'ഇന്ത്യന്‍' കാറുകള്‍ വിറ്റ് കാശ് വാരി നിസാന്‍ മുതലാളി! ഇതുവരെ കയറ്റി അയച്ച കാറുകളുടെ എണ്ണം അറിയണോ?
'മെയിക്ക് ഇന്‍ ഇന്ത്യ, മെയിക്ക് ഫോര്‍ ദ വേള്‍ഡ്' എന്ന തത്വത്തിലൂന്നി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചില വണ്ടിക്കമ്പനികള്‍ ഉണ്ട്. ഇന്ത്യയെ മേഖലയിലെ പ്രധാന വാഹന നിര്‍മാണ ഹബാക്കി മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിസാന്‍, കിയ, സ്‌കോഡ ഫോക്സ്വാഗണ്‍ ഗ്രൂപ്പ് എന്നീ കമ്പനികള്‍ ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍ വിദേശ വിപണികളിലേക്ക് കയറ്റി അയച്ച് കേന്ദ്രത്തിന് കട്ട സപ്പോര്‍ട്ട് നല്‍കുന്നു. ഇവയ്ക്ക് വിദേശ വിപണികളില്‍ മികച്ച ഡിമാന്‍ഡുമാണ്. രാജ്യത്ത് നിന്ന് എക്സപോര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ച ശേഷം 1.1 ദശലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത നിസാന്‍ ഇന്ത്യ അടുത്തിടെ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു.
2024 ജൂണ്‍ 29-ന് തമിഴ്‌നാട്ടിലെ എന്നൂര്‍ കാമരാജര്‍ തുറമുഖത്ത് വെച്ചാണ് നിസാന്‍ മാഗ്‌നൈറ്റ് ഈ നേട്ടം അടയാളപ്പെടുത്തിയത്. ജൂണില്‍ മാത്രം നിസാന്‍ 10,284 യൂണിറ്റുകളുടെ മൊത്ത വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു. മുന്‍വര്‍ഷത്തെ ഇതേ മാസവുമായി തട്ടിച്ച് നോക്കുമ്പോള്‍ 76.3 ശതമാനമാണ് വളര്‍ച്ച. മുന്‍മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ച 65.7 ശതമാനമാണ്. 2024 ജൂണില്‍ കയറ്റുമതി മൊത്തവ്യാപാരം 8,177 യൂണിറ്റുകളാണ്. 2023 ജൂണ്‍ മാസത്തെ അപേക്ഷിച്ച് വളര്‍ച്ച 149 ശതമാനമാണ്.

2024 മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കഴിഞ്ഞ ജൂണില്‍ കയറ്റുമതി 104 ശതമാനം വളര്‍ച്ച നേടി. 2,107 യൂണിറ്റായിരുന്നു ജൂണിലെ നിസാന്റെ മൊത്തം ആഭ്യന്തര വില്‍പ്പന. ഈ നാഴികക്കല്ല് കൈവരിച്ചതിന് ടീമിന് നന്ദി രേഖപ്പെടുത്തിയ നിസാന്‍ മോട്ടോര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ സൗരഭ് വത്സ അവരുടെ കയറ്റുമതി ബിസിനസിന്റെ പ്രധാന ചാലകങ്ങളായി മാഗ്‌നൈറ്റിനെയും സണ്ണിയെയും എടുത്തുകാണിക്കുകയും ചെയ്തു.
2020 ഡിസംബറില്‍ ലോഞ്ച് ചെയ്തതുമുതല്‍ കമ്പനിയുടെ ഭാഗ്യനക്ഷത്രമായി മാറുകയായിരുന്നു നിസാന്‍ മാഗ്നൈറ്റ്. ഇന്ത്യയില്‍ മാത്രമല്ല വിദേശരാജ്യങ്ങളിലും ഈ മോഡല്‍ ഹിറ്റടിച്ചു. ഇന്ത്യക്ക് അകത്തും പുറത്തുമായി ഇതുവരെ നിസാന്‍ മാഗ്നൈറ്റിന്റെ 1,40,000 യൂണിറ്റുകളാണ് വിറ്റുപോയത്. ജാപ്പനീസ് ഡിസൈന്‍ മികവും കാര്യക്ഷമമായ ഇന്ത്യന്‍ ഉല്‍പ്പാദനവും സമന്വയിപ്പിച്ചുകൊണ്ട് നിസാന്‍ മോട്ടോര്‍ ഇന്ത്യ 'മെയ്ക്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് ഫോര്‍ ദ വേള്‍ഡ്' എന്ന തത്വശാസ്ത്രത്തിന് അടിവരയിടുന്നു.

സീഷെല്‍സ്, ബംഗ്ലാദേശ്, ഉഗാണ്ട, ബ്രൂണെ എന്നിവയുള്‍പ്പെടെ 15 ആഗോള വിപണികളിലേക്കാണ് നിസാന്‍ മാഗ്നൈറ്റ് കയറ്റുമതി ചെയ്യുന്നത്. സമീപ വര്‍ഷങ്ങളില്‍ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ് തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലും നിസാന്‍ മോട്ടോര്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
ഇന്ത്യയില്‍ തങ്ങളുടെ വില്‍പ്പന ശൃംഖല വിപുലീകരിക്കാനും നിസാന് പദ്ധതിയുണ്ട്. അതിന്റെ ഭാഗമായി ശ്രീനഗര്‍, സേലം, ഡല്‍ഹി, ദുര്‍ഗാപൂര്‍ എന്നിവിടങ്ങളില്‍ പുതിയ ടച്ച്പോയിന്റുകള്‍ സ്ഥാപിക്കും. രാജ്യവ്യാപകമായി ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വില്‍പ്പനാനന്തര സേവനങ്ങള്‍ ലഭ്യമാക്കുന്ന 272 ടച്ച് പോയിന്റുകളുടെ ശൃംഖല കമ്പനിക്കുണ്ട്. വരുന്ന സാമ്പത്തിക വര്‍ഷത്തിലും സെയില്‍സ് ആന്‍ഡ് സര്‍വീസ് ശൃംഖല വിപുലീകരിക്കുന്ന പ്രവര്‍ത്തനം തുടരാനാണ് നിസാന്‍ പദ്ധതിയിടുന്നത്.
മോട്ടോര്‍വാഹന വിപണി കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ സുപ്രധാന നേട്ടം കൈവരിച്ച നിസാന്‍ ഇന്ത്യയില്‍ തങ്ങളുടെ പോര്‍ട്ഫോളിയോ വിപുലീകരിക്കാന്‍ പോകുകയാണ്. നിസാന്‍ X-ട്രെയിലാണ് കമ്പനിയുടെ ഏറ്റവും പുതിയ ലോഞ്ച്. കഴിഞ്ഞ ദിവസം 7 സീറ്റര്‍ എസ്‌യുവിയുടെ ടീസര്‍ ചിത്രം പുറത്തുവിട്ട് ജാപ്പനീസ് ബ്രാന്‍ഡ് ഹൈപ്പ് ഉയര്‍ത്തിയിരുന്നു. ജൂലൈ പകുതി കഴിഞ്ഞ ശേഷമാകും എസ്‌യുവിയുടെ ലോഞ്ച് പ്രതീക്ഷിക്കുന്നത്.
X-ട്രെയിലിന്റെ നാലാം തലമുറ മോഡല്‍ കംപ്ലീറ്റ്ലി ബില്‍റ്റ് അപ്പ് യൂണിറ്റായാവും (CBU) വരിക. അതുകൊണ്ട് തന്നെ സെഗ്മെന്റിലെ പ്രധാന എതിരാളികളേക്കാള്‍ വില കൂടുതലായിരിക്കും. ഏകദേശം 30 ലക്ഷം മുതല്‍ 35 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്. ഹോമോലോഗേഷന്റെ ആവശ്യമില്ലാതെ പ്രതിവര്‍ഷം നിസാന് 2,500 യൂണിറ്റുകള്‍ വരെ ഇറക്കുമതി ചെയ്യാന്‍ കഴിയും. വിപണിയില്‍ നിന്നുള്ള പ്രതികരണം അനുകൂലമാണെങ്കില്‍ പ്രാദേശിക ഉത്പാദനം പരിഗണിക്കാനാണ് നിസാന്റെ തീരുമാനം.


Click it and Unblock the Notifications








