തിരിച്ചുവരവ് ഗംഭീരമാക്കാൻ ഡസ്റ്റർ; ICE മോഡലിനൊപ്പം 400 കി.മീ റേഞ്ച് നൽകുന്ന ഇവിയും അണിയറയിൽ
ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് കാറുകളുടെ വിപണി വിഹിതം/ മാർക്കറ്റ് ഷെയർ എന്നത് വേഗത്തിലാണ് വർധിച്ചുകൊണ്ടിരിക്കുന്നത്, അത് കൂടാതെ എല്ലാ കാർ നിർമ്മാതാക്കൾക്കും ഈ ഉയർന്ന സാധ്യതയുള്ള സെഗ്മെന്റിലേക്ക് കടക്കാൻ അവരുടേതായ പ്ലാനുകളും പദ്ധതികളുമുണ്ട്. പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി, ടൊയോട്ട, ഫോർഡ് തുടങ്ങിയവയെല്ലാം തങ്ങളുടെ പദ്ധതികൾ ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോൾ, ഇന്ത്യയിൽ റെനോ - നിസാൻ കൂട്ടുകെട്ടും ഇവികൾ അവതരിപ്പിക്കാൻ പദ്ധതിയിടുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, വരാനിരിക്കുന്ന ക്രെറ്റ ഇവിയ്ക്ക് എതിരാളിയായ മിഡ്-സൈസ് ഇലക്ട്രിക് എസ്‌യുവിയാണ് കമ്പനിയുടെ പ്ലാനുകളിലുള്ളത്. നേരത്തെ ഇലക്ട്രിക് കാർ തന്ത്രത്തിൻ്റെ ഭാഗമായിരുന്ന ഇന്ത്യയ്ക്കായി ഒരു എൻട്രി ലെവൽ ഇവി എന്ന പദ്ധതികൾ കമ്പനികൾ ഉപേക്ഷിച്ചതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മേൽപ്പറഞ്ഞ മിഡ്-സൈസ് ഇലക്ട്രിക് എസ്‌യുവി ബ്രാൻഡിന്റെ CMF-B പ്ലാറ്റ്‌ഫോമിൻ്റെ ഇലക്ട്രിക് പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, കൂടാതെ ഈ സഖ്യത്തിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ-ഇലക്‌ട്രിക് ഓഫറായി ഡസ്റ്റർ ഇവി ആയിരിക്കും എത്തുന്നത് എന്ന് പ്രതീക്ഷിക്കാം. വൻതോതിൽ പ്രാദേശികവൽക്കരിക്കപ്പെട്ട CMF-B പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ഡസ്റ്ററും അതിൻ്റെ നിസാൻ സഹോദരനും അടുത്ത വർഷം അതായത് 2025 അവസാനത്തോടെ ആഭ്യന്തര വിപണിയിൽ അരങ്ങേറ്റം കുറിക്കും.
ഡസ്റ്റർ അധിഷ്‌ഠിത ഇവി CMF-B പ്ലാറ്റ്ഫോമിന്റെ ഇലക്ട്രിക് പവർട്രെയിൻ സജ്ജീകരണത്തിന് അനുയോജ്യമായ മാറ്റങ്ങളുമായി വരുന്ന ഒരു പതിപ്പ് ഉപയോഗിക്കും. ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, സഖ്യം ലക്ഷ്യമിടുന്നത് 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ ബജറ്റിൽ വരുന്ന ഒരു ഇവി മോഡലാണ്.

വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവി, മാരുതി സുസുക്കി eVX എന്നിവയ്‌ക്കെതിരെ മത്സരിക്കുന്ന മിഡ് സൈസ് ഇലക്ട്രിക് എസ്‌യുവിയ്ക്ക് കോംപറ്റിറ്റീവ് വില നിർണ്ണയം ഒരു പ്ലസ് പോയിന്റ് തന്നെ ആയിരിക്കും. ആഭ്യന്തര വിപണിയിലെ ബ്രാൻഡിൻ്റെ ആദ്യ ഇവി ഒരു ആഗോള മോഡലുമായിരിക്കും, ഇന്ത്യ ഇതിൻ്റെ പ്രൊഡക്ഷൻ കേന്ദ്രമായും പ്രവർത്തിച്ചേക്കാം.
എന്നിരുന്നാലും, ഇവ വെറും ഊഹാപോഹങ്ങൾ മാത്രമാണ്, ഔദ്യോഗിക വെളിപ്പെടുത്തലുകൾ വരാത്തതിനാൽ ഇപ്പോൾ ഒന്നും സ്ഥിരീകരിക്കാൻ കഴിയില്ല. ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചതായും ചെലവ് നിയന്ത്രിക്കുന്നതിനായി പ്രാദേശിക ബാറ്ററി കംപോണന്റ് സപ്ലയർമാരെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൂടാതെ, CMF-B ഇവി പ്ലാറ്റ്‌ഫോമും അതിന്റെ വികസന ഘട്ടത്തിലാണ്, ആഗോളതലത്തിൽ വരാനിരിക്കുന്ന വിവിധ ഇലക്ട്രിക് കാറുകൾക്ക് ഇത് ഉപയോഗിക്കും. 2026-2027 കാലയളവിൽ ഇലക്ട്രിക് ഡസ്റ്റർ നിരത്തുകളിൽ എത്തുന്നത് നമുക്ക് കാണാൻ കഴിയും. സിംഗിൾ ചാർജിൽ ഏകദേശം 350 മുതൽ 400 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന LFP ബാറ്ററി പായ്ക്ക് ഡസ്റ്റർ ഇവിയിൽ റെനോ ഉപയോഗിക്കും എന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത വർഷം, റെനോ പുതിയ തലമുറ ഡസ്റ്റർ ICE പതിപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരും, അതോടൊപ്പം ഇതിൻ്റെ നിസാൻ സഹോദരങ്ങളും 2025-ൽ തന്നെ ഇന്ത്യയിൽ എത്തും. നിലവിൽ ഇന്ത്യൻ വിപണിയിൽ ഒരു പുതിയ മോഡൽ അവതരിപ്പിക്കുക എന്നത് റെനോ, നിസാൻ ബ്രാൻഡുകളെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമാണ്. ഇപ്പോൾ ഇരു ബ്രാൻഡുകളുടേയും ഇന്ത്യൻ മോഡൽ നിര വർഷങ്ങളായി കാര്യമായ മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് തുടരുന്നത്. റെനോയെക്കാൾ നിസാനിന് പുതിയ ഒരു മോഡൽ വളരെ അത്യന്താപേക്ഷികമാണ്.


Click it and Unblock the Notifications








