'ഫാമിലിമാനാകാന്‍' ഡസ്റ്റര്‍! 7 പേര്‍ക്ക് സുഖമായി പോകാന്‍ റെനോ 'ബിഗ്‌സ്റ്റര്‍' വരുന്നു
ഇന്ത്യയില്‍ മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിന് തുടക്കം കുറിച്ച മോഡലാണ് റെനോ ഡസ്റ്റര്‍. കമ്പനിക്ക് മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത മോഡലാണെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനപ്രിയനെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ന്യൂജെന്‍ അവതാരത്തില്‍ കഴിഞ്ഞ വര്‍ഷം ആഗോള വിപണയില്‍ അരങ്ങേറ്റം കുറിച്ച് ഡസ്റ്റര്‍ ഇന്ത്യയിലേക്ക് റീഎന്‍ട്രിക്ക് ഒരുങ്ങുകയാണ്.
നിര്‍ത്തലാക്കിയെങ്കിലും ഇന്ത്യക്കാര്‍ക്ക് ഇന്നും പ്രിയപ്പെട്ട കാറുകളില്‍ ഒന്നാണ് ഡസ്റ്റര്‍. ഈ കാറിന് ഇന്നും വലിയ ഫാന്‍ബേസുണ്ട്. ഇന്ത്യയില്‍ എസ്‌യുവികള്‍ക്ക് നല്ല കാലമാണെന്ന തിരിച്ചറിവിന്റെ ബലത്തിലാണ് എസ്‌യുവി തിരികെകൊണ്ടുവരാന്‍ റെനോ ഒരുങ്ങുന്നത്. റെനോ ഡസ്റ്റര്‍ ഒരു 5 സീറ്റര്‍ കാറാണ്. ഇതിനൊപ്പം തന്നെ എസ്‌യുവിയുടെ ഒരു 7 സീറ്റര്‍ കാറും അണിയറയില്‍ ഒരുങ്ങുന്നതായി ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റെനോയുടെ 'ബിഗ്‌സ്റ്റര്‍' കണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തി വരുന്ന ഈ കാര്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ഇപ്പോള്‍ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരിക്കുകയാണ്. ഡസ്റ്ററിന്റെ 5 സീറ്റര്‍ പതിപ്പ് ഉടന്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും 7 സീറ്റര്‍ മോഡല്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നാണ് മനസ്സിലാകുന്നത്. പരിചിതമായ CMF-B പ്ലാറ്റ്‌ഫോമിലായിരിക്കും 7 സീറ്റര്‍ ബിഗ്‌സ്റ്റര്‍ പണിയുക. ഡസ്റ്ററിനേക്കാള്‍ നീളമുണ്ടാകും ഈ എസ്‌യുവിക്ക്.
നിലവിലെ ഡസ്റ്ററിന് 4.34 മീറ്റര്‍ നീളമുള്ളപ്പോള്‍ മൂന്നു വരി മോഡലിന് മൊത്തത്തില്‍ ഏകദേശം 4.6 മീറ്റര്‍ നീളമുണ്ടാകും. കൂടാതെ റിയര്‍ ഓവര്‍ഹാംഗും വലിയ വാതിലുകളും ഉള്‍ക്കൊള്ളാന്‍ വീല്‍ബേസ് അളവുകളും വര്‍ധിക്കും. സ്റ്റാന്‍ഡേര്‍ഡ് ഡസ്റ്ററുമായി താരതമ്യപ്പെടുത്തുമ്പോള്‍ റിയര്‍ ഡിസൈന്‍ അല്‍പം വ്യത്യാസപ്പെട്ടിരിക്കും. ബോഡി പാനലുകള്‍, മെക്കാനിക്കല്‍ ബിറ്റുകള്‍, പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ എന്നിവ പങ്കിടുന്നതിനാല്‍ വരാനിരിക്കുന്ന 7 സീറ്റര്‍ എസ്‌യുവിക്ക് ന്യൂജെന്‍ ഡസ്റ്ററുമായി നിരവധി സാമ്യതകള്‍ ഉണ്ടാകും.

കൂടുതല്‍ പ്രീമിയം കസ്റ്റമേഴ്‌സിനെ ലക്ഷ്യം വെക്കുന്നതിനാല്‍ പുതിയ ഫീച്ചറുകളും ഉള്‍പ്പെടുത്തും. ഫ്രീസ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ പ്ലേ, പ്രീമിയം സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്നോളജി, ഇലക്‌ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷ ഫീച്ചറുകള്‍ കാറില്‍ ഉള്‍ക്കൊള്ളിച്ചേക്കും.
വ്യത്യസ്ത വിപണികള്‍ക്കും ഡ്രൈവിംഗ് മുന്‍ഗണനകള്‍ക്കും അനുസൃതമായി നിരവധി എഞ്ചിന്‍ ഓപ്ഷനുകളുടെ ഒരു ശ്രേണി ഗ്ലോബല്‍-സ്‌പെക്ക് ഡസ്റ്റര്‍ അവതരിപ്പിക്കുന്നു. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 48V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റമുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, ഹൈബ്രിഡ് കോണ്‍ഫിഗറേഷനില്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഈ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളും ബിഗ്‌സ്റ്ററിനും കിട്ടിയേക്കും. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. 2WD, 4WD ഓപ്ഷനുകള്‍ കാറിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കോ, ഓഫ് റോഡ്, സ്‌നോ, സാന്‍ഡ്, ഓട്ടോ തുടങ്ങിയ ഡ്രൈവിംഗ് ഓപ്ഷനുകളുള്ള മള്‍ട്ടി-ഫീച്ചര്‍ കാറായിരിക്കും ഇത്.2025 പകുതിയോടെ റെനോ ഡസ്റ്റര്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡസ്റ്റര്‍ ലോഞ്ച് ചെയ്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബിഗ്‌സ്റ്ററും പുറത്തിറങ്ങും. ഈ മോഡലുകള്‍ നിസാന്‍ റീബാഡ്ജ് ചെയ്ത് വില്‍ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര XUV700, ടാറ്റ സഫാരി, ഹ്യുണ്ടായി അല്‍കാസര്‍, എംജി ഹെക്ടര്‍ പ്ലസ്, സിട്രണ്‍ C3 എയര്‍ക്രോസിന്റെ 7 സീറ്റര്‍ പതിപ്പ് എന്നിവയുമായി റെനോ ബിഗ്‌സ്റ്റര്‍ എസ്‌യുവി മത്സരിക്കും. മാത്രമല്ല അടുത്ത വര്‍ഷം ഇന്ത്യയില്‍ 7 സീറ്റര്‍ എസ്‌യുവികളുടെ എണ്ണം കൂടാന്‍ പോകുകയാണ്.
2025 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ 7 സീറ്റര്‍ പതിപ്പ് വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ 7 സീറ്ററും പിന്നാലെ എത്തും. എസ്‌യുവികള്‍ക്കൊപ്പം ഫാമിലികള്‍ കൂടുതലായി 7 സീറ്റര്‍ വാഹനങ്ങളും പരിഗണിക്കുന്നതിനാല്‍ ബിഗ്‌സ്റ്ററിന്റെ വരവും റെനോക്ക് ബൂസ്റ്റാകും. റെനോയുടെ വരാന്‍ പോകുന്ന ബിഗ്‌സ്റ്റര്‍ എസ്‌യുവിയെ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം വെബ്‌സൈറ്റ് ഇടക്കിടെ സന്ദര്‍ശിക്കൂ.


Click it and Unblock the Notifications








