230 കി.മീ റേഞ്ചുള്ള റെനോ ഇവിക്ക് വില ഇത്രയും കുറവോ? ടാറ്റയുടെയും എംജിയുടെയും മുട്ടുകാലിടിച്ച് തുടങ്ങി
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന കമ്പനികളാണ് ടാറ്റ മോട്ടോര്‍സും എംജിയും. കഴിഞ്ഞ ദിവസം ഇരുകമ്പനികളും വില കുറയ്ക്കുക കൂടി ചെയ്തതോടെ ഇവികള്‍ കൂടുതല്‍ താങ്ങാനാകുന്നതായി. എന്നാല്‍ ടാറ്റയുടെയും എംജിയുടെയും ചങ്കിടിപ്പേറ്റി ഫ്രഞ്ച് കമ്പനിയായ റെനോയില്‍ നിന്നൊരു ബജറ്റ് ഇവി വരാന്‍ പോകുന്നു. അതിനെ കുറിച്ച് വിശദമായി പറയാം.
ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ ഇപ്പോള്‍ പരസ്പരം കരങ്ങള്‍ കോര്‍ത്ത് പിടിച്ച് വളരാന്‍ ശ്രമിക്കുകയാണ് കമ്പനികള്‍. അത്തരത്തില്‍ റെനോയും ജാപ്പനീസ് കമ്പനിയായ നിസാനും തമ്മില്‍ സഖ്യത്തിലാണ്. ഇന്ത്യന്‍ വിപണി പിടിക്കാനായി റെനോ-നിസാന്‍ സഖ്യം കോടികളാണ് നിക്ഷേപിക്കാന്‍ പോകുന്നത്. ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ടുള്ള പുത്തന്‍ തന്ത്രങ്ങളുടെ ഭാഗമായി അവര്‍ പുതിയ ആറ് കാറുകള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതില്‍ ഇലക്ട്രിക് കാറുകളുമുണ്ട്.

രണ്ട് എ സെഗ്മെന്റ് ഇവികള്‍ അതായത് താങ്ങാനാവുന്ന വിലയിലുള്ള രണ്ട് എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാറുകള്‍ ഉടന്‍ സഖ്യം ഇന്ത്യയിലെത്തിക്കും. നാളെ (ഫെബ്രുവരി 21) റെനോ തങ്ങളുടെ ഇലക്ട്രിക് കാര്‍ മോഡല്‍ അവതരിപ്പിക്കാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. റെനോ ഇന്ത്യയിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച രണ്ട് ഇവികളില്‍ ഒന്നായിരിക്കും ഇത്.
നിലവില്‍ 6.98 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറും വിലയില്‍ വില്‍ക്കുന്ന എംജി കോമെറ്റാണ് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് കാര്‍. ഇതിലും കുറഞ്ഞ വിലയില്‍ നിങ്ങള്‍ക്ക് ഒരു ഇവി വാങ്ങാന്‍ സാധിക്കില്ല. ടാറ്റയുടെ എന്‍ട്രി ലെവല്‍ ഇവിയായ ടിയാഗോ ഇവിക്ക് 7.99 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്‌ഷോറൂം വില. ബജറ്റ് വിലയില്‍ അധികം ഇവികള്‍ വിപണിയില്‍ ഇല്ലാത്തതിനാല്‍ ഈ രണ്ട് കാറുകള്‍ക്കും മികച്ച വില്‍പ്പനയും നേടാനാകുന്നു.

എന്നാല്‍ സമീപഭാവിയില്‍ തന്നെ റെനോയില്‍ നിന്ന് പുത്തന്‍ എതിരാളിയെത്തുന്നതോടെ കോമെറ്റിന്റെയും ടിയാഗോയുടെയും ഭരണം അവസാനിക്കും. റെനോയുടെ സഹോദര സ്ഥാപനമായ ഡാസിയ ഇതിനോകം തന്നെ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പായ സ്പ്രിംഗ് ഇവി വിവിധ ആഗോള വിപണികളില്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. കോസ്മറ്റിക്, ഫീച്ചര്‍ പരിഷ്‌കാരങ്ങളോടെ സ്പ്രിംഗ് ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പാണ് നാളെ അരങ്ങേറാന്‍ പോകുന്നത്.
ഏറ്റവും പുതിയ തലമുറ ഡസ്റ്ററില്‍ നിന്നുള്ള ഡിസൈന്‍ ക്യൂസ് ഇവി കടംകൊള്ളും. ആങ്കുലാര്‍ ഹെഡ്‌ലാമ്പ്, പുതിയ ഗ്രില്‍, പുതുക്കിപ്പണിത റിയര്‍ എന്‍ഡ് എന്നിവയാണ് പ്രതീക്ഷിക്കന്നേത്. കാറിന്റെ മൊത്തത്തിലുള്ള പ്രൊഫൈലില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ് ടീസര്‍ ചിത്രം സൂചിപ്പിക്കുന്നത്. പുതിയ ഡാഷ്‌ബോര്‍ഡ് ഡിസൈനും സ്റ്റിയറിംഗ് വീല്‍ ഡിസൈനുമടക്കം അകത്തും കാര്യമായ പരിഷ്‌കാരങ്ങള്‍ പ്രതീക്ഷിക്കുന്നു.

ആഗോളതലത്തില്‍ ഈ ഇവി 26.8 kWh ബാറ്ററി പായ്ക്ക് ഓപ്ഷനില്‍ ലഭ്യമാണ്. ഇതോടൊപ്പം 43 bhp പവറും 125 Nmടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറും കാറില്‍ സജ്ജീകരിച്ചിരിക്കുന്നു. ഈ ഇലക്ട്രിക് കാറിന് ഫുള്‍ ചാര്‍ജില്‍ 230 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയോടെ ഒരു മണിക്കൂറില്‍ താഴെ സമയം കൊണ്ട് ബാറ്ററി 0-80 ശതമാനം ചാര്‍ജ് ചെയ്യാം.
ഇതേ ശേഷിയുമായിട്ടാകും ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ഇന്ത്യയിലെത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ഓട്ടാ എക്‌സ്‌പോയില്‍ ഇവിയുടെ കണ്‍സെപ്റ്റ് പതിപ്പ് പ്രദര്‍ശിപ്പിച്ചത് മുതല്‍ വാഹനം ഇന്ത്യയില്‍ അരങ്ങേറുമെന്ന് അഭ്യൂഹങ്ങള്‍ ഉയരാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ സമീപകാലത്ത് മാത്രമാണ് ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ക്ക് സ്വീകാര്യത ലഭിച്ച് തുടങ്ങിയത്. അതുകൊണ്ട് പുതിയ രണ്ട് എ സെഗ്‌മെന്റ് ഇവികളും റെനോ അധികം വൈകാതെ കൊണ്ടുവരും. എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന വില നിര്‍ണയമാകും പുത്തന്‍ മോഡലില്‍ നടപ്പാക്കുക.

എംജി കോമറ്റിന് വെല്ലുവിളി ഉയര്‍ത്തുന്ന വിലയില്‍ തന്നെ തങ്ങളുടെ ആദ്യത്തെ ഇവി റെനോ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. 7 ലക്ഷം രൂപയില്‍ താഴെയാണ് ഈ ചെറു ഇലക്ട്രിക് കാറിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഡാസിയ സ്പ്രിംഗ് ഇവി ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ഇന്ത്യക്കായുള്ള ക്വിഡ് ഇവിയും അരങ്ങേറുമെന്ന് പ്രതീക്ഷിക്കാം. ഏതായാലും ഇന്ത്യയില്‍ ചെറു ഇവി വിഭാഗത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ റെനോക്ക് സാധിക്കും. വിലയുടെ കാര്യത്തില്‍ ചില്ലറ നീക്കുപോക്കുകള്‍ നടത്താന്‍ കമ്പനി തയാറായാല്‍.


Click it and Unblock the Notifications








