'മധുവിധു' കഴിഞ്ഞു; 6 ലക്ഷത്തിന്റെ എസ്‌യുവിക്ക് വില കൂടുന്നു! ഷോറൂമിലേക്ക് വെച്ച്പിടിച്ച് ജനം
ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഹാച്ച്ബാക്ക്, സെഡാന്‍ എന്നീ ബോഡിടൈപ്പിലുള്ള കാറുകളേക്കാള്‍ ഇഷ്ടം സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളാണ്. ഹാച്ച്ബാക്കുകളുടെ അതേ വിലയില്‍ തന്നെ് എസ്‌യുവികള്‍ ലഭിക്കുമ്പോള്‍ ആളുകള്‍ പിന്നെ അതല്ലേ വാങ്ങൂ. ഈ ട്രെന്‍ഡിന് തുടക്കമിട്ട കമ്പനിയാണ് നിസാന്‍ മോട്ടോര്‍. ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ഇന്ത്യയിലെ അന്നദാതാവായ മാഗ്‌നൈറ്റ് (Nissan Magnite) സബ് കോംപാക്ട് എസ്‌യുവിയാണ് ഈ പറഞ്ഞ താരം. അടുത്തിടെയാണ് നിസാന്‍ ഇന്ത്യയില്‍ 5 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയത്. അതില്‍ വലിയ പങ്കുവഹിച്ച മോഡലാണ് മാഗ്‌നൈറ്റ്. 2020 ഡിസംബറില്‍ പുറത്തിറങ്ങിയ മാഗ്‌നൈറ്റിന്റെ 1.5 ലക്ഷത്തിലേറെ യൂണിറ്റുകളാണ് ഇന്ത്യക്കാര്‍ വാങ്ങിച്ച് കൂട്ടിയത്.
ഇന്ത്യന്‍ നിര്‍മിത മാഗ്‌നൈറ്റിന് വിദേശ വിപണികളിലും ആവശ്യക്കാര്‍ ഏറെയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ കയറ്റുമതി കണക്കുകള്‍ ഇത് സൂചിപ്പിക്കുന്നു. ഇന്ത്യക്കാരും വിദേശികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ കാറിന്റെ ആമുഖ വില അവസാനിക്കാന്‍ പോകുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 2025 ജനുവരു മുതല്‍ നിസാന്‍ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില 2 ശതമാനം വരെ വര്‍ധിക്കും.

മുന്‍ഗാമിയുടെ 5.99 ലക്ഷം രൂപയുടെ പ്രാരംഭ വില നിലനിര്‍ത്തിയാണ് മുഖംമിനുക്കിയ എസ്യുവി 2024 ഒക്‌ടോബറില്‍ വിപണിയില്‍ എത്തിയത്. ലോഞ്ച് വേളയില്‍ തന്നെ ആദ്യത്തെ 10,000 ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ പ്രാരംഭ വില ബാധകമാവുകയെന്നും കമ്പനി പ്രത്യേകം പറഞ്ഞിരുന്നു. സബ് കോംപാക്ട് എസ്‌യുവിയുടെ ടോപ്പ് എന്‍ഡ് വേരിയന്റിന് 11.50 ലക്ഷമാണ് മുടക്കേണ്ടത്. എകസ്‌ഷോറൂം വിലകളാണിത്.
മാഗ്‌നൈറ്റ് ഫെയ്സ്ലിഫ്റ്റ് ആറ് വേരിയന്റുകളിലായി രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും മൂന്ന് ട്രാന്‍സ്മിഷന്‍ ചോയ്സുകളുമാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ ഫ്രണ്ട് ഗ്രില്ലിനൊപ്പം പുതുക്കിയ ഫ്രണ്ട് ബമ്പറും 16 ഇഞ്ചിന്റെ പുതിയ സെറ്റ് അലോയ് വീലുകളുമടക്കം നിരവധി കോസ്മെറ്റിക് മാറ്റങ്ങള്‍ നിസാന്‍ മാഗ്നൈറ്റ് ഫെയ്സ്ലിഫ്റ്റിന് ലഭിക്കുന്നു. വയര്‍ലെസ് ചാര്‍ജര്‍, ചുറ്റും വ്യൂ മോണിറ്റര്‍, പുതിയ ഐ കീ, വാക്ക് എവേ ലോക്ക്, 60 മീറ്ററില്‍ റിമോട്ട് എഞ്ചിന്‍ സ്റ്റാര്‍ട്ട് തുടങ്ങിയ ഫീച്ചറുകള്‍ ഇതിലുണ്ട്.

ശുദ്ധവായുവിന് വേണ്ടി അഡ്വാന്‍സ്ഡ് എയര്‍ ഫില്‍ട്ടര്‍ കമ്പനി ഇതില്‍ സ്ഥാപിച്ചിട്ടുണ്ട്. ഓട്ടോ ഡിം ഫ്രെയിംലെസ്സ് ഐആര്‍വിഎം (ഇന്‍സൈഡ് റിയര്‍ വ്യൂ മിറര്‍) ഇതിനെ കൂടുതല്‍ സവിശേഷമാക്കുന്നു. 6 എയര്‍ബാഗുകള്‍, ഹൈസ്പീഡ് അലെര്‍ട്ട് സിസ്റ്റം, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, എമര്‍ജന്‍സി സ്‌റ്റോപ് സിഗ്‌നല്‍, വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍, ഇലക്‌ട്രോണിസ് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ടിപിഎംഎസ്, ഇബിഡിയുള്ള എബിഎസ്, ഉള്‍പ്പെടെ നിരവധി സുരക്ഷാ ഫീച്ചറുകളും നിസാന്റെ ഈ കുഞ്ഞന്‍ എസ്‌യുവിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിലവിലുള്ള എഞ്ചിന്‍, ഗിയര്‍ബോക്സ് കോമ്പിനേഷന്‍ മാഗ്നൈറ്റില്‍ നിലനിര്‍ത്തിയിട്ടുണ്ട്. 1.0 ലിറ്റര്‍ നാചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 71 bhp പവറും 96 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അതേസമയം മാഗ്‌നൈറ്റിന്റെ ടര്‍ബോ പതിപ്പ് 99 bhp പവറില്‍ 152 Nm ടോര്‍ക്ക് വരെയാണ് നല്‍കുന്നത്.5-സ്പീഡ് മാനുവല്‍, എഎംടി, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 5-സ്പീഡ് എഎംടി ലഭിക്കുമ്പോള്‍ ടര്‍ബോ-പെട്രോളിലാണ് സിവിടി ഓപ്ഷന്‍ തെരഞ്ഞെടുക്കാനാവുന്നത്. നിസാന്‍ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് മാനുവലില്‍ 20 കിലോമീറ്ററും സിവിടി ടര്‍ബോ വേരിയന്റുകള്‍ക്ക് 17.4 കിലോമീറ്റര്‍ മൈലേജും നല്‍കുമെന്ന് നിസാന്‍ അവകാശപ്പെടുന്നു.
ടാറ്റ പഞ്ച്, ഹ്യുണ്ടയി എക്സ്റ്റര്‍, മാരുതി സുസുക്കി ഫ്രോങ്ക്‌സ്, റെനോ കൈഗര്‍ എന്നിവയാണ് എതിരാളികള്‍.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








