രണ്ട് 'ഫ്രഞ്ചുകാരെ' സൈന്യത്തിലെടുത്തു! ഈസ്‌റ്റേണ്‍ കമാന്‍ഡിനായി ചീറിപ്പായാന്‍ ഈ ചുണക്കുട്ടികള്‍
നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ് ഇന്ത്യന്‍ ആര്‍മി. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ ധൈര്യത്തിലാണ് നമ്മള്‍ സുഖമായി കിടന്നുറങ്ങുന്നത്. പ്രതിരോധ സേനയെ പിന്തുണക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി വാഹന നിര്‍മാതാക്കള്‍ സൈന്യത്തിന് വാഹനങ്ങള്‍ കൈമാറാറുണ്ട്. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയില്‍ നിറഞ്ഞ് നില്‍ക്കുന്ന കമ്പനിയാണ്. ഇപ്പോള്‍ റെനോ ഇന്ത്യന്‍ ആര്‍മിയുടെ ഈസ്‌റ്റേണ്‍ കമാന്‍ഡിന് രണ്ട് വാഹനങ്ങള്‍ കൈമാറി. ഇന്ത്യന്‍ ആര്‍മിയുടെ മൊബിലിറ്റി, ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയാണ് റെനോ വാഹനങ്ങള്‍ സംഭാവന ചെയ്തത്.
ക്വിഡ്, കൈഗര്‍, ട്രൈബര്‍ എന്നീ മോഡലുകളാണ് നിലവില്‍ കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇതില്‍ കൈഗര്‍, ട്രൈബര്‍ എന്നീ മോഡലുകളാണ് സൈന്യത്തിന് നല്‍കിയത്. ഈ വാഹനങ്ങള്‍ നല്‍കിക്കൊണ്ട് ഇന്ത്യന്‍ ആര്‍മിയുടെ ഈസ്റ്റേണ്‍ കമാന്‍ഡിനെ പിന്തുണയ്ക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും ഈ വാഹനങ്ങള്‍ ഈസ്റ്റേണ്‍ കമാന്‍ഡിന്റെ മൊബിലിറ്റിയും ലോജിസ്റ്റിക്കല്‍ കഴിവുകളും മെച്ചപ്പെടുത്തുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും റെനോ ഇന്ത്യ മാനേജിംഗ് ഡയറക്ടറും കണ്‍ട്രി സിഇഒയുമായ വെങ്കട്ട്റാം പറഞ്ഞു.

റെനോ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന കുറഞ്ഞ വിലയുള്ള എസ്യുവിയാണ് കൈഗര്‍. മികച്ച ഡിസൈനില്‍ വരുന്ന ഈ കാറില്‍ 5 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. ലെതറെറ്റ് അപ്ഹോള്‍സ്റ്ററി, ബെസല്‍-ലെസ് ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, ഓട്ടോ-ഫോള്‍ഡ് ഒആര്‍വിഎം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്ന് തുടങ്ങി നിരവധി ഫീച്ചറുകള്‍ കാറില്‍ ഒരുക്കിയിരിക്കുന്നു.
1.0 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ കൈഗര്‍ വാങ്ങാം. കൈഗറിലെ അതേ NA പെട്രോള്‍ എഞ്ചിനാണ് ട്രൈബറിനും തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 72 bhp പവറും 96 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന രീതിയിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ 99
bhp പവറും 152 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു.

NA പെട്രോള്‍ എഞ്ചിന്‍ മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. ടര്‍ബോ വേരിയന്റിന് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭിക്കുന്നു. 6 ലക്ഷം മുതല്‍ 11.23 ലക്ഷം രൂപ വരെയാണ് റെനോ കൈഗറിന്റെ എക്‌സ്-ഷോറൂം വില പോകുന്നത്. നിസാന്‍ മാഗ്നൈറ്റ്, ടാറ്റ നെക്സോണ്‍, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു തുടങ്ങിയ മറ്റ് സബ്-4 മീറ്റര്‍ എസ്യുവികളോടാണ് കൈഗര്‍ മത്സരിക്കുന്നത്.
ട്രൈബറിനെ കുറിച്ച് നോക്കുമ്പോള്‍ ഇത് ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയുള്ള മൂന്ന്-വരി എംപിവികളില്‍ ഒന്നാണ്. മാന്യമായ ഇന്റീരിയര്‍ സ്‌പേസും ഫ്‌ലെക്‌സിബിള്‍ മൂന്നാം നിര സീറ്റുകളുമായാണ് ട്രൈബര്‍ വരുന്നത്. സീറ്റുകള്‍ മടക്കുകയോ പൂര്‍ണ്ണമായി നീക്കം ചെയ്യുകയോ ചെയ്താല്‍ ബൂട്ട് സ്‌പെയ്‌സ് വര്‍ധിപ്പിക്കുകയും ചെയ്യാം.

7 ഇഞ്ച് TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഇലക്ട്രിക്കലി ഫോള്‍ഡിംഗ് ORVM-കള്‍, ഡ്രൈവര്‍ സീറ്റ് ആംറെസ്റ്റ് എന്നിവയടങ്ങുന്ന മാന്യമായ ഫീച്ചര്‍ ലിസ്റ്റും ഇതിനുണ്ട്. 72 bhp പവറും 96 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍, ത്രീ സിലിണ്ടര്‍, നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ഈ എംപിവി വാഗ്ദാനം ചെയ്യുന്നത്.
5-സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാം. 6 ലക്ഷം രൂപ മുതലാണ് ട്രൈബറിന്റെ എക്‌സ്-ഷോറൂം വില തുടങ്ങുന്നത്. കൈഗറിന്റെയും ട്രൈബറിന്റെയും ടോപ് എന്‍ഡ് ട്രിമ്മുകളാണ് സൈന്യത്തിന് കൈമാറിയത്. അടുത്തിടെ റെനോ കൈഗറിന്റെയും ട്രൈബറിന്റെയും നൈറ്റ് ആന്‍ഡ് ഡേ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് അവതരിപ്പിച്ചിരുന്നു.
വൈകാതെ തന്നെ ഡസ്റ്റര്‍ എസ്‌യുവി കൊണ്ടുവന്ന് വാഹനനിര വലുതാക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. എസ്‌യുവിയുടെ 7 സീറ്റര്‍ പതിപ്പായ ബിഗ്‌സ്റ്ററും ഡസ്റ്റര്‍ വന്ന് ഏതാനും മാസങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങും. ഇന്ത്യയിലെ എസ്‌യുവി പ്രേമികള്‍ ആകാംക്ഷയോടെയാണ് ഡസ്റ്ററിനായി കാത്തിരിക്കുന്നത്. അടുത്ത വര്‍ഷം ന്യുജെന്‍ ഡസ്റ്റര്‍ ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications








