‍ ലിറ്ററിന് 24.80 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്.

അതേസമയം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി വരുമ്പോള്‍ മൈലേജ് ലിറ്ററിന് 25.75 ആയി കൂടുന്നു. പുതിയ സ്വിഫ്റ്റ് മാനുവലിന് അതിന്റെ മുന്‍ഗാമിയേക്കാള്‍ 2.42 kmpl മൈലേജ് കൂടുതല്‍ കിട്ടും. ഓട്ടോമാറ്റിക്കിനാണെങ്കില്‍ 3.19 കിലോമീറ്റാണ് കൂടുതല്‍. മുകളില്‍ പറഞ്ഞ എതിരാളികളെ എല്ലാവരെയും മൈലേജിന്റെ കാര്യത്തില്‍ ന്യൂജെന്‍ സ്വിഫ്റ്റ് കടത്തിവെട്ടും. ഔട്ട്‌ഗോയിംഗ് സ്വിഫ്റ്റാണ് മൈലേജിന്റെ കാര്യത്തില്‍ രണ്ടാമത്.
ഗ്രാന്‍ഡ് I10 നിയോസ് എടുത്താന്‍ മാനുവല്‍ പതിപ്പ് ലിറ്ററിന് 20.7 കിലോമീറ്ററും ഓട്ടോമാറ്റിക് ലിറ്ററിന് 20.1 കിലോമീറ്ററുമാണ് മൈലേജ് പറയുന്നത്. സിട്രണ്‍ C3 മാനുവല്‍ വേരിയന്റില്‍ 19.8 കിലോമീറ്റര്‍ മൈലേജ് നല്‍കും. ടാറ്റ ടിയാഗോയുടെ മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ യഥാക്രമം 20.09 kmpl, 20.09 kmpl മൈലേജാണ് നല്‍കുക. മാരുതി ഇഗ്‌നിസിന്റെ കാര്യമെടുത്താന്‍ മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ ഒരു ലിറ്റര്‍ പെട്രോളിന് 20.89 കിലോമീറ്ററാണ് ഇന്ധനക്ഷമത നല്‍കുന്നത്.

ഇപ്പോള്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗായ മൈക്രോ എസ്‌യുവികളുടെ കാര്യം നോക്കുമ്പോള്‍ ഹ്യുണ്ടായി എക്‌സ്റ്റര്‍ മാനവുല്‍ ലിറ്ററിന് 19.4 കിലോമീറ്റര്‍ ആണ് മൈലേജ് നല്‍കുന്നത്. അതേസമയം ഓട്ടോമാറ്റിക് ലിറ്ററിന് 19.2 ലിറ്റര്‍ മൈലേജാണ് നല്‍കുക. സ്വിഫ്റ്റുമായി താരതമ്യം ചെയ്യുന്ന കാറുകളില്‍ ഏറ്റവും കുറവ് മൈലേജ് ടാറ്റ പഞ്ചിനാണ്. പഞ്ചിന്റെ മാനുവലിന് 18.97 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 18.82 കിലോമീറ്ററുമാണ് മൈലേജ്. അതേസമയം പഞ്ചിനും എക്‌സ്റ്റിനും കൂടുതല്‍ ഇന്ധനക്ഷമതയുള്ള സിഎന്‍ജി വേരിയന്റുകളുണ്ടെന്ന കാര്യം ഓര്‍മിക്കുക.
പുതിയ സ്വിഫ്റ്റിനെ കുറിച്ച് പറയുമ്പോള്‍ ഡിസൈനിംഗില്‍ പരിചിതമായ രൂപം തന്നെ നിലനിര്‍ത്തിയിരിക്കുന്നു. പുതിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഗ്ലോസ് ബ്ലാക്ക് ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഫോഗ് ലൈറ്റുകള്‍, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, പുതിയ എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയാണ് പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

വയര്‍ലെസ് ചാര്‍ജര്‍, വയര്‍ലെസ് ഫോണ്‍ മിററിംഗ്, സുസുക്കി കണക്റ്റ്, റിയര്‍ എസി വെന്റുകള്‍, 60:40 സ്പ്ലിറ്റ് പിന്‍ സീറ്റുകള്‍, കീലെസ് എന്‍ട്രി, ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, എല്ലാ സീറ്റുകള്‍ക്കും റിമൈന്‍ഡറോടുകൂടിയ ത്രീ പോയിന്റ് സീറ്റ്‌ബെല്‍റ്റുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നീ മോഡേണ്‍ ഫീച്ചറുകളും കാറിന്റെ അകത്തളത്തില്‍ ഒരുക്കിയിട്ടുണ്ട്.
ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വരുമ്പോള്‍, ISOFIX ആങ്കറുകള്‍, ഇബിഡിയുള്ള എബിഎസ് തുടങ്ങിയ കാര്യങ്ങളും സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി ഫീച്ചറുകളാണ്. ഓട്ടോമാറ്റിക് വേരിയന്റുകളില്‍ മാത്രമാണ് ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് ഓഫര്‍ ചെയ്യുന്നത്. അടുത്തിടെ ഹാച്ച്ബാക്ക് കാറുകളുടെ വില്‍പ്പനയില്‍ നേരിട്ട ഇടിവ് 2024 സ്വിഫ്റ്റിലൂടെ മറികടക്കാനാകുമെന്നാണ് മാരുതിയുടെ പ്രതീക്ഷ. ഉടന്‍ തന്നെ ഡെലിവറി തുടങ്ങാന്‍ പോകുന്ന പുതിയ സ്വിഫ്റ്റ് ഇതിനോടകം ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications








