ഫോര്‍ച്യൂണര്‍ മറന്നേക്കൂ... 7 പേര്‍ക്ക് നല്ല 'പ്രീമിയം' യാത്രയാണ് നിസാന്റെ ഓഫര്‍! ഹൈപ്പുയര്‍ത്തി പുതിയ ടീസര്‍
ഇന്ത്യയില്‍ നിലവില്‍ ഫുള്‍സൈസ് എസ്‌യുവി വിഭാഗം അടക്കി ഭരിക്കുന്നത് ടൊയോട്ട ഫോര്‍ച്യൂണര്‍ ആണ്. എംജി ഗ്ലോസ്റ്ററും സ്‌കോഡ കൊഡിയാക്കുമെല്ലാം വിപണിയില്‍ ഉണ്ടെങ്കിലും ഫോര്‍ച്യൂണറിന്റെ തൊട്ടടുത്ത് എത്താന്‍ പോലും ഇവര്‍ക്ക് ആകുന്നില്ല. ഫേര്‍ച്യൂണര്‍ എന്ന വമ്പനുമായി മല്ലിടാന്‍ ജാപ്പനില്‍ നിന്ന് തന്നെ ഒരു എതിരാളി വരികയാണ്. നിസാന്‍ ആണ് X-ട്രെയില്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. നാലാം തലമുറ നിസാന്‍ X-ട്രെയിലാണ് ഇന്ത്യയില്‍ അരങ്ങേറാന്‍ പോകുന്നത്. ഈ മോഡല്‍ 2022-ല്‍ ആഗോള വിപണിയില്‍ അരങ്ങേറിയെങ്കിലും ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നില്ല.
ഇപ്പോള്‍ ആ സമയം വന്നെത്തിയിരിക്കുകയാണ്. ടീസറുകളിലൂടെ നേരത്തെ തന്നെ നിസാന്‍ X-ട്രെയില്‍ എസ്‌യുവിയുടെ വരവറിയിച്ചിരുന്നു. ഇപ്പോള്‍ പുത്തന്‍ ടീസറിലൂടെ വാഹനത്തിന്റെ ഇന്റീരിയറിലേക്കും വെളിച്ചം വീശുകയാണ് ജാപ്പനീസ് ഓട്ടോ ഭീമന്‍. പുത്തന്‍ ടീസറിലൂടെ കാറില്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന നിരവധി സവിശേഷതകള്‍ വെളിപ്പെടുത്തുന്നു. സൗകര്യങ്ങളുടെ കാര്യത്തില്‍ നിസാന്‍ X-ട്രെയില്‍ ആധുനിക സാങ്കേതികവിദ്യ, കണക്റ്റിവിറ്റി സൗകര്യം, സുരക്ഷാ സവിശേഷതകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. അതിന്റെ എതിരാളികളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ അത് അത്യാവശ്യമാണ്.

കൂടാതെ, തങ്ങളുടെ കാറുകളില്‍ ലഭ്യമായ എല്ലാ ഫീച്ചറുകളും വേണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കളെ പ്രീതിപ്പെടുത്താനും പ്രയാസമാണ്. 2024 നിസാന്‍ X--ട്രെയില്‍ പനോരമിക് സണ്‍റൂഫുമായി വരുമെന്ന് ടീസര്‍ സൂചിപ്പിക്കുന്നു. അത് ക്യാബിനിലേക്ക് ധാരാളം വെളിച്ചവും കാറ്റും കടത്തിവിടാന്‍ ഇത് സഹായിക്കും. ഡാഷ്ബോര്‍ഡില്‍ സോഫ്റ്റ്-ടച്ച് ഫിനിഷ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ എന്നിവയുണ്ടാകും.
ആന്‍ഡ്രോയിഡ് ഓട്ടോയെയും ആപ്പിള്‍ കാര്‍പ്ലേയെയും പിന്തുണയ്ക്കുന്ന ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ടീസറില്‍ കാണുന്ന മറ്റൊരു ഫീച്ചര്‍. ലെതറെറ്റ് അപ്ഹോള്‍സ്റ്ററി സഹിതമായിരിക്കും ഏറ്റവും പുതിയ എസ്‌യുവി എത്തുക. വിവിധ വലുപ്പത്തിലുള്ള കുടുംബങ്ങളെ ഉള്‍ക്കൊള്ളുന്നതിനായി ആഗോള വിപണിയില്‍ നിസാന്‍ X-ട്രെയില്‍ 5സീറ്റര്‍, 7-സീറ്റര്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു. മധ്യനിരയില്‍ ബെഞ്ച് സീറ്റുള്ള 7-സീറ്റര്‍ കോണ്‍ഫിഗറേഷനിലും നിസാന്‍ X-ട്രെയില്‍ ഇന്ത്യയില്‍ ഓഫര്‍ ചെയ്യുമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്.

ഇനി പുറത്തേക്ക് ഇറങ്ങി നമുക്ക് ഈ ഫുള്‍സൈസ് എസ്‌യുവിയുടെ വലിപ്പം പരിശോധിക്കാം. നാലാം തലമുറ നിസാന്‍ X-ട്രെയിലിന് 4.7 മീറ്റര്‍ നീളവും 2 മീറ്ററിലധികം വീതിയും 1.7 മീറ്റര്‍ ഉയരവുമുണ്ട്. 2.7 മീറ്ററില്‍ കൂടുതല്‍ വീല്‍ബേസും 205 mm ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിനുണ്ടാകും അതുകൊണ്ട് തന്നെ കാറിന്റെ അകത്തളം വിശാലമായിരിക്കും.
ഗ്ലോബല്‍ സ്‌പെക്ക് നിസാന്‍ X-ട്രെയില്‍ പെട്രോള്‍, ഹൈബ്രിഡ് പവര്‍ട്രെയിന ഓപ്ഷനുകളില്‍ വരുന്നു. എന്നാല്‍ ഇന്ത്യ-സ്‌പെക്ക് മോഡലിന് 1.5 ലിറ്റര്‍, 3-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. 201 bhp പവറും 305 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍. ട്രാന്‍സ്മിഷന്‍ ഒരു സിവിടി ഗിയര്‍ബോക്സ് കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഓള്‍-വീല്‍-ഡ്രൈവിനായി (AWD) ഓപ്ഷന്‍ എസ്‌യുവിയില്‍ ഉണ്ടായേക്കാം.

എന്നാല്‍, ടൂ-വീല്‍ ഡ്രൈവ് (2WD) വേരിയന്റിന്റെ ലഭ്യത സ്ഥിരീകരിച്ചിട്ടില്ല. തുടക്കത്തില്‍ X-ട്രെയില്‍ ഹൈബ്രിഡ് ഓപ്ഷനില്‍ പുറത്തിറക്കിയേക്കില്ല. കംപ്ലീറ്റ്ലി ബില്‍റ്റ് യൂണിറ്റായി (സിബിയു) ഇറക്കുമതി ചെയ്യാനാണ് നിസാന്റെ തീരുമാനം. സിബിയു കിറ്റുകളായി എത്തുന്നതിനാല്‍ തന്നെ കാറിന് വില അല്‍പ്പം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ വിപണിയില്‍ നിന്നുള്ള പ്രതികരണം കൂടി കണക്കിലെടുത്ത് ആയിരിക്കും മറ്റ് തീരുമാനങ്ങള്‍. എസ്‌യുവിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി വരും ദിവസങ്ങളില്‍ പുറത്തുവിടും. അതുവരെ നമുക്ക് കാത്തിരിക്കാം.


Click it and Unblock the Notifications








