പണം പോയി, പവര്‍ വരട്ടെ! റോള്‍സ് റോയ്‌സിന്റെ കന്നി ഇവി ഈമാസം ഇന്ത്യന്‍ വിപണിയിലേക്ക്
ലോകത്തെ ഒട്ടുമിക്ക ഓട്ടോമൊബൈല്‍ കമ്പനികളും പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളില്‍ നിന്ന് പതുക്കെ വൈദ്യുത വാഹനങ്ങളിലേക്ക് മാറുകയാണ്. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നതിനാല്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്ന ലോക രാജ്യങ്ങള്‍ ഇവികള്‍ പോലെ ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വണ്ടികളെയാണ് പ്രോത്സാഹിപ്പിക്കുന്നത്.
ഈ സാഹചര്യത്തില്‍ മാസ് മാര്‍ക്കറ്റ് കാറുകള്‍ മാത്രമല്ല നിരവധി ആഡംബര കാര്‍ നിര്‍മാതാക്കളും ഇവികളിലേക്ക് തങ്ങളുടെ ഫോക്കസ് മാറ്റിയിട്ടുണ്ട്. ആഡംബര കാറുകളുടെ തമ്പുരാക്കന്‍മാരായ റോള്‍സ് റോയ്‌സും ഇവി വിപ്ലവത്തിന്റെ ഒപ്പം നടക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സ് കഴിഞ്ഞ വര്‍ഷം തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറായ സ്‌പെക്ടര്‍ പുറത്തിറക്കിയിരുന്നു.

റോള്‍സ് റോയ്‌സിന്റെ കന്നി ഇവി ആയതിനാല്‍ തന്നെ കോടീശ്വരന്‍മാര്‍ക്കെല്ലാം ഇത് വാങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഈ കാര്‍ ഇന്ത്യയില്‍ ഇതുവരെ ഔദ്യോഗികമായി വില്‍പ്പനക്കെത്തിയിട്ടില്ല. എന്നാല്‍ 2023 നവംബറില്‍ സ്‌പെക്ടറിന്റെ ആദ്യ യൂണിറ്റ് ലോഞ്ചിന് മുമ്പേ തന്നെ ചെന്നൈയില്‍ കമ്പനി ഡെലിവറി ചെയ്തിരുന്നു. ചെന്നൈയില്‍ നിന്നുള്ള ഒരാള്‍ ഈ കാര്‍ വിദേശത്ത് വാങ്ങുകയും കാര്‍ ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് ഇറക്കുമതി ചെയ്യുകയും ചെയ്യുകയായിരുന്നു.
ചെന്നൈ നഗരത്തിലൂടെ ആഡംബര കപ്പല്‍ കണക്കെ ഒഴുകി നീങ്ങുന്ന റോള്‍സ് റോയ്‌സ് സ്‌പെക്ടറിന്റെ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോള്‍ രാജ്യത്തെ പണച്ചാക്കുകള്‍ക്ക് സന്തോഷം നല്‍കിക്കൊണ്ട് റോള്‍സ് റോയ്‌സ് തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ ജനുവരി 19-ന് ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിക്കാന്‍ പോകുകയാണ്. ഫ്‌ലാഗ്ഷിപ്പ് മോഡലുകളായ ഫാന്റത്തിനും ഗോസ്റ്റിനും ഇടയിലാകും സ്‌പെക്ടര്‍ സ്ഥാനം പിടിക്കുക.

