ഇനി പോക്കറ്റ് റോഡിലും സൂക്ഷിച്ചില്ലേൽ പണി പാളും; പൊലീസിന്റെ വക സംസ്ഥാനത്ത് ഇതാ AI ക്യാമറ സീസൺ 2
അടുത്തിടെയായി റോഡ് അപകടങ്ങളുടെ ഒരു പരമ്പര തന്നെയാണ് നമ്മുടെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്, പലപ്പോഴും അശ്രദ്ധയും, ഓവർ സ്പീഡും, ഗതാഗത നിയമലംഘനവും എല്ലാമാണ് ഇവിയ്ക്കു പിന്നിൽ. അതിനാൽ വാഹനാപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും അനുദിനം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ AI ക്യാമറകളുടെ അടുത്ത സെറ്റ്/ രണ്ടാംഘട്ടം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. പൊലീസാകും സംസ്ഥാനമൊട്ടാകെ ഇവ സ്ഥാപിക്കുക എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഇതെ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ട്രാഫിക് IG -ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്ന് അധികൃതർ വ്യക്തമാക്കി. ADGP മനോജ് എബ്രഹാം വിളിച്ച യോഗത്തിലാണ് ഈ തീരുമാനം.
മോട്ടോര്‍വാഹന വകുപ്പ് സംസ്ഥാനത്തെ പല ഭാഗങ്ങളിലായി സ്ഥാപിച്ച 675 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് ഇപ്പോള്‍ നിരത്തിലുള്ളത്. മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറകള്‍ എത്തപ്പെട്ടിട്ടില്ലാത്ത പാതകളും പ്രദേശങ്ങളും കേന്ദ്രീകരിച്ചാകും പൊലീസ് സ്ഥാപിക്കുന്ന സീസൺ 2 ക്യാമറകൾ വരിക. സംസ്ഥാനത്ത് ഇതിനോടകം മാർക്ക് ചെയ്തിട്ടുള്ള 374 അതിതീവ്ര ബ്ലാക്ക്സ്‌പോട്ടുകള്‍ക്കാവും ഇക്കാര്യത്തിൽ മുന്‍ഗണന നല്‍കുന്നത്.

AI ക്യാമറകളുടെ എണ്ണം കൂട്ടാന്‍ മോട്ടോര്‍വാഹന വകുപ്പ് മുമ്പ് തീരുമാനിച്ചിരുന്നു, എങ്കിലും കരാര്‍ ഏറ്റെടുത്ത കെല്‍ട്രോണ്‍ നല്‍കിയ ഉപകരാറുകള്‍ വിവാദമായതോടെ പദ്ധതി വിപുലീകരിക്കാനുള്ള നീക്കം അധികൃതർ മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് MVD -യിൽ നിന്നും ബാറ്റൺ സ്വീകരിച്ചുകൊണ്ട് AI ക്യാമറ പദ്ധതി പൊലീസ് ഏറ്റെടുക്കുന്നത്.
AI ക്യാമറ പദ്ധതി ആസൂത്രണം ചെയ്യുമ്പോഴും ആവിഷ്കരിക്കുമ്പോഴും നാനാദിക്കിൽ നിന്നും വലിയ എതിർപ്പുകളും, ആക്ഷേപങ്ങളും ഉയർന്നിരുന്നു എന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അന്ന് ഇതിനെതിരെ ജയ് വിളിച്ചതും കൊടി പിടിച്ചതും ആക്ഷേപം പറഞ്ഞതുമാല പലരും പിന്നീട് പല അവസരങ്ങളിലും അത് തിരുത്തി പറഞ്ഞ സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്.

വളരെ അധിക വിവാദങ്ങൾ ഉണ്ടായെങ്കിലും ഗതാഗത നിയമലംഘനങ്ങള്‍ തടയാനും അതിന്റെ തോത് ക്രമാനുഗമമായി കുറയ്ക്കാനും AI ക്യാമറ സംവിധാനം വിജയകരമാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. സംസ്ഥാനത്തെ അപകടമരണ നിരക്കില്‍ കുറവുണ്ടായി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 165 കോടിയാണ് ക്യാമറകള്‍ ഇൻസ്റ്റോൾ ചെയ്യാൻ ചെലവായത്.
ആദ്യവര്‍ഷം തന്നെ പിഴയിനത്തിൽ 78 കോടി രൂപയോളം വകുപ്പിന് ലഭിച്ചു. 428 കോടി രൂപയോളം വരുന്ന പിഴത്തുക ചുമത്തിയിട്ടുമുണ്ട്. നമുക്ക് ഏവർക്കും അറിയാവുന്നതു പോലെ മോട്ടോർ വാഹന വകുപ്പ് പദ്ധതി നടത്തിപ്പുകാരായ കെൽട്രോണിന് നൽകാനുണ്ടായിരുന്ന കരാർ തുക മുടങ്ങിയതിനാൽ നോട്ടീസ് വിതരണം വൈകിയതാണ് പിഴക്കുടിശ്ശിക ഇത്രയും കൂട്ടിയത്.

എന്നാൽ മോട്ടോര്‍വാഹന വകുപ്പില്‍ നിന്ന് വ്യത്യസ്തമായി പൊലീസ് ഇത്തരം പദ്ധതികള്‍ നേരിട്ടാണ് നടത്തുന്നത് എന്നതാണ് ഇതിലെ ട്വിസ്റ്റ്. സ്വന്തം ഫണ്ടില്‍ നിന്നാണ് പൊലീസ് സേന ക്യാമറകൾ സ്ഥാപിക്കാറുള്ളത്. അതോടൊപ്പം കണ്‍ട്രോള്‍ റൂമുകളെല്ലാം തന്നെ നേരിട്ടാണ് നടത്തുന്നത് എന്നതും ശ്രദ്ധിക്കണം. മോട്ടോര്‍വാഹന നിയമപ്രകാരം ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴചുമത്താന്‍ പൊലീസിനും മോട്ടോര്‍വാഹന വകുപ്പിനും തുല്യ അധികാരമുണ്ട്.
അതിനാൽ ഇനി മുതൽ MVD -യുടെ AI ക്യാമറകളെ മാത്രമല്ല മുക്കിനും മൂലയ്ക്കും പോക്കറ്റ് റോഡിലും കലുങ്കിനും കനാലിനും അടുത്തു വരെ വന്നേക്കാവുന്ന പൊലീസ് ക്യാമറകളേയും ഗൗനിക്കണം. നിലവിൽ MVD സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ ഇരിക്കുന്ന ലൊക്കേഷനുകൾ ഒഴിവാക്കിയാവും പൊലീസിന്റെ ഈ ക്യാമറകൾ എല്ലാം തന്നെ സജ്ജീകരിക്കുന്നത്. താമസിയാതെ തന്നെ ഈ ലൊക്കേഷനുകൾ പൊലീസ് തന്നെ വെളിപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








