വാട്ട്സ് ന്യൂ? 2024 മാഗ്നൈറ്റിനെ പഴയതിൽ നിന്ന് വേറിട്ട് നിറുത്തുന്നത് എന്തെല്ലാം?
2024 നിസാൻ മാഗ്‌നൈറ്റ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുകയാണ്, നിസാന്റെ ഇന്ത്യയിലെ ഈ തുറുപ്പുചീട്ട് സൂക്ഷ്മമായ ഡിസൈൻ അപ്‌ഡേറ്റുകളും ചില പുതിയ ഫീച്ചറുകളും മുഖം മിനുക്കലിനൊപ്പം അവതരിപ്പിക്കുകയാണ്. പല വമ്പന്മാർക്കും ഇന്ത്യൻ വിപണിയിൽ നില്ക്കള്ളിയില്ലാതെ രാജ്യം വിട്ട സാഹചര്യത്തിൽ പോലും മാഗ്നൈറ്റ് എന്ന ഒറ്റ മോഡലാണ് നിസാൻ ഇന്ത്യയെ താങ്ങിയത്. മുൻ മോഡലിനെ അപേക്ഷിച്ച്, 2024 മാഗ്നൈറ്റ് കൂടുതൽ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് അതിൻ്റെ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ എത്രമാത്രം വ്യത്യാസങ്ങളും മാറ്റങ്ങളും വന്നിട്ടുണ്ട് എന്ന് നമുക്ക് ഒന്ന് വിശകലനം ചെയ്യാം.
ഫ്രണ്ട് പ്രൊഫൈൽ: ഒറ്റനോട്ടത്തിൽ, 2024 പതിപ്പിൽ വന്നിരിക്കുന്ന മാറ്റങ്ങൾ സൂക്ഷ്മമാണെന്നും 2024 മാഗ്‌നൈറ്റിന് അതിൻ്റെ പഴയ പതിപ്പുമായി ഇപ്പോഴും വളരെയധികം സാമ്യമുണ്ടെന്നും മനസിലാക്കാനാവും. എന്നിരുന്നാലും, ഇപ്പോൾ ഇതിന് വലിയ ക്രോം സറൗണ്ടിംഗുമായി വരുന്ന വലിയ ഗ്രില്ലും പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പറും ലഭിക്കുന്നു. ഫോഗ് ലൈറ്റുകളും മധ്യഭാഗത്തേക്ക് ചെറുതായി മാറ്റിയിരിക്കുന്നതായി കാണാം. പുത്തൻ സ്കിഡ് പ്ലേറ്റ് മുമ്പത്തേക്കാൾ ഒരു അഗ്രസ്സീവ് ലുക്കും വാഹനത്തിന് നൽകുന്നു.

സൈഡ് പ്രൊഫൈൽ: പുതുതായി രൂപകൽപ്പന ചെയ്ത 16 ഇഞ്ച് അലോയി വീലുകൾ ഒഴികെ, 2024 മാഗ്‌നൈറ്റിന് വശങ്ങളിൽ അതിൻ്റെ മുൻതലമുറ പതിപ്പുമായി വല്യ മാറ്റങ്ങൾ ഒന്നുമില്ല. മാഗ്‌നൈറ്റിൻ്റെ പഴയതും പുതിയതുമായ പതിപ്പുകളിൽ ക്രോം ഡോർ ഹാൻഡിലുകൾ, ബ്ലാക്ക്ഡ് -ഔട്ട് ORVM -കൾ, സിൽവർ ഫിനിഷ് ചെയ്ത റൂഫ് റെയിലുകൾ, ഡോറുകളിൽ സിൽവർ ക്ലാഡിംഗ് എന്നിവയെല്ലാം വരുന്നുണ്ട്. കൂടാതെ ഫെൻഡറിൻ്റെ മുകൾ ഭാഗത്ത് 'മാഗ്നൈറ്റ്' ബാഡ്ജിൻ്റെ സ്ഥാനവും മാറ്റമില്ലാതെ തുടരുന്നു.
റിയർ പ്രൊഫൈൽ: മൊത്തത്തിൽ, നിസാൻ മാഗ്‌നൈറ്റിൻ്റെ രണ്ട് പതിപ്പുകളും പിന്നിൽ നിന്ന് കാഴ്ച്ചയിൽ ഒരുപോലെയാണ് കാണപ്പെടുന്നത്, എന്നിരുന്നാലും 2024 മാഗ്‌നൈറ്റിലെ ടെയിൽ ലൈറ്റുകൾ പുതിയ LED ലൈറ്റിംഗ് എലമെന്റുകൾ ഉപയോഗിച്ച് നിർമ്മാതാക്കൾ പരിഷ്‌ക്കരിച്ചിരിക്കുന്നു. കൂടാതെ, ഈ ടെയിൽ ലൈറ്റുകൾ എസ്‌യുവിയുടെ മുൻതലമുറ മോഡലിൽ നിന്ന് വ്യത്യസ്തമായി ഒരു ക്രോം സ്ട്രിപ്പ് ഉപയോഗിച്ച് കണക്ട് ചെയ്തിരിക്കുന്നു. സിൽവർ സ്‌കിഡ് പ്ലേറ്റുള്ള ബ്ലാക്ക് ബമ്പറിനൊപ്പം ബാക്കിയുള്ള ഡിസൈനും ഏറെകുറെ സമാനമാണ്.