2975 കിലോഗ്രാം ആണ് ഈ ഇവിയുടെ ഭാരം. 5453 mm നീളവും 2080 mm വീതിയും 1559 mm ഉയരവുമാണ് അളവുകള്‍. ഡിസൈന്‍ വശം സംസാരിക്കുമ്പോള്‍ ഏറ്റവും വലിയ പ്രത്യേകത പാന്തിയോണ്‍ ഗ്രില്ലാണ്. അത് മുമ്പത്തേക്കാള്‍ മെലിഞ്ഞതും വീതിയുള്ളതും രാത്രിയില്‍ പ്രകാശിക്കുന്നതുമാണ്. സ്പ്ലിറ്റ് ഹെഡ് ലൈറ്റും നല്‍കിയിട്ടുണ്ട്. ഇത് ഒരു ഇലക്ട്രിക് റോള്‍സ് റോയ്സ് കാറാണെന്ന് പ്രതിഫലിപ്പിക്കുന്നതിന് പ്രധാനമായും ബാറ്റണുകളില്‍ 22 എല്‍ഇഡികള്‍ നല്‍കിയിട്ടുണ്ട്.
ഐക്കണിക് സ്പിരിറ്റ് ഓഫ് എക്സ്റ്റസി പോലും കഴിയുന്നത്ര എയറോഡൈനാമിക് ആക്കുന്നതിനായി പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. 23 ഇഞ്ച് വീലുകളാണ് ഈ കാറില്‍ നല്‍കിയിരിക്കുന്നത്. വലിയ ബോഡി പാനലാണ് കാറിനുള്ളത്. പുതിയ ഇവയ്ക്ക് ഫാസ്റ്റ്ബാക്ക് പ്രൊഫൈലും റോള്‍സ് റോയ്സിനായി ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ സിംഗിള്‍ ബോഡി പാനലും ഉണ്ട്, അത് എ-പില്ലര്‍ മുതല്‍ ബാഗ് കമ്പാര്‍ട്ട്മെന്റ് വരെ നീളുന്നു.

കസ്റ്റമൈസേഷന്‍ സുഖകരമാക്കുന്നതിനായി ഇവിയുടെ വെര്‍ട്ടിക്കല്‍ ടെയില്‍ ലാമ്പുകള്‍ക്ക് നിറം നല്‍കിയിട്ടില്ല. അകത്തു കടന്നാല്‍ റോള്‍സ് റോയ്‌സ് ഡിഎന്‍എ പുതിയ സ്പെക്ട്രറില്‍ എല്ലായിടത്തും കാണാനാകും. റൂഫിലും ഡോര്‍ കാര്‍ഡുകളിലും ഡാഷിലും എല്ലായിടത്തും ലൈറ്റുകള്‍ ഉണ്ട്. ഉപഭോക്താക്കള്‍ക്ക് എണ്ണമറ്റ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് ഇന്റീരിയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബ്രിട്ടീഷ് ടൈലറിംഗ് ഉപയോഗിച്ചാണ് സീറ്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബെസ്‌പോക്ക് സ്റ്റിച്ചിംഗ്, എംബ്രോയിഡറി, എംബ്രോയിഡറി പൈപ്പിംഗ് എന്നിവ ഡിസൈനിംഗില്‍ പരിഗണിച്ചിട്ടുണ്ട്.
സ്റ്റാര്‍ ലൈറ്റ് ഡോര്‍ ഓപ്ഷനും ഈ കാറിലുണ്ട്. ഒരു സീരീസ് പ്രൊഡക്ഷന്‍ റോള്‍സ് റോയ്‌സില്‍ ആദ്യമായിട്ടാണ് ഈ ഒരു ഓപ്ഷന്‍ വരുന്നത്. ഈ ആഡംബര ഇലക്ട്രിക് കാറില്‍ എഞ്ചിന് പകരം നാല് വീലുകളിലും ഓരോ ഇലക്ട്രിക് മോട്ടോറുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഇത് കാറിന് 430 കിലോവാട്ട് പവര്‍ നല്‍കുന്നു. 900 Nm ടോര്‍ക്ക് ശേഷിയില്‍ ഓടാന്‍ കഴിയുന്ന തരത്തിലാണ് ഈ ഇവി കൂപ്പെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ വെറും 4.4 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവിക്ക് കഴിയും. ഇലക്ട്രിക് കാറില്‍ 102 kWh ബാറ്ററി പായക്കാണ് ബ്രിട്ടീഷ് ബ്രാന്‍ഡ് സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 323 മൈല്‍ അല്ലെങ്കില്‍ 520 കിലോമീറ്റര്‍ വരെയാണ് റേഞ്ച് പറയുന്നത്. 7 മുതല്‍ 9 കോടി രൂപ വരെയാണ് റോള്‍സ് റോയ്‌സിന്റെ ആദ്യ ഇലക്ട്രിക് കാറിന് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില.


Click it and Unblock the Notifications








