യെതി ഇലക്ട്രിക് അവതാരത്തില്‍? 400 കി.മീ റേഞ്ചും കുറഞ്ഞ വിലയുമുള്ള ഇവിയുമായി സ്‌കോഡ!
ഇന്ത്യയില്‍ ഇന്ന് ഒരു ഇലക്ട്രിക് കാര്‍ വാങ്ങാനൊരുങ്ങുന്ന കസ്റ്റമറുടെ മുന്നില്‍ ഒത്തിരി മോഡലുകള്‍ ഒന്നുമില്ല. എന്‍ട്രി ലെവല്‍ കാറുകള്‍ അല്ലെങ്കില്‍ പ്രീമിയം ഇവികള്‍ അല്ലാതെ ഇടത്തരം വിലയില്‍ ഇവി വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് മുന്നിലുള്ള ഓപ്ഷനുകള്‍ വിരളമാണ്. എന്നാല്‍ അടുത്ത വര്‍ഷത്തോടെ ഈ സ്ഥതിക്ക് മാറ്റം വരും.
മാരുതി സുസുക്കി, ടൊയോട്ട എന്നീ വമ്പന്‍മാര്‍ക്കൊപ്പം ചെക്ക് കാര്‍ നിര്‍മ്മാതാക്കളായ സ്‌കോഡയും ഇവി അങ്കത്തട്ടിലേക്ക് ഇറങ്ങുകയാണ്. ഇപ്പോള്‍ ചെക്ക് കമ്പനി 'എപിക്' എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയുടെ മൂടുപടമഴിച്ചിരിക്കുകയാണ്. 2024 ആനുവല്‍ പ്രസ് കോണ്‍ഫറന്‍സില്‍ വെച്ചാണ് സ്‌കോഡ എസ്‌യുവി അവതരിപ്പിച്ചത്. അടുത്ത വര്‍ഷം ഇവി ആഗോള വിപണിയില്‍ അരങ്ങേറും. ഫോക്‌സ്‌വാഗണ്‍ ID.2 ഇലക്ട്രിക് കാറുമായി ഇതിന് ഒത്തിരി സാമ്യതകള്‍ കാണാം.

യൂറോപ്പില്‍ സ്‌കോഡ കാമിക് ഫോക്‌സ്‌വാഗണ്‍ T-ക്രോസ് എന്നിവയുടെ പകരക്കാരനാകും എപിക്. ഇതിന്റെ കുറഞ്ഞ വിലയിലുള്ള പതിപ്പും വൈകാതെ പുറത്തിറങ്ങും. എപിക് എന്ന പേരില്‍ നിന്ന് തന്നെ നമുക്ക് തുടങ്ങാം. സ്‌കോഡയുടെ മറ്റ് ബാറ്ററി ഇവികളെ പോലെ ഇതിന്റെ പോരും ഇംഗ്ലീഷ് അക്ഷരമാലയിലെ 'E' വെച്ചാണ് തുടങ്ങുന്നത്. എപിക്കിലെ 'E' ബാറ്ററി ഇലക്ട്രിക്കിനെ സൂചിപ്പിക്കുന്നു. 'Q' എന്ന അക്ഷരത്തില്‍ അവസാനിക്കുന്നത് ഇത് ഒരു എസ്‌യുവിയാണെന്നാണ് സൂചിപ്പിക്കുന്നത്.
ഈ കാറിന് 2600 mm വീല്‍ബേസ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റ് ഐസി എഞ്ചിന്‍ എസ്‌യുവികളേക്കാള്‍ കൂടുതല്‍ ഇടം എസ്‌യുവിയുടെ അകത്തളത്തില്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നു. 4.1 മീറ്ററോളം നീളമുള്ള സ്‌കോഡ എപിക് ഇവിയില്‍ നാലംഗ കുടുംബത്തിന് സുഖമായി യാത്രചെയ്യാം. ആഗോള വിപണിയില്‍ വില്‍പ്പനക്കെത്തുന്ന ഫാബിയക്ക് സമാനമാണ് ഇതിന്റെ വലിപ്പം.

ഇതില്‍ 490 ലിറ്റര്‍ ബൂട്ട് സ്പേസ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ സാധിക്കുന്ന ആകര്‍ഷകമായ റേഞ്ച് കണക്കും സ്‌കോഡ് വാഗ്ദാനം ചെയ്യുന്നു. അതേസമയം ഇലക്ട്രിക് മോട്ടോറിന്റെ പവര്‍കണക്കുകളും ബാറ്ററി സൈസും ഉള്‍പ്പെടെ പവര്‍ട്രെയിനിനെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങള്‍ സ്‌കോഡ വെളിപ്പെടുത്തിയിട്ടില്ല.
ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദര്‍ശിപ്പിച്ച ടെക് ഡെക്ക് ഫെയ്സ് എന്ന് വിളിക്കപ്പെടുന്ന സ്‌കോഡ വിഷന്‍ 7S കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഇവിയുടെ ഡിസൈന്‍. കൂടാതെ മോഡേണ്‍ സോളിഡ് സ്റ്റൈലിംഗ് ഫിലോസഫിയില്‍ പിറന്ന സവിശേഷമായ എല്‍ഇഡി ലൈറ്റിംഗ് ഘടകങ്ങളും ഇതിന്റെ മുന്‍വശത്ത് അലങ്കാരമായുണ്ട്. മൂണ്‍ വൈറ്റ് എക്‌സ്റ്റീരിയറില്‍ വരുന്ന ഇവിയിലെ കോണ്‍ട്രാസ്റ്റ് ഓറഞ്ച് ടച്ചുകള്‍ സ്‌പോര്‍ടി ഫീല്‍ ഉയര്‍ത്തുന്നു.

ത്രീ-സ്പോക്ക് അലോയ് വീല്‍ ഡിസൈന്‍, എയര്‍ ഇന്‍ലെറ്റുകളായി പ്രവര്‍ത്തിക്കുന്ന മസ്‌കുലര്‍ സ്‌കിഡ് പ്ലേറ്റ് എലമെന്റുകള്‍, വലിയ റൂഫ് റെയിലുകള്‍, സ്ലീക്ക് വിംഗ് മിററുകള്‍, ബ്ലാക്ക് ഫിനിഷ്ഡ് പില്ലറുകള്‍ എന്നിവ ഇവിക്ക് ലഭിക്കുന്നു. പ്രൊഡക്ഷന് കയറുമ്പോള്‍ എപിക്കിന്റെ വലിപ്പം അല്‍പ്പം കുറയുമെന്ന് പറയപ്പെടുന്നു.
ഇവിയുടെ വിശാലമായ ക്യാബിനില്‍ ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഷാര്‍പ്പ് ലുക്കിംഗ് എസി വെന്റുകള്‍, ഡിജിറ്റല്‍ കീ, വയര്‍ലെസ് ചാര്‍ജര്‍ എന്നീ ഫീച്ചറുകള്‍ സജ്ജീകരിക്കും. ഡിസി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന പുതിയ ഇലക്ട്രിക് എസ്യുവി ഒരു പോര്‍ട്ടബിള്‍ പവര്‍ബാങ്കായും ഉപയോഗിക്കാം. സ്‌കോഡ എപിക് ബൈ-ഡയരക്ഷനല്‍ ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. ഈ സവിശേഷത വഴി വീടുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും പവര്‍ നല്‍കാന്‍ കാറുടമകള്‍ക്ക് സാധിക്കും.

തങ്ങളുടെ ഇവി ശ്രേണി ശക്തിപ്പെടുത്തുന്നതിനായി സ്‌കോഡ വരുംവര്‍ഷങ്ങളില്‍ 6 ബില്യണ്‍ ഡോളറാണ് നിക്ഷേപിക്കാന്‍ പോകുന്നത്. 2026 അവസാനത്തോടെ കുറഞ്ഞത് ആറ് ഇലക്ട്രിക് വാഹനങ്ങളെങ്കിലും അവതരിപ്പിക്കാനാണ് ചെക്ക് കാര്‍ ഭീമന്റെ പ്ലാന്‍. അടുത്ത വര്‍ഷത്തോടെ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് പ്രാദേശികമായി ഇലക്ട്രിക് കാര്‍ വികസിപ്പിക്കുകയും ചെയ്യുന്നുണ്ട് സ്‌കോഡ.
എപിക്കിന്റെ ഡിസൈന്‍ വരാന്‍ പോകുന്ന സ്‌കോഡ ഇവികളെ സ്വാധീനിച്ചേക്കും. സ്പെയിനിലെ ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ പ്രൊഡക്ഷന്‍ യൂണിറ്റില്‍ നിന്ന് ID.2, കുപ്ര റാവല്‍ എന്നിവയ്ക്കൊപ്പമായിരിക്കും സ്‌കോഡ എപിക് നിര്‍മിക്കുക. അടുത്ത വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്‌കോഡ എപിക്കിന് 25,000 യൂറോ (ഏകദേശം 22.57 ലക്ഷം രൂപ) മുതലാണ് വില പ്രതീക്ഷിക്കുന്നത്.

സ്‌കോഡ യൂറോപ്പിലെ തങ്ങളുടെ മോഡല്‍ നിരയിലേക്ക് ഒരു ചെറിയ സിറ്റി ഇലക്ട്രിക് എസ്‌യുവി ചേര്‍ക്കുകയാണ് എപിക്കിലൂടെ. എന്നാല്‍ ഇന്ത്യന്‍ വിപണിക്കായി വികസിപ്പിക്കുന്ന ചെറു എസ്‌യുവിയും എപിക്കും തമ്മില്‍ കൂടിക്കുഴയാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. വേണമെങ്കില്‍ വൈദ്യുത അവതാരത്തില്‍ പുനര്‍ജനിച്ച സ്‌കോഡ യെതി എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. സ്‌കോഡയുടെ വരാന്‍ പോകുന്ന സ്‌കോഡ ഇവിയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








