മുഖം മിനുക്കിയതോടെ 'ശുക്രനടിച്ച്' നിസാൻ മാഗ്നൈറ്റ്, ഒക്ടോബറിലെ കണക്ക് പുറത്ത് വിട്ട് ബ്രാൻഡ്
ഒക്ടോബർ മാസം എന്നാൽ ഉത്സവ സീസൺ വാഹന നിർമാതാക്കളെ സംബന്ധിച്ചിടത്തോളം ചാകരയാണ്. എന്നാൽ ചിലപ്പോഴൊക്കെ നനഞ്ഞ പടക്കം പോലെയാണ് വിൽപ്പന. എന്നാൽ നിസാന് കഴിഞ്ഞ മാസം വെടിക്കെട്ട് വിൽപ്പനയാണ് കിട്ടിയത്. രാജ്യത്ത് ഒരു മോഡൽ വച്ച് ബ്രാൻഡ് എതിരാളികളുമായി മുട്ടിനിൽക്കുന്നത് ചില്ലറ കാര്യമല്ല. ഒരു തീപൊരി മതിയല്ലോ ആളിക്കത്തിക്കാൻ എന്നതിൻ്റെ കൃത്യമായ ഉദാഹരണമാണ് നിസാൻ മാഗ്നൈറ്റ്. ഒക്ടോബർ മാസത്തെ വിൽപ്പന കണക്കുകൾ നിസാൻ പുറത്ത് വിട്ടതിൽ കയറ്റുമതി മൊത്തവ്യാപാരം 2449 യൂണിറ്റും ആഭ്യന്തര മൊത്തവ്യാപാരം 3121 യൂണിറ്റുമാണുളളത്.
വൺ കാർ വൺ വേൾഡ് എന്നാണ് നിസാൻ്റെ പുതിയ ടാഗ്‌ലൈൻ. ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും മാഗ്നൈറ്റിന് വലിയ രീതിയിലുളള സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നാണ് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ശ്രീ സൗരഭ് വത്സ അറിയിച്ചത്. കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ അദ്ദേഹം തൻ്റെ നന്ദിയും ഇന്ത്യൻ ഉപഭോക്താക്കളോട് അറിയിക്കുകയും ചെയ്തു.

5.99 ലക്ഷം രൂപയുടെ പ്രാരംഭ വില നിർത്തിയാണ് മുഖംമിനുക്കിയ എസ്‌യുവി വിപണനത്തിന് എത്തിയത്. ആദ്യം വാങ്ങുന്ന 10,000 ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ പ്രാരംഭ വില ബാധകമാവുകയെന്നും കമ്പനി പ്രത്യേകം പറഞ്ഞിരുന്നു. അതിന് ശേഷം വിലയിൽ മാറ്റമുണ്ടായേക്കാം. ടോപ്പ് എൻഡിന് 11.50 ലക്ഷമാണ് വില വരിക. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ആറ് വേരിയൻ്റുകളിലായി രണ്ട് എഞ്ചിൻ ഓപ്ഷനുകളും മൂന്ന് ട്രാൻസ്മിഷൻ ചോയ്‌സുകളുമായാണ് നിസാന്റെ കുഞ്ഞൻ എസ്‌യുവി ലഭ്യമാകുക.
ആദ്യ കാഴ്ച്ചയിൽ ഇതിൽ എന്ത് മാറ്റമിരിക്കുന്നുവെന്ന് വിചാരിക്കുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും. അത് സത്യമാണെങ്കിലും കാര്യങ്ങൾ കൂടുതൽ പുതുമയുള്ളതാക്കാനുള്ള ശ്രമങ്ങൾ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ക്രോം, ഗ്ലോസ്-ബ്ലാക്ക് ഘടകങ്ങൾ ഉള്ള വിശാലവും വലുതുമായ പുതിയ ഗ്രില്ലാണ് അതിൽ ഏറ്റവും ശ്രദ്ധേയം. പഴയ രൂപമാണെങ്കിലും അതിലെ പാറ്റേണിലാണ് നവീകരണം കൊണ്ടുവന്നിരിക്കുന്നത്.