ഇൻ്റീരിയർ: പ്രീ -ഫേസ്‌ലിഫ്റ്റഡ് പതിപ്പിലെ ഓൾ ബ്ലാക്ക് ഇൻ്റീരിയർ തീമിൽ നിന്നും വ്യത്യസ്തമായി, 2024 നിസാൻ മാഗ്‌നൈറ്റ് ഡ്യുവൽ -ടോൺ ഓറഞ്ച്, ബ്ലാക്ക് ക്യാബിൻ തീമുമായിട്ടാണ് വരുന്നത്. നിസാൻ എസ്‌യുവിയുടെ പഴയതും പുതിയതുമായ പതിപ്പുകളിൽ ഡാഷ്‌ബോർഡ് ലേയൗട്ട് സമാനമാണ് എന്നത് ശ്രദ്ധേയമാണ്. 2024 മാഗ്‌നൈറ്റിനായി സ്റ്റിയറിംഗ് വീൽ, ഗിയർ ലിവർ, ഡാഷ്‌ബോർഡ് എലമെന്റുകൾ, ഡോറുകൾ, പാർക്കിംഗ് ബ്രേക്ക് ലിവർ ടിപ്പ് എന്നിവയിലും നിസാൻ ലെതറെറ്റ് മെറ്റീരിയലുകൾ വളരെ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്.
ഓറഞ്ച് സ്റ്റിച്ചിംഗിനൊപ്പം ബ്ലാക്ക് ലെതറെറ്റ് സീറ്റ് അപ്‌ഹോൾസ്റ്ററിയും 2024 മാഗ്‌നൈറ്റിൻ്റെ മറ്റൊരു സവിശേഷതയാണ്. പഴയ മാഗ്‌നൈറ്റിന് സെമി -ലെതറെറ്റ് സീറ്റ് അപ്‌ഹോൾസ്റ്ററി ലഭിച്ചിരുന്ന സ്ഥാനത്താണ് ഇത്. ഫീച്ചറുകളുടെ കാര്യത്തിൽ, 2024 മാഗ്‌നൈറ്റിന് 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 7.0 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, മുമ്പത്തെപ്പോലെ വയർലെസ് ഫോൺ ചാർജർ എന്നിവ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

എന്നിരുന്നാലും ഇപ്പോൾ 2024 മോഡലിന് ഓട്ടോ -ഡിമ്മിംഗ് IRVM, നാല് -കളർ ആംബിയൻ്റ് ലൈറ്റിംഗ്, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് എന്നിവ ലഭിക്കുന്നു. പുതിയ മാഗ്‌നൈറ്റ് ഇപ്പോൾ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നതിനാൽ സുരക്ഷയും മെച്ചപ്പെട്ടിട്ടുണ്ട്. മാഗ്‌നൈറ്റിൻ്റെ മുൻ പതിപ്പിനൊപ്പം വരുന്ന 360 -ഡിഗ്രി ക്യാമറയും ഇതിനൊപ്പം നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
പവർട്രെയിൻ ഓപ്ഷനുകൾ: 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ മുമ്പത്തെ അതേ പവർട്രെയിൻ ഓപ്ഷനുകളോടെയാണ് നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്. ഇരു എഞ്ചിനുകളും യഥാക്രമം 72 PS, 100 PS മാക്സ് പവറും 96 Nm, 160 Nm ടോർക്കും വാഗ്ദാനം ചെയ്യും.
വില നിർണ്ണയവും എതിരാളികളും: 2024 നിസാൻ മാഗ്‌നൈറ്റിന്റെ ആമുഖ എക്സ്-ഷോറൂം വില 5.99 ലക്ഷം മുതൽ 11.50 ലക്ഷം രൂപ വരെയാണ്. ഇത് ഇന്ത്യൻ വിപണിയിൽ റെനോ കൈഗർ, ടാറ്റ നെക്സോൺ, മാരുതി ബ്രെസ, മഹീന്ദ്ര XUV 3XO, ഹ്യുണ്ടായി വെന്യു തുടങ്ങിയ മോഡലുകളുമായിട്ടാണ് മത്സരിക്കുന്നത്.


Click it and Unblock the Notifications








