ഈ ഇവിക്കായി യൂറോപ്യന്‍സ് 'ഇടികൂടുന്നു'! വില്‍ക്കാനല്ലെങ്കില്‍ കാര്‍ റെനോ ഇന്ത്യയിലെത്തിച്ചത് എന്തിനാകും?
ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് കാറുകള്‍ കൂടുതല്‍ ജനകീയമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വാഹന നിര്‍മാതാക്കളെല്ലാം തങ്ങളുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോ വിപുലീകരിക്കുകയാണ്. നിലവില്‍ രാജ്യത്ത് സാന്നിധ്യമറിയിക്കുന്ന കമ്പനികള്‍ക്കൊപ്പം പുത്തന്‍ കമ്പനികളും പ്ലാന്റ് സ്ഥാപിച്ച് മത്സരരംഗത്തേക്ക് ഇറങ്ങുകയാണ്. വിയറ്റ്‌നാമീസ് ഇവി നിര്‍മാതാക്കളായ വിന്‍ഫാസ്റ്റാണ് അതിലെ ഏറ്റവും പുതിയ എന്‍ട്രി.
ഇത്തരമൊരു സാഹചര്യത്തില്‍ ഫ്രഞ്ച് കമ്പനിയായ റെനോ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ വില്‍പ്പനക്ക് എത്തിക്കാന്‍ പോകുകയാണെന്ന് ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പായിരിക്കും ഫ്രഞ്ച് ബ്രാന്‍ഡ് ഇന്ത്യയിലെത്തിക്കാന്‍ പോകുന്ന ആദ്യ ഇവിയെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ കൂടെ മറ്റ് ചില ഗ്ലോബല്‍ മോഡലുകളും ബ്രാന്‍ഡ് ഉപഭൂഖണ്ഡത്തിലെത്തിക്കുമെന്നും പറയപ്പെടുന്നു.

അത്തരം റിപ്പോര്‍ട്ടുകള്‍ക്ക് ബലമേകി റെനോ മെഗാന്‍ ഇ-ടെക് ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ വെച്ച് ക്യാമറക്കണ്ണുകളില്‍ പതിഞ്ഞു. ഇതാദ്യമായാണ് ലോകപ്രശസ്ത ഇവിയുടെ ഇന്ത്യയില്‍ നിന്നുള്ള സ്‌പൈ ചിത്രങ്ങള്‍ പുറത്തുവരുന്നത്. പാര്‍ക്കിംഗ് ലോട്ടില്‍ മറ്റ് കാറുകളുടെ മധ്യത്തിലായാണ് ഈ കാര്‍ കാണപ്പെട്ടത്. ഇതിന്റെ ചിത്രങ്ങള്‍ ഇലക്ട്രിക് വാഹന പ്രേമികളുടെ ആഘോഷമാക്കുകയാണ്.
വളരെ ആകര്‍ഷകമായ രൂപത്തിലെത്തുന്ന ഈ ഇലക്ട്രിക് കാറില്‍ വ്യതിരിക്തമായ റെനോ ലോഗോയാണ് കാണാനാകുക. പച്ച നിറത്തിലുള്ള നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ഈ ഇവിക്ക് വ്യത്യസ്തമായ ഹെഡ്‌ലൈറ്റും ഡിആര്‍എല്ലുകളുമാണ് നല്‍കിയിരിക്കുന്നത്. ആകര്‍ഷകമായ രൂപത്തിന് പുറമേ ഉപയോഗക്ഷമതയുടെ കാര്യത്തിലും ഇവി മികച്ച അഭിപ്രായമാണ് നേടുന്നത്.

2020 മെഗാന്‍ ഇവിഷന്‍ കണ്‍സെപ്റ്റില്‍ നിന്നാണ് ഈ മോഡലിന്റെ പിറവി. CMF-EV എന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള പ്രത്യേക പ്ലാറ്റ്ഫോമിലാണ് റെനോ ഈ ഇലക്ട്രിക് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചില യൂറോപ്യന്‍ വിപണികളില്‍ 40 kWh, 60 kWh എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലും രണ്ട് മോട്ടോര്‍ ഓപ്ഷനുകളിലും കാര്‍ ലഭ്യമാണ്.
ഒരു ഇലക്ട്രിക് മോട്ടോര്‍ 130 bhp പവറും 250 Nm ടോര്‍ക്കും പുറപ്പെടുവിക്കുമ്പോള്‍ രണ്ടാമത്തേത് 218 bhp പവറും 300 Nm ടോര്‍ക്കും നല്‍കുന്നു. ബാറ്ററി ഓപ്ഷനെ ആശ്രയിച്ച് 470 കിലോമീറ്റര്‍ വരെ ക്ലെയിംഡ് റേഞ്ചാണ് ഇവിക്ക് പറയുന്നത്. അകത്തളത്തില്‍ റെനോയുടെ ഓപണ്‍ആര്‍ ഡിസ്‌പ്ലേ ലഭിക്കുന്നു. 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേയും 12 ഇഞ്ച് പോര്‍ട്രയിറ്റ് സ്‌റ്റൈല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ക്യാബിന്റെ മാറ്റ്കൂട്ടുന്ന സവിശേഷതകളാണ്.

ആഗോള വിപണിയില്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്കുമായാണ് പ്രധാന മത്സരം. ഇതിനോടൊപ്പം മിനി കൂപ്പര്‍ SE, കിയ നീറോ ഇവി എന്നീ ഇലക്ട്രിക് കാര്‍ മോഡലുകളുമായും റെനോ മെഗാന്‍ ഇ-ടെക് എതിരിടുന്നു. മികച്ച റേഞ്ചിനൊപ്പം തന്നെ ഒരുപിടി നൂതന സാങ്കേതിക സവിശേഷതകള്‍ നിറഞ്ഞ വാഹനമായതിനാല്‍ തന്നെ ഇതിനെ കുറിച്ച് ഇവി പ്രേമികള്‍ക്കുള്ള പ്രതീക്ഷയും വളരെ ഉയര്‍ന്നതാണ്.
എന്നാല്‍ ഈ കാര്‍ ഉടന്‍ ഇന്ത്യയില്‍ എത്തുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മാത്രമാണ് നമുക്ക് മറുപടി പറയാന്‍ സാധിക്കു. പിന്നെ എന്തിനാണ് ഈ കാര്‍ ഇന്ത്യയിലെത്തിച്ചതെന്ന ചോദ്യം പ്രസക്തമാണ്. റെനോ ഈ കാര്‍ തങ്ങളുടെ സ്വന്തം ഉപയോഗത്തിനും ഇന്‍േറണല്‍ ടെസ്റ്റിംഗ് പ്രക്രിയകള്‍ക്കുമായാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ റെനോ മുമ്പ് പദ്ധതിയിട്ടിരുന്നു. എന്നാല്‍, നിലവില്‍ ഇതു സംബന്ധിച്ച് യാതൊരു അപ്‌ഡേറ്റുകളുമില്ല. അതുകൊണ്ടാണ് ഈ ഇവി സ്മീപഭാവിയില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കാത്തത്. മെഗാന്‍ ഇ-ടെക് ഇപ്പോള്‍ ഇന്ത്യയിലെത്തില്ലെന്ന കാര്യമോര്‍ത്ത് വിഷമിക്കേണ്ട. ക്വിഡ് ഇവിയെ കൂടാതെ ഒരുപിടി ഇവികള്‍ ഇന്ത്യക്കായി റെനോ പ്ലാന്‍ ചെയ്യുന്നുണ്ട്.
അതില്‍ ഒന്നാണ് CMF-A EV പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാര്‍. ഇവിയല്ലാതെ റെനോയില്‍ നിന്ന് വരാന്‍ പോകുന്ന ബ്ലോക്ക് ബസ്റ്റര്‍ ലോഞ്ച് പുതുതലമുറ ഡസ്റ്റര്‍ എസ്‌യുവിയാണ്. ഇന്ത്യയില്‍ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിന് തുടക്കം കുറിച്ച ഡസ്റ്റര്‍ പുത്തന്‍ രൂപത്തിലും ഭാവത്തിലുമായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അരങ്ങേറും. ഇന്ത്യയും ഇലക്ട്രിക് വിപ്ലവത്തിലേക്ക് നടന്നടുക്കുമ്പോള്‍ റെനോയും കൂടെയുണ്ടാകുമെന്നാണ് ഉറപ്പുനല്‍കുന്നത്.
ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് കൈയ്യടക്കി വെച്ചിരിക്കുന്ന ഇന്ത്യയിലെ പാസഞ്ചര്‍ ഇവി സെഗ്‌മെന്റില്‍ ശക്തമായ സാന്നിധ്യമാകാനാണ് റെനോയുടെ ശ്രമം. മികച്ച റേഞ്ചും താങ്ങാവുന്ന വിലയുമുണ്ടെങ്കില്‍ ഇവി സെഗ്‌മെന്റില്‍ റെനോക്ക് പച്ചപിടിക്കാന്‍ സാധിക്കും. ഇന്ത്യന്‍ വിപണിയിലെ വളര്‍ച്ച ലക്ഷ്യമിട്ട് റെനോ-നിസാന്‍ ഗ്രൂപ്പ് കോടികളാണ് നിക്ഷേപിക്കുന്നത്. ഇതിലൊരു പങ്ക് തീര്‍ച്ചയായും ഇവികള്‍ക്കുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
Source: Autocar India


Click it and Unblock the Notifications