ഫോഗ് ലാമ്പുകളോട് കൂടിയ കൂടുതൽ പൊമിനന്റായ ഫോക്സ് സ്കിഡ് പ്ലേറ്റുകളും മനോഹരമായിട്ടുണ്ട്. എന്നാൽ എൽഇഡി ഹെഡ്‌ലൈറ്റുകളും ഡിആർഎല്ലുകളും പുതിയ സിഗ്നേച്ചർ ശൈലി സ്വീകരിച്ചിട്ടുമുണ്ടെന്നാണ് നിസാൻ അവകാശപ്പെടുന്നത്. വശങ്ങളിലേക്ക് നീങ്ങിയാലും കാര്യമായ നവീകരണങ്ങളൊന്നും കാണാനില്ല. പുതിയ ഡിസൈനിലൊരുക്കിയ 16 ഇഞ്ച് അലോയ് വീലുകളിൽ മാറ്റങ്ങൾ ഒതുക്കിയിരിക്കുകയാണ്.
പിന്നിൽ ടെയിൽ ലാമ്പുകളുടെ ആകൃതി ഒന്നാണെങ്കിലും ലൈറ്റിംഗിൽ പുതുമയുണ്ട്. ഇതിന് പുതിയ സൺറൈസ് കൂപ്പർ കളർ ഷേഡും ലഭിക്കുന്നു. ഇനി ഇന്റീരിയറിലേക്ക് കയറിയാൽ ഡാഷ്‌ബോർഡ്, ഡോർ പാഡുകൾ, സീറ്റ് അപ്‌ഹോൾസ്റ്ററി എന്നിവയ്‌ക്കായി പഴയ മാഗ്‌നൈറ്റിൻ്റെ ഓൾ-ബ്ലാക്ക് തീമിന് പകരം ഡ്യുവൽ-ടോൺ കോപ്പർ, ബ്ലാക്ക് ലേഔട്ടാണ് ഇത്തവണ നിസാൻ സമ്മാനിച്ചിരിക്കുന്നത്. സ്റ്റിയറിംഗ് വീലിലെ ബ്ലാക്ക് ആൻഡ് സിൽവർ ഫിനിഷ് ഇപ്പോൾ പൂർണമായും കറുപ്പിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

പുതുക്കിയ ഗ്രാഫിക്‌സ്, പുതിയ ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, പുതിയ ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, റിമോട്ട് സ്റ്റാർട്ടോടുകൂടിയ പുതിയ കീ ഫോബ്, അപ്‌ഡേറ്റ് ചെയ്‌ത 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും മാഗ്നൈറ്റിന് ലഭിക്കുന്നുണ്ട്. ഇലക്ട്രിക് സൺറൂഫ് ഫീച്ചർ ഇത്തവണയും മാഗ്നൈറ്റിലേക്ക് എത്തിയിട്ടില്ല. ആറ് എയർബാഗുകൾ, ഇഎസ്‌സി, ത്രീ-പോയിൻ്റ് സീറ്റ്ബെൽറ്റുകൾ, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നീ സേഫ്റ്റി ഫീച്ചറുകളും മാഗ്നൈറ്റിൽ സ്റ്റാൻഡേർഡായി കിട്ടും.
എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിലേക്ക് വന്നാൽ നിലവിലുള്ള 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷൻ തന്നെയാണ് മാഗ്‌നൈറ്റ് തുടർന്നും നൽകുന്നത്. ഇതിലെ ആദ്യത്തെ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 71 bhp കരുത്തിൽ 96 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം മാഗ്നൈറ്റിന്റെ ടർബോ പതിപ്പ് 99 bhp പവറിൽ 152 Nm torque വരെയാണ് നൽകുന്നത്.
5-സ്പീഡ് മാനുവൽ, എഎംടി, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 5-സ്പീഡ് എഎംടി ലഭിക്കുമ്പോൾ ടർബോ-പെട്രോളിലാണ് സിവിടി ഓപ്ഷൻ തെരഞ്ഞെടുക്കാനാവുന്നത്. മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ മാനുവലിൽ 20 കിലോമീറ്ററും സിവിടി ടർബോ വേരിയൻ്റുകൾക്ക് 17.4 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് നിസാൻ അവകാശപ്പെടുന്നത്.


Click it and Unblock the Notifications








