ഇടി പരീക്ഷയിൽ ഫുൾ മാർക്ക്സ്! സേഫ്റ്റി വേണോ? ഇന്ത്യയിലെ സുരക്ഷിതമായ ഈ സെഡാനുകൾ എടുത്തോളൂ
പണ്ട് മൈലേജായിരുന്നു മുഖ്യം എങ്കിൽ ഇന്ന് ഒരു കാർ വാങ്ങുന്ന കാര്യത്തിലേക്ക് വരുമ്പോൾ സേഫ്റ്റിയും ഒരു പ്രധാന ഘടകമാണ്. എല്ലായ്പ്പോഴും തട്ടിയും മുട്ടിയും വാഹനങ്ങളുടെ ബലവും ബിൽഡ്ക്വാളിറ്റിയും നോക്കി അറിയാൻ ആവില്ലല്ലോ, അതിനാൽ ക്രാഷ് ടെസ്റ്റ് റേറ്റിംഗുകളാണ് ഇന്ന് ജനങ്ങൾ നോക്കുന്നത്. യാത്രാസുഖത്തിനൊപ്പം മികവുറ്റ സുരക്ഷയും വാഗ്ദാനം ചെയ്തു കൊണ്ട് ഇന്ത്യയിലെ സെഡാൻ സെഗ്മെന്റ് ഇപ്പോൾ ഒരുപടി മുന്നിലാണ്. നിലവിൽ, ക്രാഷ് ടെസ്റ്റ് റേറ്റിംഗിൽ ഇന്ത്യൻ വിപണിയിൽ ഫുൾ മാർക്ക് നേടിയ ഒട്ടനവധി മോഡലുകളുണ്ട്. നിങ്ങൾ ഒരു സുരക്ഷിതമായ സെഡാൻ നോക്കുകയാണ് എങ്കിൽ, ചുവടെ പറയുന്ന ഈ മോഡലുകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. ഇന്ത്യയിലെ ഫൈവ് -സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള സെഡാനുകളുടെ വിശദാംശങ്ങൾ ഇതാ.
മാരുതി സുസുക്കി ഡിസയർ: ഇന്ത്യയിൽ ദേ ഇപ്പോൾ ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിക്കൊണ്ട് ആകെ മൊത്തം കോളിളക്കം സൃഷ്ടിച്ച മോഡലാണ് നാലാം തലമുറ മാരുതി സുസുക്കി ഡിസയർ. 6.79 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് നവംബർ 11 -ന് വിപണിയിൽ എത്തിയ പുതിയ ഡിസയറിന് വിപണിയിൽ വമ്പൻ സ്വീകരണമാണ് ലഭിക്കുന്നത്.

അഡൽറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ (AOP) ടെസ്റ്റിൽ മൊത്തത്തിലുള്ള 34 പോയിൻ്റിൽ 31.24 പോയിൻ്റും നാലാം തലമുറ ഡിസയറിന് നേടാൻ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. മറുവശത്ത്, ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ (COP) ടെസ്റ്റിൽ ആകെ 42 പോയിൻ്റിൽ 39.20 പോയിൻ്റും വാഹനം നേടി.
ഗ്ലോബൽ NCAP -ന്റെ ക്രാഷ് ടെസ്റ്റ് റിപ്പോർട്ടും പുതിയ ഡിസയറിന് സ്റ്റേബിളായ ബോഡി ഷെൽ ഉണ്ട് എന്ന് എടുത്തുകാണിക്കുന്നു. ഇത് 2024 മോഡലിന് വിപണിയിൽ കൂടുതൽ മികച്ച ബൂസ്റ്റ് നൽകുന്നു. ഗ്ലോബൽ NCAP -ൽ നിന്ന് ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ലഭിക്കുന്ന ആദ്യത്തെ മാരുതി സുസുക്കി മോഡലായി 2024 ഡിസയർ മാറി എന്നതും പ്രശംസനീയമാണ്.
ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ABS വിത്ത് EBD, എല്ലാ യാത്രക്കാർക്കും ത്രീ -പോയിൻ്റ് സീറ്റ്ബെൽറ്റുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, 360 -ഡിഗ്രി ക്യാമറ എന്നിവ അടങ്ങുന്ന വളരെ വിപുലമായ സുരക്ഷാ ഫീച്ചറുകളോടെയാണ് പുതിയ ഡിസയർ വിൽപ്പനയ്ക്ക് എത്തുന്നത്.
ഹ്യുണ്ടായി വെർണ: നിലവിലെ തലമുറ ഹ്യുണ്ടായി വെർണയും ഒരു ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റഡ് സെഡാനാണ്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ, അഡൽറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റുകളിൽ മൊത്തം 34 പോയിൻ്റിൽ 28.18 പോയിൻ്റും ഹ്യുണ്ടായി വെർണ കരസ്ഥമാക്കി. മറുവശത്ത്, ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ 49 പോയിൻ്റിൽ 42 പോയിൻ്റും സെഡാന് നേടാനായി.

