ടോൾ പ്ലാസയിൽ കുടുങ്ങരുത്, ഫാസ്ടാഗിൽ ഇനി ചെപ്പടിവിദ്യകൾ നടക്കില്ല! പുത്തൻ നയങ്ങൾ പ്രാബല്യത്തിൽ
ഇന്ന് ഹൈവേകളിലൂടെ സഞ്ചരിക്കണം എങ്കിൽ ഫാസ്ടാഗ് നിർബന്ധമാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം, അവ ഇല്ലാത്ത പക്ഷം ഇരട്ടി തുക അടയ്ക്കേണ്ടി വരും. എന്നാൽ പണ്ടേ ഇത്തരം സാഹചര്യങ്ങളിൽ കുറുക്കു വഴികൾ കണ്ടെത്തുന്നതിൽ നമ്മിൽ പലരും പിഎച്ച്ഡി എടുത്തവരാണല്ലോ. അങ്ങനെ ഇപ്പോൾ സർക്കാർ പറയുന്നത് എല്ലാം ഞങ്ങൾ കേൾക്കില്ല എന്ന ചിന്താഗതിക്കാർ പല ട്രിക്കുകളും പ്രയോഗിക്കാറുണ്ട്.
അതിൽ ഒന്നാണ് ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഉണ്ടെങ്കിലും അവയ്ക്ക് എല്ലാം കൂടെ ഒറ്റ ഫാസ്ടാഗ് എന്ന പരിപാടി. ഒരേ സമയം എല്ലാ വണ്ടികളും എടുത്ത് സിനിമകളിലെ വില്ലന്മാർ പായും പോലെ ജാഥയായി എങ്ങോട്ടും പോവുന്നില്ലല്ലോ, അപ്പോൾ പിന്നെ എന്നാത്തിനാ ഈ രണ്ടും മൂന്നും ഫാസ്ടാഗ്?

