മാരുതിയും ടൊയോട്ടയും ഇവിയുമായി എത്തുമ്പോഴേക്കും ടാറ്റ ഈ സെഗ്മെന്റ് തൂത്തുവാരും; സഫാരി ഇവിയും ദേ ടെസ്റ്റിംഗിൽ
ഇന്ത്യയിലെ ഇവി സെഗ്‌മെൻ്റിൽ മുൻനിര ബ്രാൻഡായി മാറാൻ ടാറ്റ മോട്ടോർസിൻ്റെ മൈക്രോ മാർക്കറ്റ് തന്ത്രം വളരെയധികം സഹായിച്ചു. മറ്റ് പ്രമുഖ ബ്രാൻഡുകളെ അപേക്ഷിച്ച് ഈ സെഗ്മെന്റിൽ കാര്യമായ ഒരു വിഹിതം കൈവരിക്കാനും ടാറ്റയ്ക്ക് സാധിച്ചു. നിലവിൽ ICE വിഭാഗത്തിൽ കോംപറ്റീഷൻ നൽകുന്ന ബ്രാൻഡുകളിൽ പലതും ഇവി വിഭാഗത്തിൽ ഇല്ല എന്നതും ഒരു മേൽക്കൈയ്യാണ്.
എന്നാൽ ഇവി വിപണിയെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പാസഞ്ചർ, വാണിജ്യ വാഹന വിഭാഗങ്ങളിലായി 10 പുത്തൻ ഇവി മോഡലുകൾ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ടാറ്റയുടെ 2024 പ്രൊഡക്ട് പ്ലാനുകളെക്കുറിച്ച് സംസാരിക്കുമ്പോൾ, കമ്പനി ഇതിനകം തന്നെ പഞ്ച് ഇവി വിപണിയിൽ അവതരിപ്പിച്ചു കഴിഞ്ഞു.

അധികം താമസമില്ലാതെ ഉടൻ തന്നെ പുതിയ ടാറ്റ കർവ്വ് ഇവിയും പിന്നാലെ വരും. യഥാക്രമം 2024 ഉത്സവ സീസണിലും 2025 -ൻ്റെ തുടക്കത്തിലും ഇന്ത്യയിൽ എത്തും എന്ന് പ്രതീക്ഷിക്കുന്ന ടാറ്റ ഹാരിയർ, സഫാരി ഇവി എന്നിവയുടെ ഒരു രൂപരേഖയും ഈ പ്ലാൻ നൽകുന്നു.
നിലവിൽ പ്രാരംഭ പരീക്ഷണ ഘട്ടത്തിലുള്ള ടാറ്റ സഫാരി ഇവി അടുത്തിടെ പരീക്ഷണയോട്ടത്തിന് ഇടയിൽ ക്യാമറയിൽ പതിഞ്ഞിരുന്നു. പഞ്ച് ഇവിക്കും ഹാരിയർ ഇവിക്കും ശേഷം, ബ്രാൻഡിൻ്റെ പുതിയ ആക്ടി.ev പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുന്ന മൂന്നാമത്തെ ടാറ്റ എസ്‌യുവി മോഡലാണിത്. മൂന്ന് നിര സീറ്റുകളുള്ള ഇലക്ട്രിക് എസ്‌യുവിയുടെ ഡിസൈൻ ICE -പവർ സഫാരിക്ക് സമാനമായിരിക്കും.

ക്ലോസ് ഓഫ് ഗ്രില്ല്, വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത അലോയി വീലുകൾ, ഇവി ബാഡ്ജുകൾ എന്നിങ്ങനെ വാഹനത്തിൽ ചില ഇവി സ്പെക്ക് സൗന്ദര്യവർധക മാറ്റങ്ങളും അപ്പ്ഡേറ്റുകളും നിർമ്മാതാക്കൾ വരുത്തും. എന്നിരുന്നാലും ടിയാഗോ, ടിയോർ, നെക്സോൺ, പഞ്ച് ഇവികളിൽ നാം കണ്ടത് പോലെ മൊത്തത്തിലുള്ള സിലൗട്ട് ICE മോഡലിനെ പോലെ തന്നെ ഉണ്ടാവും.
ഇനി ഇൻ്റീരിയറിലെ വിശേഷങ്ങൾ പറയുകയാണ് എങ്കിൽ, ഇത് സാധാരണ സഫാരിയുമായി ശക്തമായ സാമ്യം പങ്കിടും എന്ന കാര്യത്തിൽ സംശയം വേണ്ട. ICE പതിപ്പിൽ നമ്മൾ കണ്ടതിനു സമാനമായി ഇലക്‌ട്രിക് എസ്‌യുവി ഒരു ഫോർ സ്‌പോക്ക് സ്റ്റിയറിങ്ങുമായി വരും. ഇതിൽ ഇല്യുമിനേറ്റഡ് ടാറ്റ ലോഗോയും പരിചിതമായ ഡാഷ്‌ബോർഡ് ഡിസൈനുമാണ് വരുന്നത്.

എന്നിരുന്നാലും, പുതിയ ടാറ്റ സഫാരി ഇവി 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, വെൻ്റിലേറ്റഡ് ഫ്രണ്ട് ആൻഡ് റിയർ സീറ്റുകൾ, ഡ്യുവൽ സോൺ എസി, പനോരമിക് സൺറൂഫ് എന്നീ ഫീച്ചറുകളുമായി സഫാരി ഇവി വരാൻ സാധ്യതയുണ്ട്.
അടുത്തതായി സേഫ്റ്റിയുടെ കാര്യത്തിൽ, മൂന്ന് നിര സീറ്റുകളുള്ള ഇവിയിൽ ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ വരുന്ന 360 ഡിഗ്രി ക്യാമറ, ADAS ടെക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഏഴ് എയർബാഗുകൾ എന്നിവ ഉണ്ടായിരിക്കും. സിംഗിൾ ചാർജിൽ ഏകദേശം 500 കിലോമീറ്ററോളം ഡ്രൈവിംഗ് റേഞ്ച് ടാറ്റ സഫാരി ഇവി വാഗ്ദാനം ചെയ്യും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

എന്നിരുന്നാലും, വാഹനത്തിൻ്റെ പവർട്രെയിനും മറ്റ് വിശദാംശങ്ങളും ഇപ്പോഴും പ്രാദേശിക വാഹന നിർമ്മാതാക്കൾ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. ഏകദേശം 32 ലക്ഷം രൂപയാണ് ഇതിന് കണക്കാക്കുന്ന പ്രാരംഭ എക്സ്-ഷോറൂം വില. ഈ ഇലക്ട്രിക് എസ്‌യുവി BYD അറ്റോ 3, എംജി ZS ഇവി, വരാനിരിക്കുന്ന മാരുതി സുസുക്കി eVX, ഹ്യുണ്ടായി ക്രെറ്റ ഇവി തുടങ്ങിയ ഇലക്ട്രിക് മോഡലുകൾക്ക് ഒരു വെല്ലുവിളിയാവും.


Click it and Unblock the Notifications