തല, കഴുത്ത്, അബ്ഡോമൻ, ഹിപ്പ് എന്നിവയ്ക്ക് ഹ്യുണ്ടായി വെർണ മികവുറ്റ സംരക്ഷണം നൽകുന്നു എന്ന് ക്രാഷ് ടെസ്റ്റ് ഫലങ്ങൾ എടുത്തുകാണിക്കുന്നു. ഇത് സ്റ്റേബിളായ ബോഡി ഷെല്ലും വാഗ്ദാനം ചെയ്യുന്നു എന്നും വ്യക്തമാണ്. ഫ്രണ്ട്, സൈഡ്, കർട്ടൻ എന്നിങ്ങനെ അടിമുടി എയർബാഗുകൾ, ESC, ISOFIX മൗണ്ടുകൾ എന്നിവ അടങ്ങുന്ന വമ്പൻ സേഫ്റ്റി പായ്ക്കേജോടെയാണ് സെഡാൻ വരുന്നത്. 11 ലക്ഷം മുതൽ 17.48 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി വെർണയുടെ എക്സ്-ഷോറൂം വില.
ഫോക്‌സ്‌വാഗൺ വിർട്ടസ്: MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ ഇന്ത്യയിലെ ആദ്യത്തെ സെഡാനുകളിൽ ഒന്നാണ് ഫോക്‌സ്‌വാഗൺ വിർട്ടസ് എന്നത് നാം മറന്നു പോവരുത്. അഡൽറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ ആകെയുള്ള 34 പോയിൻ്റിൽ 29.71 പോയിൻ്റ് നേടാൻ ഈ ജർമ്മൻ സ്‌പോർട്ടി സെഡാന് കഴിഞ്ഞിട്ടുണ്ട്.
അതേസമയം, ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ, 49 പോയിന്റിൽ 42 പോയിന്റും വാഹനം നേടി. ഗ്ലോബൽ NCAP -ന്റെ റിപ്പോർട്ടിൽ, തല, കഴുത്ത്, നെഞ്ച് എന്നിവയ്ക്ക് വിർട്ടസ് നല്ല സംരക്ഷണം വാഗ്ദാനം ചെയ്യുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വാഹനത്തിന് വളരെ സ്റ്റേബിളായിട്ടുള്ള ബോഡി ഷെല്ലും ഉണ്ടെന്ന് GNCAP കൂട്ടിച്ചേർത്തു. നിലവിൽ 11.56 ലക്ഷം രൂപയിൽ തുടങ്ങി 19.41 ലക്ഷം രൂപ വരെ വിലയ്ക്കാണ് വിർട്ടസ് വിൽപ്പനയ്ക്ക് എത്തുന്നത്.

സ്കോഡ സ്ലാവിയ: വിർട്ടസിന്റെ അതേ MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള സ്‌കോഡ സ്ലാവിയയ്ക്കും ഗ്ലോബൽ NCAP -ൽ നിന്ന് ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഇതിൻ്റെ ക്രാഷ് ടെസ്റ്റ് സ്‌കോറുകളും മുകളിൽ സൂചിപ്പിച്ച ഫോക്‌സ്‌വാഗൺ വിർട്ടസിന് സമാനമാണ് എന്നതും ശ്രദ്ധേയമാണ്.
ആറ് എയർബാഗുകൾ, ABS, EDS (ഇലക്‌ട്രോണിക് ഡിഫറൻഷ്യൽ സിസ്റ്റം), ത്രീ -പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, മറ്റ് അവശ്യ സുരക്ഷാ ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള കാര്യമായ സേഫ്റ്റി ഫീച്ചറുകൾ സ്‌കോഡ സ്ലാവിയ സെഡാനിൽ വാഗ്ദാനം ചെയ്യുന്നു. 10.69 ലക്ഷം രൂപയിൽ തുടങ്ങി 18.69 ലക്ഷം രൂപ വരെയാണ് സ്ലാവിയയുടെ വില.


Click it and Unblock the Notifications








