34 കി.മീ മൈലേജ്, വില തുടങ്ങുന്നത് 5.50 ലക്ഷം മുതല്‍! 66 മാസം കൊണ്ട് ഈ കാര്‍ വാങ്ങിയത് 10 ലക്ഷം പേര്‍
ഈ വര്‍ഷം മാരുതി സുസുക്കി നിരവധി വില്‍പ്പന നാഴികക്കല്ലുകളാണ് പിന്നിട്ടത്. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച് 40 വര്‍ഷം കൊണ്ട് 30 ദശലക്ഷം കാറുകള്‍ വിറ്റ് റെക്കോഡ് ഇട്ടത്് ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു. ഈ വര്‍ഷാരംഭത്തില്‍ എര്‍ട്ടിഗ എംപിവിയുടെ വില്‍പ്പന 10 ലക്ഷം യൂണിറ്റ് പിന്നിടുകയും ചെയ്തു. മാരുതി സുസുക്കിയുടെ പ്രീമിയം ബ്രാന്‍ഡായ നെക്‌സ 2.5 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികകല്ല് താണ്ടിയത് 2024 മെയ് മാസത്തിലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാറുകളില്‍ ഒന്നായ സ്വിഫ്റ്റ് 'മില്ല്യണ്‍' ക്ലബില്‍ കയറിയത് കഴിഞ്ഞ മാസമാണ്. അടുത്ത ഊഴം ഏറ്റവും പുതിയ മാരുതി വാഗണ്‍ആറിന്റേതാണ് .
2019 ജനുവരിയിലാണ് മൂന്നാം തലമുറ മാരുതി വാഗണ്‍ആര്‍ വിപണിയില്‍ എത്തിയത്. ആദ്യം 1.0 ലിറ്റര്‍ പെട്രോള്‍ മോഡലായി എത്തിയ കാര്‍ പിന്നീട് 1.2 ലിറ്റര്‍ പെട്രോള്‍, സിഎന്‍ജി വേരിയന്റുകളിലുമെത്തി. പ്രായോഗികതക്കൊപ്പം വിശാലമായ ഇന്റീരിയറും വളയം പിടിക്കാനുള്ള എളുപ്പവും കാരണം എസ്‌യുവി ജ്വരത്തിനിടയിലും സിറ്റി ഡ്രൈവിന് പറ്റിയ കാറായി വാഗണ്‍ആര്‍ തുടരുന്നു. ഇതിനിടെ ഈ വര്‍ഷത്തെ ഏറ്റവും പുതിയ മാരുതി 'ലക്ഷപ്രഭു' ആയി മാറിയിരിക്കുകയാണ് പുതിയ വാഗണ്‍ആര്‍.

2019 ജനുവരി 23-ന് ലോഞ്ച് ചെയ്തതിനുശേഷം ഒരു ദശലക്ഷത്തിലധികം യൂണിറ്റുകളുടെ വില്‍പ്പനയാണ് പുതിയ തലമുറ കാര്‍ നേടിയത്. 2023 സാമ്പത്തിക വര്‍ഷമാണ് കാര്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പന നേടിയത്. 12 മാസ കാലയളവില്‍ കാറിന്റെ 2,12,340 യൂണിറ്റുകളാണ് മാരുതി വിതരണം ചെയ്തത്. അതേസമയം 2024 സാമ്പത്തിക വര്‍ഷത്തില്‍ 2,00,177 യൂണിറ്റ് വില്‍പ്പന നേടി തുടര്‍ച്ചയായി മൂന്നാം സാമ്പത്തിക വര്‍ഷവും ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചര്‍ കാറായി മാറാന്‍ വാഗണ്‍ആറിനായി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാരുതി സുസുക്കിയുടെ മൊത്തം പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ (1.75 ദശലക്ഷം യൂണിറ്റ്) 11 ശതമാനം സംഭാവന ചെയ്തത് ഈ ഹാച്ച്ബാക്കാണ്. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസം കമ്പനി ഏകദേശം 46,312 വാഗണ്‍ആര്‍ വിറ്റഴിച്ചതോടെയാണ് 1 ദശലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് മറികടക്കാന്‍ പുതിയ വാഗണ്‍ ആറിനായി.

1999-ല്‍ ആദ്യമായി വിപണിയില്‍ എത്തിയ വാഗണ്‍ആര്‍ ഈ വര്‍ഷം അതിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഇതുവരെ ഏകദേശം 3.21 ദശലക്ഷം യൂണിറ്റ് വാഗണ്‍ആറുകള്‍ നിരത്തിലെത്തിയതായാണ് കണക്ക്. 2023 മെയ് മാസത്തിലാണ് മൊത്തം വില്‍പ്പന 3 ദശലക്ഷം പിന്നിട്ടത്. സുസുക്കിയുടെ ഹാര്‍ട്ട്ടെക്റ്റ് പ്ലാറ്റ്ഫോമിലാണ് വാഗണ്‍ആറിന്റെ നിര്‍മാണം. സെലേറിയോ, സ്വിഫ്റ്റ്, ബലേനോ എന്നീ മോഡലുകള്‍ക്ക് അടിവരയിടുന്നതും ഇതേ പ്ലാറ്റ്‌ഫോമാണ്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് കാറില്‍ വരുന്നത്.
ആദ്യത്തെ 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 68 bhp പവറും 90 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതാണ്. കൂടുതല്‍ ശക്തമായ 1.2. -ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 83 bhp പവറും 113 Nm ടോര്‍ക്കും നല്‍കുന്നു. രണ്ട് എഞ്ചിനുകളിലും മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഉണ്ട്. ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റിനൊപ്പവും വാഗണ്‍ആര്‍ ലഭ്യമാണ്.
വാഗണ്‍ആര്‍ ഒമ്പത് വേരിയന്റുകളില്‍ വാങ്ങാന്‍ സാധിക്കും. അടിസ്ഥാന വേരിയന്റായ 1.0 ലിറ്റര്‍ LXi പെട്രോളിന് 5.55 ലക്ഷം രൂപയാണ് വില. ടോപ്പ് എന്‍ഡ് 1.2 ലിറ്റര്‍ ZXi+ AMT വേരിയന്റിന്റെ വില 7.38 ലക്ഷം രൂപയാണ്. എക്‌സ്‌ഷോറൂം വിലകളാണിത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടാക്കോമീറ്റര്‍, വിംഗ് മിററുകളിലെ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, 4 സ്പീക്കറുകള്‍ എന്നിവ സവിശേഷതകളാണ്.
മികച്ച മൈലേജാണ് ഈ കാറിന്റെ മറ്റൊരു പ്രത്യേകത. മാരുതി സുസുക്കി വാഗണ്‍ ആറിന്റെ പെട്രോള്‍-മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 24.35 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഈ കാറിന്റെ പെട്രോള്‍-എജിഎസ് വേരിയന്റുകളുടെ മൈലേജ് ലിറ്ററിന് 25.19 കിലോമീറ്ററാണ്. ഇതിനെല്ലാം ഉപരിയായി മാരുതി സുസുക്കി വാഗണ്‍ ആറിന്റെ സിഎന്‍ജി വേരിയന്റുകള്‍ക്കാണ് ഞെട്ടിക്കുന്ന മൈലേജ്. വാഗണ്‍ആര്‍ സിഎന്‍ജി കിലോഗ്രാമിന് 33.47 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications








