റോൾസ് റോയ്സിന് 2023-ൽ റെക്കോർഡ് ഡെലിവറി; കോടീശ്വരൻമാരുടെ ഒരു കാര്യമേ
വാഹനങ്ങളിൽ ആഡംബരത്തിൻ്റെ അവസാനവാക്ക് എന്ന് വിശേഷിപ്പിക്കുന്ന റോൾസ് റോയ്സ് 2023-ൽ ഡെലിവറി ചെയ്ത വാഹനങ്ങൾ എത്രയാണെന്ന് അറിയാമോ. കമ്പനിയുടെ 119 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടിയ എണ്ണമാണിത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2023-ൽ റോൾസ് ലോകമെമ്പാടും 6,032 കാറുകളാണ് വിതരണം ചെയ്തത്.
2022 നെ അപേക്ഷിച്ച് 11 വാഹനങ്ങൾ കൂടി ക്ലയന്റുകൾക്ക് കൈമാറിയതോടെ, ഗ്രൂപ്പ് വിൽപ്പനയായി വിശേഷിപ്പിക്കുന്ന ഡെലിവറികൾ വർഷത്തിൽ ഏറെക്കുറെ മികച്ചതായിരുന്നു. 2023-ൽ ഗ്രൂപ്പിന്റെ ഏറ്റവും വലിയ വിപണിയെന്ന് പറയുന്നത് യുണൈറ്റഡ് സ്റ്റേറ്റ്സായിരുന്നു, രണ്ടാമത് ചൈനയും.എല്ലാ മേഖലകളിലും മുഴുവൻ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിലുടനീളവും ശക്തമായ വിൽപ്പന പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ കമ്പനിക്ക് സാധിച്ചുവെന്നുമാണ് ബ്രാൻഡിൻ്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് ബ്രൗൺറിഡ്ജ് അഭിപ്രായപ്പെട്ടത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്ഥാപിതമായ ബ്രിട്ടീഷ് കാർ ബ്രാൻഡ് 1998-ൽ ജർമ്മൻ ഓട്ടോ ഭീമനായ BMW- യുടെ ഭാഗമായി. റോൾസ്-റോയ്‌സ് കാറുകൾ നിർമ്മിക്കുന്നത് തെക്കൻ ഇംഗ്ലണ്ടിലെ ഗുഡ്‌വുഡിലാണ്. ഇന്ത്യയിലെ ബിസിനസുകാരുടേയും സിനിമാ താരങ്ങളുടേയും ഇഷ്ടവാഹനമാണ് റോൾസ് റോയ്സ്. പ്രത്യേകിച്ച് എസ്‌യുവി മോഡലായ കലിനൻ.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് വിപണി സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിലേക്കുള്ള ട്രെൻഡിനെ സൂചിപ്പിച്ചതോടെയാണ് ഒരു എസ്‌യുവി അവതരിപ്പിക്കാൻ റോൾസ് റോയ്‌സ് തീരുമാനിച്ചത്. ബ്രിട്ടീഷ് ലക്ഷ്വറി ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ ആഡംബര എസ്‌യുവി കൂടിയാണ് കലിനൻ എന്നതും ശ്രദ്ധേയം. വിപണിയിൽ എത്തിയതും അതിവേഗം വമ്പർ ഹിറ്റായി മാറാനും റോൾസ് റോയ്‌സ് കലിനന് സാധിച്ചിട്ടുണ്ട്.

അംബാനി കുടുംബത്തിന് അവരുടെ ഗാരേജിൽ മൂന്ന് റോൾസ് റോയ്സ് കലിനൻ എസ്‌യുവികളാണുള്ളത്. അംബാനിയുടെ ഗാരേജിലെ മൂന്നാമത്തെ റോൾസ് റോയ്‌സ് ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കാറാണെന്ന് പറയപ്പെടുന്നു. ഈ എസ്‌യുവിയുടെ പെയിന്റ് ജോലിക്ക് മാത്രം ഒരു കോടിയോളം രൂപ ചെലവ് വരുമെന്നാണ് പറയപ്പെടുന്നത്.
യുകെയിലെ ഗുഡ്‌വുഡിലുള്ള റോൾസ് റോയ്‌സിന്റെ നിർമാണ കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങുന്ന ഓരോ റോൾസ് റോയ്‌സ് കലിനനും അതുല്യമാണെന്ന് കമ്പനി പറയുന്നു. 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 പെട്രോൾ എഞ്ചിനാണ് ഇതിന് ഹൃദയം തന്നെ. ഇത് 571 bhp കരുത്തിൽ പരമാവധി 850 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. എഞ്ചിൻ 8 സ്പീഡ് ZF ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. കലിനന് മണിക്കൂറിൽ പരമാവധി 250 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും.

റോൾസ് റോയ്സ് ഗോസ്റ്റ് എന്ന മോഡലിലേക്ക് നോക്കിയാൽ 6.95 കോടി രൂപ മുതലാണ് ഗോസ്റ്റിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത്. കാറിന്റെ ഉയര്‍ന്ന വേരിയന്റിന് നിലവില്‍ 7.95 കോടി രൂപയാണ് മുടക്കേണ്ടത്. കാറുകള്‍ സ്റ്റാറ്റസ് സിംബലാകുന്ന ഇക്കാലത്ത് റോള്‍സ് റോയ്‌സ് സ്വന്തമാക്കുകയെന്നത് അഭിനേതാക്കളെ സംബന്ധിച്ചും അഭിമാനകരമായ കാര്യമാണ്.
അംബാനി ഗരാജിലേക്ക് എത്തിച്ചിരിക്കുന്ന റോൾസ് റോയ്സ് കലിനൻ ബ്ലാക്ക് ബാഡ്‌ജിന് 8.20 കോടി രൂപയാണ് എക്‌സ്‌ഷോറൂം വിലയായി ചെലവഴിച്ചിരിക്കുന്നത്. എന്നാൽ ഏകദേശം 10 കോടി രൂപയോളം ഓൺ റോഡ് വിലയും നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട്. അധിക കസ്റ്റമൈസേഷൻ ഓപ്ഷനുകളൊന്നുമില്ലാതെയാണ് ലക്ഷ്വറി എസ്‌യുവി നിത അംബാനിക്കായി എത്തിയിരിക്കുന്നത്.

രൂപത്തിലും ഭാവത്തിലും കൂടുതൽ ഭംഗിയുള്ള മെറ്റീരിയലുകളാണ് റോൾസ് റോയ്സ് കലിനൻ ബ്ലാക്ക് ബാഡ്ജിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. അങ്ങനെ ലോകത്ത് ഒരാൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും പ്രീമിയം എസ്‌യുവികളിലൊന്നായി ഇത് മാറുന്നു. കലിനൻ ബ്ലാക്ക് ബാഡ്‌ജിന്റെ ഇന്റീരിയറിലെ ചില ഘടകങ്ങൾ കാർബൺ ഫൈബറിലാണ് പൂർത്തിയാക്കിയിരിക്കുന്നതെന്നും കമ്പനി പറയുന്നു.
വാഹനത്തിന്റെ ലെതർ അപ്‌ഹോൾസ്റ്ററി കറുപ്പിലാണ് പൂർത്തിയാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. റോൾസ് റോയ്സ് കലിനൻ ബ്ലാക്ക് ബാഡ്ജ് സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യത്തെ വ്യക്തിത്വമല്ല മുകേഷ് അംബാനി. ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനും കുറച്ച് മാസങ്ങൾക്ക് മുമ്പ് ഈ മോഡൽ വാങ്ങിയിരുന്നു. ഫാന്റം VIII, ഗോസ്റ്റ് സെഡാനുകൾ എന്നിവയും ഉൾപ്പെടുന്ന റോൾസ് റോയ്‌സിന്റെ മുൻനിര വാഹനമാണ് കലിനൻ ബ്ലാക്ക് ബാഡ്ജ്.


Click it and Unblock the Notifications








