വീണ്ടും ഭാഗ്യപരീക്ഷണത്തിനൊരുങ്ങി റെനോ-നിസാൻ സഖ്യം; അണിയറിൽ 4 പുത്തൻ മോഡലുകൾ
റെനോ, നിസാൻ എന്നീ ബ്രാൻഡുകൾ ഇന്ത്യയ്ക്ക് വെളിയിൽ എത്ര വമ്പന്മാരാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം, എന്നാൽ ഈ വമ്പന്മാർക്ക് പല കാരണങ്ങളാൽ നമ്മുടെ വിപണിയിൽ ഒരു സ്വാധീനം ചെലുത്താനോ കാര്യമായ വിഹിതം കൈവശമാക്കാനോ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. നമ്മുടെ നാട്ടിലെ നയങ്ങളും കമ്പനിയുടെ നിലപാടുകളും എല്ലാം ഇതിന് കാരണങ്ങളാണ്.
അതെല്ലാം മാറ്റി നിർത്തി ഇപ്പോൾ റെനോ - നിസാൻ സഖ്യം ചില പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയാണ്. ഒരു സംയുക്ത പത്രസമ്മേളനത്തിൽ നിസാനും റെനോയും നാല് പുതിയ മോഡലുകളുടെ വികസനം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിൽ ഓരോ ബ്രാൻഡിൽ നിന്നും ഒന്നു വീതം അഞ്ച് സീറ്റുകളുള്ള രണ്ട് എസ്‌യുവികളും അവയുടെ ഏഴ് സീറ്റർ ഡെറിവേറ്റീവുകളും ഉണ്ടായിരിക്കും.

വരാനിരിക്കുന്ന രണ്ട് മിഡ് സൈസ് എസ്‌യുവികളുടെ ടീസർ കൺസെപ്റ്റ് രൂപത്തിൽ ഇപ്പോൾ നിർമ്മാതാക്കൾ പങ്കുവെച്ചിരിക്കുകയാണ്. എസ്‌യുവികൾ റെനോ - നിസാൻ അലയൻസിൻ്റെ മോഡുലാർ CMF-B പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്, ഇത് വളരെയധികം ലോക്കലൈസ് ചെയ്ത പ്ലാറ്റഫോമാണ് എന്നത് ശ്രദ്ധിക്കണം. അതോടൊപ്പം ഇത് രണ്ട് നിർമ്മാതാക്കൾക്കും നിരവധി ആഗോള മോഡലുകൾക്ക് അടിവരയിടുന്നതാണ്.
റെനോയുടെ സഹോദര ബ്രാൻഡായ ഡാസിയയും ഇതേ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു. റെനോ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, CMF-B അടിസ്ഥാനമാക്കിയുള്ള ഫൈവ് സീറ്റർ എസ്‌യുവിക്ക് 'ഡസ്റ്റർ' നെയിംപ്ലേറ്റിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് പുതിയ തലമുറ റെനോ ഡസ്റ്റർ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്.

എന്നിരുന്നാലും, പുതുതായി ഇവിടെ ടീസ് ചെയ്തിരിക്കുന്ന CMF-B എസ്‌യുവിയിൽ ഗ്ലോബൽ സ്പെക്ക് ഡസ്റ്ററിനേക്കാൾ ചില സ്റ്റൈലിംഗ് മാറ്റങ്ങൾ ഉള്ളതായി കാണാനാവും. പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകളും റീസ്റ്റൈൽ ചെയ്ത ഫ്രണ്ട് ബമ്പറും ഒറ്റ നോട്ടത്തിൽ പ്രകടമായ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. നിസാൻ എസ്‌യുവിയിൽ 'L' ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ ഉണ്ട്, അവ വാഹനത്തിന്റെ നോസിന് കുറുകെ പ്രവർത്തിക്കുന്ന ലൈറ്റ് ബാറുമായി കണക്ട് ചെയ്തിരിക്കുന്നു.
ഇപ്പോൾ ഹ്യുണ്ടായി അൽകസാർ, എംജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, മഹീന്ദ്ര XUV700 എന്നിവ ഉൾപ്പെടുന്ന മൂന്ന് നിര മിഡ് സൈസ് എസ്‌യുവികളുടെ വർധിച്ചുവരുന്ന ഡിമാൻഡ് പരിഗണിച്ച് രണ്ട് എസ്‌യുവികൾക്കും അതതിന്റെ ഏഴ് സീറ്റർ ആവർത്തനങ്ങൾ ഉണ്ടായിരിക്കും. രണ്ട് എസ്‌യുവികളുടെയും ത്രീ റോ പതിപ്പുകൾക്ക് ചില ഡിസ്റ്റിംഗ്റ്റീവ് സ്‌റ്റൈലിംഗ് ഘടകങ്ങളും നീളമേറിയ വീൽബേസും ഉണ്ടായിരിക്കും, എന്നാൽ ഒരേ പവർട്രെയിനുകളാവും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുക.

പുതിയ റെനോ ഡസ്റ്റർ 2025 അവസാനത്തോടെ മാത്രമേ ഇന്ത്യൻ വിപണിയിൽ ചുവടു വെയ്ക്കൂ എന്ന് പ്രതീക്ഷിക്കുന്നു. നാല് എസ്‌യുവികൾക്കും ഔദ്യോഗിക ലോഞ്ച് ടൈംലൈൻ ഒന്നു തന്നെ വെളിപ്പെടുത്തിയിട്ടില്ല, എങ്കിലും റെനോ ഡസ്റ്ററും നിസാൻ്റെ ഫൈവ് സീറ്റർ എസ്‌യുവിയുമാവും ആദ്യം പുറത്തിറങ്ങുന്നത്, അതിനുശേഷം അവയുടെ ഏഴ് സീറ്റർ മോഡലുകൾ എത്തും എന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇരു ബ്രാൻഡുകളിൽ നിന്നുള്ള മോഡലുകൾ പാരലലായി അവതരിപ്പിക്കും എന്ന് നിർമ്മാതാക്കൾ സ്ഥിരീകരിച്ചു. കൂടാതെ, ഈ നാല് എസ്‌യുവികൾ അല്ലാതെ രണ്ട് പുതിയ ഉൽപ്പന്നങ്ങൾ കൂടി അവതരിപ്പിക്കാൻ റെനോ - നിസാൻ കൂട്ടുകെട്ടിന് പദ്ധതിയുണ്ട്, എന്നിരുന്നാലും അവ എന്തായിരിക്കും എന്നതിനെക്കുറിച്ച് സ്ഥിരീകരണങ്ങൾ ഒന്നുമില്ല.
വിൽപ്പനയ്ക്ക് എത്തുമ്പോൾ, ഈ എസ്‌യുവികൾ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, സിട്രൺ C3 എയർക്രോസ്, എംജി ആസ്റ്റർ തുടങ്ങിയ എസ്‌യുവികൾ അടങ്ങുന്ന ഇന്ത്യയിലെ ഏറ്റവും കോംപറ്റിറ്റീവായ സെഗമെന്റിൽ മത്സരിക്കും.


Click it and Unblock the Notifications








