ടാറ്റ കാറുകളില്‍ മാത്രം കിട്ടുന്ന പ്രീമിയം ഫീച്ചറുകള്‍! ബിഎംഡബ്ല്യുവും ബെന്‍സുമൊന്നും വാങ്ങണ്ടെന്നേ...
കാലം മാറിയപ്പോള്‍ ഇന്ത്യന്‍ കാര്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങളും മാറിയ കാര്യം എല്ലാവര്‍ക്കും അറിയാം. പണം കുറച്ചധികം മുടക്കിയാലും ഫീച്ചറുകളുടെ കാര്യത്തില്‍ ഒരു കുറവും വേണ്ടെന്ന ചിന്താഗതിയാണ് അവര്‍ക്കിപ്പോള്‍. ബജറ്റ് സെഗ്‌മെന്റില്‍ വരെ പ്രീമിയം ഫീച്ചറുകള്‍ ലഭിക്കുന്ന സമയമാണിത്. ഇന്ത്യയില്‍ ഇന്ന് ട്രെന്‍ഡിംഗായ സണ്‍റൂഫ് ഫീച്ചര്‍ തന്നെ ഒരു ഉദാഹരണം.
ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ ടാറ്റ ഇക്കാര്യത്തില്‍ വേറെ ലെവലാണ്. ചില കാറുകളുടെ സെഗ്‌മെന്റ് ഡിമാന്‍ഡ് ചെയ്യുന്നതിനേക്കാള്‍ രണ്ട് പടി മുകളിലുള്ള ഫീച്ചറുകള്‍ വരെ ചില ടാറ്റ കാറുകളില്‍ നമുക്ക് കാണാന്‍ കഴിയും. ടാറ്റ കാറുകളില്‍ ഇത്തരത്തില്‍ ഓഫര്‍ ചെയ്യുന്ന 7 ലക്ഷ്വറി ഫീച്ചറുകളെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

എക്‌സ്പ്രസ് കൂളിംഗ്: വേനല്‍ക്കാലമായതനാല്‍ എയര്‍ കണ്ടീഷനിംഗില്‍ നിന്ന് തന്നെ നമുക്ക് തുടങ്ങാം. ടാറ്റ കാറുകളില്‍ മാത്രം കാണാനാകുന്ന ഒരു സവിശേഷതയാണ് എക്‌സ്പ്രസ് കൂളിംഗ്. ബട്ടണും എസി, ഫാന്‍ ഫംഗ്ഷനുകളും അമര്‍ത്തിയാല്‍ വളരെ കുറച്ച് സമയത്തിനുള്ളില്‍ കാറിന്റെ ക്യാബിന്‍ തണുപ്പിക്കാന്‍ സഹായിക്കുന്ന ഫീച്ചറാണിത്. പുറത്തെ താപനില വളരെ ഉയര്‍ന്ന് നില്‍ക്കുന്ന വേളയില്‍ ഡ്രൈവര്‍ സൈഡ് വിന്‍ഡോ താഴ്ത്തിയാല്‍ പെട്ടെന്ന് കുളിര്‍മ ലഭിക്കുകയും ചെയ്യും.
ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍: ഫുള്‍ മാപ്പ് വ്യൂ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് പട്ടികയില്‍ അടുത്തത്. ഇന്നത്തെ കാലത്തെ കാറുകളില്‍ കണ്ടുവരുന്ന പ്രീമിയം സവിശേഷതകളില്‍ ഒന്നാണ് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുകള്‍. ഫുള്‍ മാപ്പ് വ്യൂ നല്‍കുന്ന തരത്തില്‍ ഫുള്ളി കസ്റ്റമൈസ്ഡ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കി ടാറ്റ ഇവിടെയും സ്‌കോര്‍ ചെയ്തുവെന്ന് പറയാം.

ഏറ്റവും പുതുതായി പുറത്തിറങ്ങിയ ടാറ്റ കാറുകളാണ് നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ്, നെക്‌സോണ്‍ ഇവി ഫെയ്‌സ്‌ലിഫ്റ്റ്, പഞ്ച് ഇവി എന്നിവ. ഈ കാറുകളില്‍ ഫുള്‍ മാപ്പ്‌വ്യൂ ഉള്ള 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ടാറ്റ നല്‍കിയിരിക്കുന്നത്. ഈ കാറുകള്‍ മാറ്റുരയ്ക്കുന്ന് സെഗ്‌മെന്റുകളില്‍ മാത്രമല്ല അവയുടെ മുകളിലുള്ള സെഗ്‌മെന്റില്‍ പോലും ഈ സവിശേഷത കാണാനാകില്ലെന്നതാണ് കൗതുകകരം. നെക്‌സോണിനും പഞ്ചിനും മുകളില്‍ ഈ ഫീച്ചര്‍ കാണപ്പെടുന്നത് മഹീന്ദ്ര XUV700, ടാറ്റ സഫാരി എന്നീ എസ്‌യുവികളിലാണ്.
വെന്റിലേറ്റഡ് റിയര്‍ സീറ്റുകള്‍: ഇന്ത്യയിലെ ചൂട്കാലാവസ്ഥയില്‍ അനുഗ്രഹമാണ് വെന്റിലേറ്റഡ് സീറ്റുകള്‍. എന്നാല്‍ പല കാറുകളും വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ മാത്രമാണ് ഓഫര്‍ ചെയ്യുന്നത്. എന്നാല്‍ ടാറ്റ തങ്ങളുടെ സഫാരി എസ്‌യുവിയുടെ 6 സീറ്റര്‍ പതിപ്പിന്റെ പിന്‍ സീറ്റുകളിലും വെന്റിലേഷന്‍ നല്‍കിയിരിക്കുന്നു. 1.5 മുതല്‍ 2 കോടി രൂപ വരെ വിലയുള്ള കാറുകളില്‍ മാത്രമാണ് പൊതുവേ ഈ ഫീച്ചറുകള്‍ കണ്ടുവരുന്നത് എന്ന കാര്യം അറിയുമ്പോള്‍ ആണ് ഇതിന്റെ റേഞ്ച് മനസ്സിലാകുക.

അലോയ് വീലുകള്‍: ടൊയോട്ട ഫോര്‍ച്യൂണര്‍ പോലുള്ള ഫുള്‍സൈസ് എസ്‌യുവികളില്‍ 18 ഇഞ്ച് അലോയ് വീലുകള്‍ ആണ് വരുന്നത്. ഇവിടെ ടാറ്റ ഒരുപടി മുകളിലേക്ക് കടന്ന് ടാറ്റ സഫാരിയിലും ഹാരിയറിന്റെ ഡാര്‍ക്ക് എഡിഷനിലും 19 ഇഞ്ച് അലോയ് വീലുകള്‍ വാഗ്ദാനം ചെയ്യുന്നു. 19 ഇഞ്ച് അലോയ് വീലുകള്‍ 2017-ല്‍ ഹെക്‌സയിലും ടാറ്റ നല്‍കിയിരുന്നു. സഫാരിയേക്കാള്‍ ഉയര്‍ന്ന സെഗ്‌മെന്റില്‍ മാറ്റുരയ്ക്കുന്ന എംജി ഗ്ലോസ്റ്ററാണ് 19 ഇഞ്ച് വീലുകള്‍ വാഗ്ദാനം ചെയ്യുന്ന മറ്റൊരു എസ്‌യുവി.
90-ഡിഗ്രി ഡോറുകള്‍: ആള്‍ട്രോസ്, പഞ്ച് എന്നീ കാറുകളില്‍ കാണപ്പെടുന്ന ഒരു സവിശേഷ ഫീച്ചറാണ് 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകള്‍. വണ്ടിയുടെ നാല് ഡോറുകളും മുഴുവനായി തുറന്നിട്ട് കാണാന്‍ നല്ല ഭംഗിയാണ്. മാത്രമല്ല കാറിനകത്തേക്ക് കയറുന്നതും ഇറങ്ങുന്നതും കൂടുതല്‍ എളുപ്പമാകുന്നതിനാല്‍ ഇത് വളരെ ഉപകാരപ്രദമാണെന്ന് പറയേണ്ടതില്ലെല്ലോ. പ്രത്യേകിച്ച് വീട്ടില്‍ പ്രായമായവര്‍ ഉണ്ടെങ്കില്‍ അതിന്റെ ഗുണം നിങ്ങള്‍ക്ക് കണ്ട് മനസ്സിലാക്കാം.

ഡിആര്‍എല്ലുകളിലെ ആനിമേഷന്‍: കഴിഞ്ഞ വര്‍ഷം ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചപ്പോള്‍ ടാറ്റ തങ്ങളുടെ എസ്‌യുവികള്‍ക്ക് കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകള്‍ കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പുകളും നല്‍കിയിരുന്നു. ഓരോ തവണ കാര്‍ ലോക്ക് ചെയ്യുകയും അണ്‍ലോക്ക് ചെയ്യുകയും ചെയ്യുമ്പോള്‍ ഗുഡ്‌ബൈ, വെല്‍ക്കം ആനിമേഷന്‍ നല്‍കി സംഭവം കളറാക്കിയിട്ടുണ്ട്. സ്‌കോഡ കൊഡിയാക് എസ്‌യുവിയാണ് ഈ ആനിമേഷന്‍ ഫീച്ചര്‍ നല്‍കുന്ന മറ്റൊരു കാര്‍. എന്നാല്‍ ഇതിന് ഏകദേശം 45 ലക്ഷം രൂപ വില വരും.
ഗിയര്‍ബോക്സ്, ഷിഫ്റ്റ്-ബൈ-വയര്‍: റേഞ്ച് റോവര്‍ പോലുള്ള ആഡംബര എസ്യുവികളില്‍ കാണപ്പെടുന്ന ഗിയര്‍ ലിവറുകളാണ് ടാറ്റ തങ്ങളുടെ എസ്‌യുവികളുടെ മുഖംമിനുക്കിയപ്പോള്‍ സമ്മാനിച്ചത്. റേഞ്ച് റോവറിലേതിന് സമാനമായ യൂണിറ്റുകളാണ് ടാറ്റ എസ്‌യുവികളില്‍ ഉപയോഗിച്ചതെന്ന് സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്ക് കാണാന്‍ സാധിക്കും. ടാറ്റ ഇ-ഷിഫ്റ്റര്‍ എന്ന് വിളിക്കുന്ന ഷിഫ്റ്റ്-ബൈ-വയര്‍ സാങ്കേതികവിദ്യയുടെ ബലത്തില്‍ ഡിസൈനില്‍ മാത്രമല്ല ഫംഗ്ഷനാലിറ്റിയുടെ കാര്യത്തിലും ഇവ വിലപിടിപ്പുള്ള കാറുകളോട് കിടപിടിക്കും.

ഹാരിയര്‍, സഫാരി, നെക്സോണ്‍, ആള്‍ട്രോസ് എന്നീ ടാറ്റ മോഡലുകളില്‍ ഷിഫ്റ്റ്-ബൈ-വയര്‍ സാങ്കേതികവിദ്യ വരുന്നുണ്ട്. ഗിയര്‍ ലിവറിലെ വൈബ്രേഷന്‍ ഇല്ലാതാക്കുന്നുവെന്നതാണ് ഇതിന്റെ ഉപകാരം. മുമ്പ് ഇന്ത്യന്‍ വിപണിയില്‍ ഉണ്ടായിരുന്ന സ്‌കോഡ ഒക്ടാവിയയില്‍ ഈ ഫീച്ചര്‍ കാണപ്പെട്ടിരുന്നു. എന്നാല്‍ 35 ലക്ഷം രൂപയായിരുന്നു ഈ കാറിന്റെ വില. എന്നാല്‍ ബജറ്റ് വിലയില്‍ കിട്ടുന്ന കാറുകളില്‍ വരെ ഈ സാങ്കേതികവിദ്യ സജ്ജീകരിച്ച് ടാറ്റ ഏവരെയും ഞെട്ടിക്കുകയാണ്.
V2V ചാര്‍ജിംഗ്: നെക്‌സോണ്‍ ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ വലിയ ഹൈലൈറ്റായിരുന്നു V2V ചാര്‍ജിംഗ് അല്ലെങ്കില്‍ വെഹിക്കിള്‍ ടു വെഹിക്കിള്‍ ചാര്‍ജിംഗ്. നെക്‌സോണ്‍ ഇവി ഉപയോഗിച്ച് മറ്റൊരു ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കുന്ന പ്രീമിയം ഫീച്ചറാണിത്. ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്ന മറ്റൊരു ഇവി 46.05 ലക്ഷം രൂപ വില വരുന്ന ഹ്യുണ്ടായി അയോണിക് 5 ആണ്. ഇതേ ഫീച്ചറാണ് 14.49 ലക്ഷം മുതല്‍ വില ആരംഭിക്കുന്ന ഇവിയില്‍ ടാറ്റ നല്‍കിയത്.


Click it and Unblock the Notifications








