വണ്ടിക്കമ്പനികളുടെ ട്രിക്കില്‍ വീഴല്ലേ... കാര്‍ വാങ്ങുമ്പോള്‍ ഈ ഫീച്ചറുകള്‍ ഒഴിവാക്കൂ, പണം ലാഭിക്കൂ
ഒരു കാര്‍ വാങ്ങുമ്പോള്‍ ബജറ്റില്‍ ഒതുങ്ങി നില്‍ക്കാന്‍ നമ്മള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. എഞ്ചിന്‍ ഓപ്ഷനുകള്‍ക്കും ഫീച്ചറുകള്‍ക്കും മറ്റ് സൗകര്യങ്ങള്‍ക്കും അനുസരിച്ച് വ്യത്യസ്ത വേരിയന്റുകളില്‍ നമുക്ക് ഇഷ്ടപ്പെട്ട കാര്‍ വാങ്ങാന്‍ സാധിക്കും. ആവശ്യത്തിന് അനുസരിച്ചുള്ള ഫീച്ചറുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യങ്ങള്‍ ഇതുവഴി കൈവരുന്നു. എന്നാല്‍ അത്യാവശ്യമല്ലാത്ത ഒരുപാട് ഫീച്ചറുകള്‍ ഇന്നത്തെ കാറുകളില്‍ ഓഫര്‍ ചെയ്യുന്നു. പല പ്രീമിയം സവിശേഷതകളും ജനപ്രീതി കൊണ്ട് മാത്രം ഫീച്ചര്‍ ലിസ്റ്റുകളില്‍ കയറിപ്പറ്റുന്നവയാണ്. നിങ്ങള്‍ ഒരു കാര്‍ വാങ്ങുമ്പോള്‍ ഒഴിവാക്കാന്‍ പറ്റുന്ന ചില ഫീച്ചറുകളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
ഇന്നത്തെ കാറുകളുടെ എടുത്ത് കാണിക്കപ്പെടുന്ന ഒരു സവിശേഷതയാണ് ഡാഷ്ബോര്‍ഡില്‍ സജ്ജീകരിക്കുന്ന കൂറ്റന്‍ സ്‌ക്രീനുകള്‍. സ്റ്റീരിയോകളുടെ അഭാവത്തില്‍ നിന്ന് വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങളിലേക്കുള്ള ഇന്റീരിയറുകളുടെ പരിണാമം കാര്‍ വ്യവസായത്തിന്റെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു. എന്നിരുന്നാലും വലിയ സ്‌ക്രീനുകളിലേക്കുള്ള ഈ മാറ്റം ഡ്രൈവര്‍മാരുടെ ശ്രദ്ധ വ്യതിചലിപ്പിക്കും.

ഈ വലിപ്പമേറിയ ടച്ച്‌സ്‌ക്രീനുകള്‍ ഉള്‍ക്കൊള്ളാന്‍ നിരവധി കാര്‍ നിര്‍മ്മാതാക്കള്‍ ഫിസിക്കല്‍ ബട്ടണുകള്‍ ഒഴിവാക്കുന്നു. പകരം മ്യൂസിക്, ക്ലൈമറ്റ് കണ്‍ട്രോള്‍ മുതല്‍ എയര്‍ വെന്റ് പൊസിഷനിംഗ് വരെയുള്ള എല്ലാത്തിനും ടച്ച്-സെന്‍സിറ്റീവ് കണ്‍ട്രോളുകളെ ആശ്രയിക്കേണ്ട നില വന്നു. ടച്ച്‌സ്‌ക്രീന്‍ ഇന്റര്‍ഫേസുകളെ ആശ്രയിക്കുന്നത് അടിസ്ഥാന കാര്യങ്ങള്‍ വരെ സങ്കീര്‍ണ്ണമാക്കുന്നു. ഇവ ഡ്രൈവറുടെ ശ്രദ്ധ തെറ്റാന്‍ കാരണമായേക്കുന്നതിനാല്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഇന്ത്യയില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ ആശവ്യക്കാരുള്ള ഒരു കാര്‍ ഫീച്ചറാണ് സണ്‍റൂഫ്. എന്നാല്‍ ഇത് ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് ഒട്ടും അത്യാവശ്യമല്ലാത്തതും അപകടസാധ്യതയുള്ളതുമായ ഫീച്ചറാണ്. നേരത്തെ ഹൈ-എന്‍ഡ് കാറുകളില്‍ വന്നിരുന്ന ഈ ഫീച്ചര്‍ ഇപ്പോള്‍ ബജറ്റ് കാറുകളുടെ മിഡ്സ്പെക്ക് വേരിയന്റുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. കാണാന്‍ നല്ല ചേലും തല വെളിയിലേക്ക് ഇട്ട് കാറ്റ് കൊണ്ട് യാത്ര ചെയ്യാനുമൊക്കെ പറ്റുന്നതിനാല്‍ യുവതലമുറക്ക് ഈ ഫീച്ചര്‍ വലിയ ഇഷ്ടമാണ്.