ഇത് വളരെ സ്വാഭാവികമായി കണ്ടു വരുന്ന ഒരു രീതിയാണ്. അടുത്തത് അതിബുദ്ധിമാന്മാരുടെ സെക്ഷനാണ്. ഈ എന്നും കുന്നും ഫാസ്ടാഗിൽ ക്യാഷ് ഉണ്ടോ എന്ന് നോക്കിക്കൊണ്ടിരിക്കാൻ നമുക്ക് എവുടുന്നാ ടൈം? ഒരു വണ്ടിയ്ക്ക് രണ്ടോ മൂന്നോ ഫാസ്ടാഗ് അങ്ങ് എടുത്തേക്കാം, ഒന്നിൽ ബാലൻസ് ഇല്ലേൽ റിസർവ്വായി അടുത്തത് ഉണ്ടാവുമല്ലോ! ബിമാനം അല്ല റോക്കറ്റിനെ വെല്ലുന്ന ബുദ്ധിയാണ് പഹയാ ഇത് എന്ന് പറഞ്ഞ് വെൽ ഡൺ വാസുവണ്ണനെ പോലെ അഭിനന്ദനങ്ങൾ നമ്മിൽ പലർക്കും കിട്ടിയിട്ടുമുണ്ടാവും.
എന്നാൽ ഇത്തരക്കാരുടെ എല്ലാം കുരുട്ടു ബുദ്ധിയ്ക്ക് അധികൃതർ പുത്തൻ മണിചിത്രത്താഴുമായി എത്തിയിരിക്കുകയാണ്. ഒന്നിലധികം വാഹനങ്ങൾക്ക് ഒറ്റ ഫാസ്‌ടാഗ് ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനും ഒരു വാഹനനത്തിന് ഒന്നിലധികം ഫാസ്‌ടാഗുകൾ ലിങ്ക് ചെയ്യുന്നത് ഇല്ലാതാക്കാനും ലക്ഷ്യമിട്ട് സർക്കാർ ഉടമസ്ഥതയിലുള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) 'ഒരു വാഹനം, ഒരു ഫാസ്ടാഗ്' (വൺ വെഹിക്കിൾ, വൺ ഫാസ്ടാഗ് ) എന്ന മാനദണ്ഡം ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നതായി മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പേടിഎം ഫാസ്‌ടാഗ് ഉപഭോക്താക്കൾ നേരിടുന്ന പ്രശ്‌നങ്ങൾ കണക്കിലെടുത്ത് 'NHAI' 'വൺ വെഹിക്കിൾ, വൺ ഫാസ്ടാഗ്' എന്ന പദ്ധതി പാലിക്കാനുള്ള സമയപരിധി മാർച്ച് അവസാനം വരെ നീട്ടി നൽകിയിരുന്നു. ഒന്നിലധികം ഫാസ്‌റ്റാഗുകൾ ഒരു വാഹനത്തിൽ പ്രവർത്തിക്കില്ല, ഒരു വാഹനത്തിന് ഒന്നിലധികം ഫാസ്‌ടാഗുകൾ ഉള്ള ആളുകൾക്ക് ഏപ്രിൽ ഒന്നു മുതൽ അവയെല്ലാം ഉപയോഗിക്കാൻ കഴിയില്ല, എന്ന് അധികൃതർ പുറത്തുവിട്ട വാർത്തക്കുറിപ്പ് വ്യക്തമാക്കുന്നു.
ഇലക്ട്രോണിക് ടോൾ കളക്ഷൻ സിസ്റ്റത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ടോൾ പ്ലാസകളിൽ തടസ്സമില്ലാത്ത മൂവ്മെന്റ് പ്രദാനം ചെയ്യുന്നതിനും, ഒന്നിലധികം വാഹനങ്ങൾക്കായി ഒറ്റ ഫാസ്‌ടാഗ് ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനും ഒന്നിലധികം ഫാസ്‌ടാഗുകൾ ഒരു വാഹനവുമായി ബന്ധിപ്പിക്കുന്നത് തടയുവാനും ലക്ഷ്യമിട്ടാണ് 'വൺ വെഹിക്കിൾ, വൺ ഫാസ്ടാഗ്' എന്ന പദ്ധതി NHAI ആരംഭിച്ചിരിക്കുന്നത്.

പേടിഎം പേയ്‌മെൻ്റ് ബാങ്ക് ലിമിറ്റഡിൻ്റെ (PPBL) ഇടപാടുകാരോടും വ്യാപാരികളോടും മാർച്ച് 15 -നകം അക്കൗണ്ടുകൾ മറ്റ് ബാങ്കുകളിലേക്ക് മാറ്റണം എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) കഴിഞ്ഞ മാസം നിർദ്ദേശിച്ചിരുന്നു. അതിനു പിന്നാലെയാണ് ഈപുതിയ നയവും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നടത്തുന്ന ഇന്ത്യയിലെ ഒരു ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനമാണ് ഫാസ്ടാഗ് എന്ന് നമുക്ക് ഏവർക്കും അറിയാം.
ഏകദേശം 98 ശതമാനം പെനിട്രോഷൻ റേറ്റും എട്ട് കോടിയിലധികം ഉപയോക്താക്കളുമുള്ള ഫാസ്ടാഗ് രാജ്യത്തെ ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനത്തിൽ വൻ വിപ്ലവം തന്നെ സൃഷ്ടിച്ചു. ഇത് റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ (RFID) സാങ്കേതികവിദ്യ ഉപയോഗിച്ച് ടോൾ പേയ്‌മെൻ്റുകൾ നേരിട്ട് ലിങ്ക് ചെയ്‌കതിരിക്കുന്ന പ്രീപെയ്ഡ് അല്ലെങ്കിൽ സേവിംഗ്‌സ് അക്കൗണ്ടുകൾ വഴി നടത്തുന്നു.


Click it and Unblock the Notifications