എന്നാല്‍ കാര്‍ ക്യാബിനിലേക്ക് ശുദ്ധവായു കയറ്റി വിടുക എന്നതാണ് ഇതിന്റെ ധര്‍മം. എന്നാല്‍ ഇന്ത്യയിലെ പല രക്ഷിതാക്കളും അപകടകരമായ രീതിയില്‍ ഓടുന്ന കാറിന്റെ സണ്‍റൂഫിന് വെളിയിലേക്ക് തലയിട്ട് യാത്ര ചെയ്യാന്‍ മക്കളെ അനുവദിക്കുന്നു. ഇത് അത്യന്ത്യം അപകടകരമാണ്. മാത്രമല്ല ചില കാറുകളിലെ സണ്‍റൂഫ് ചോര്‍ന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ഒരു ഫീച്ചറിനെ കാറില്‍ അത്യാവശ്യമല്ലാത്ത ഒരു സവിശേഷതയായി പറയാം.
പട്ടികയില്‍ അവസാനമുള്ളതും ഒരു ട്രെന്‍ഡിംഗ് ഫീച്ചറാണ്. ADAS എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് ആണത്. വാഹന സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നൂതന ഡ്രൈവര്‍-അസിസ്റ്റന്‍സ് സിസ്റ്റംസ് കൂടുതല്‍ മോഡലുകളില്‍ ഉള്‍ക്കൊള്ളിച്ച് തുടങ്ങിയത്. ഡ്രൈവറെ പിന്തുണയ്ക്കുന്നതിനായി ഓട്ടോമേറ്റഡ് ബ്രേക്കിംഗ്, കൊളീഷന്‍ തുടങ്ങിയ സവിശേഷതകള്‍ നല്‍കുന്നതിനായി ക്യാമറകളും സെന്‍സറുകളും ഉപയോഗിക്കുന്നു.

എന്നിരുന്നാലും, ഇന്ത്യന്‍ റോഡുകളില്‍ ഈ ഫീച്ചറുകളുടെ ഫലപ്രാപ്തി ഇന്നും ചര്‍ച്ചാവിഷയമാണ്. ഈ സിസ്റ്റങ്ങളുടെ സംവേദനക്ഷമതയും പ്രതികരണശേഷിയും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ റോഡുകളുടെ സവിശേഷമായ അവസ്ഥകള്‍ തിരിച്ചറിഞ്ഞ് അവയുമായി പൊരുത്തപ്പെടുന്ന രീതിയില്‍ ADAS സിസ്റ്റംസ് പരിഷ്‌കരിക്കപ്പെടുന്നതുവരെ അവയുടെ ഉപയോഗത്തിന്റെ കാര്യത്തില്‍ രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടാകും.
വാഹനങ്ങളിലെ സണ്‍റൂഫുകള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് തുടങ്ങിയ ഫീച്ചറുകളുടെ സംയോജനം ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഡ്രൈവിംഗ് അനുഭവം വര്‍ധിപ്പിക്കുന്നതിനുമുള്ള നിര്‍മ്മാതാക്കളുടെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു. എന്നിരുന്നാലും, ഇന്ത്യന്‍ റോഡുകളിലെ ഈ പ്രീമിയം സവിശേഷതകളുടെ പ്രായോഗികതയും സുരക്ഷിതത്വവും ആശങ്കാജനകമാണ്.
അതുകൊണ്ട് നിങ്ങള്‍ ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ ഈ ഫീച്ചറുകള്‍ അത്യാവശ്യമാണെങ്കില്‍ മാത്രം വാങ്ങുക. അങ്ങനെ ചെയ്താല്‍ ഒരുപാട് പണം ലാഭിക്കാനാകും. ചിലപ്പോള്‍ ഡീലര്‍മാര്‍ നിങ്ങളെ ഇവ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടി പ്രേരിപ്പിച്ചേക്കാം. കാര്‍ വാങ്ങുമ്പോള്‍ നിങ്ങളുടെ ബജറ്റും ഏറ്റവും അത്യാവശയം വേണ്ട സവിശേഷതകളും ഉള്‍ക്കൊള്ളുന്നതുമായ വേരിയന്റ് തെരഞ്ഞെടുക്കുക. അതാകും നിങ്ങളുടെ പോക്കറ്റിനും നല്ലത്.


Click it and Unblock the Notifications








