വിൽപ്പനയിൽ സ്കോഡയുടെ നാഴികകല്ല്; 2 വർഷം കൊണ്ട് വിറ്റത് എത്രയാണെന്നറിയാമോ
സ്‌കോഡയുടെ എല്ലാ സെഗ്‌മെന്റുകളിലുമായി കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1 ലക്ഷം കാറുകളാണ് കമ്പനി വിറ്റഴിച്ചത്. സ്ലാവിയ, കുഷാക്ക് എന്നീ മോഡലുകൾ അവതരിപ്പിച്ച കമ്പനിക്ക് ഇന്ത്യൻ വിപണിയിൽ ആറ് വർഷമെടുത്തിട്ടാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. കുഷാക്ക്, സ്ലാവിയ പോലുള്ള മോഡലുകൾ പ്രാദേശികമായി വികസിപ്പിച്ചതും ഉൽപ്പാദിപ്പിച്ചതുമാണ് കാർ നിർമ്മാതാവിന്റെ ഈ വിൽപ്പന നേട്ടത്തിന് പിന്നിലെ പ്രധാന കാരണമായി പറയാൻ സാധിക്കുന്നത്.
കൂടാതെ, 2023-ൽ, സ്‌കോഡ അതിന്റെ നെറ്റ്‌വർക്ക് രാജ്യത്തുടനീളമുള്ള 260 ഉപഭോക്തൃ ടച്ച് പോയിന്റുകളിലേക്ക് വിപുലീകരിച്ചിരുന്നു, ഇത് ഇന്ത്യയിലുടനീളമുള്ള ചെക്ക് മാർക്കിന്റെ വ്യാപനം വർദ്ധിപ്പിച്ചിട്ടുണ്ട്. 2023ൽ 48,755 വിൽപ്പന രേഖപ്പെടുത്തിയെങ്കിലും, ഇത് 2022ൽ വിറ്റ 53,721 യൂണിറ്റുകളിൽ നിന്ന് ഇടിവാണ് കാണിക്കുന്നത്. വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും ഉൽപ്പാദനവുമായി ബന്ധപ്പെട്ട പരിമിതികളും ഈ ഇടിവിന് കാരണമായിട്ടുണ്ട് എന്നാണ് കമ്പനി പറഞ്ഞത്.

ധാരാളം പ്രത്യേക വേരിയൻ്റുകൾ ഉളള കുഷാക്ക്, സ്ലാവിയ എന്നിവയുടെ പുതിയ ലോഞ്ചുകൾ അവരുടെ 2023 ലെ വിൽപ്പനയിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്, അതേസമയം 2022 നെ അപേക്ഷിച്ച് കൊഡിയാക് വിൽപ്പനയിൽ നൂറ് ശതമാനം കുതിച്ചുചാട്ടം പ്രകടമാക്കിയിട്ടുണ്ട് എന്നാണ് കമ്പനിയുടെ കണ്ടെത്തൽ. ഇതോടൊപ്പം തന്നെ സ്കോഡ ഒക്ടാവിയ ഫെയ്‌സ്‌ലിഫ്റ്റ് 2024 ഫെബ്രുവരിയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ഇതിനോടനുബന്ധിച്ച് ഒരു പുതിയ ടീസറും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
ടീസറിൽ പുതുക്കിയ ഒക്ടാവിയയുടെ ക്യാബിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും വെളിപ്പെടുത്തുന്നില്ലെങ്കിലും, ഇൻ്റീരിയറിലെ ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ആപ്പിൾ കാർപ്ലേ കണക്ട്‌വിറ്റി, 10 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയ്‌ക്കൊപ്പം പുതിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പ്രതീക്ഷിക്കുന്നുണ്ട്.

എഞ്ചിൻ വശത്തേക്ക് നോക്കിയാൽ 110hp പരമാവധി പവർ നൽകുന്ന, 1.0-ലിറ്റർ ടർബോ-പെട്രോൾ, അതിന്റെ മൈൽഡ്-ഹൈബ്രിഡ് പതിപ്പ് മുതൽ 150hp, 1.5-ലിറ്റർ ടർബോ-പെട്രോൾ വരെ സ്വന്തം മൈൽഡ്-ഹൈബ്രിഡ് വേരിയന്റോടു കൂടിയ വൈവിധ്യമാർന്ന പവർട്രെയിനുകളാണ് സ്കോഡ വാഗ്ദാനം ചെയ്യുന്നത്. ചെക്ക് ബ്രാൻഡ് 2.0 ലിറ്റർ ഡീസൽ എഞ്ചിൻ നിലനിർത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉയർന്ന വേരിയന്റുകളിൽ AWD സാങ്കേതികവിദ്യയും പ്രതീക്ഷിക്കാവുന്നതാണ്.
ഇന്ത്യയിലേക്ക് എന്നാണ് അരങ്ങേറ്റം കുറിക്കുന്നതെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്കോഡയും രാജ്യത്തേക്ക് പുതിയൊരു ഇവിയെ കൊണ്ടുവരുന്ന വർഷമായിരിക്കും 2024. ഇതിന്റെ ഭാഗമായി സ്കോഡ ഓട്ടോ ഇന്ത്യ കുറച്ചുകാലമായി ഇന്ത്യൻ നിരത്തുകളിൽ എന്യാക് ഇലക്ട്രിക് എസ്‌യുവി പരീക്ഷിച്ചുവരികയാണ്. വരുന്ന വർഷം പകുതിയോടെ ഇത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് വാർത്തകൾ. തുടക്കത്തിൽ പൂർണമായി നിർമിച്ച ഇറക്കുമതി യൂണിറ്റായാവും മോഡൽ വിണയിലെത്തുക.

അതിനർഥം എന്യാക് ഇവിക്ക് ഉയർന്ന വിലയായിരിക്കും എന്നുതന്നെ. എന്നിരുന്നാലും, ആവശ്യം വളരെ ഉയർന്നതാണെങ്കിൽ കംപ്ലീറ്റ്ലി നോക്ഡ് ഡൗൺ അസംബ്ലി പരിഗണിക്കാമെന്ന് സ്കോഡ ഉറപ്പുനൽകിയിട്ടുണ്ട്. വിപണിയിലെ പ്രതികരണം പരീക്ഷിക്കുകയും തുടർന്ന് ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ഭാവി പദ്ധതികളിൽ പ്രവർത്തിക്കാനുമാണ് നിലവിലെ നീക്കം. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി അയോണിക് 5, കിയ EV6 എന്നിവയ്‌ക്കെതിരെയാവും സ്‌കോഡ എന്യാക് മത്സരിക്കുന്നത്.
ഒരു സമർപ്പിത ഇലക്ട്രിക് സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ MEB പ്ലാറ്റ്‌ഫോമാണ് എന്യാക് ഇവിയുടെ അടിത്തറ. പല നിർമാതാക്കളും ഇപ്പോൾ ഇത്തരം പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന്റെ പിന്നിലെ പ്രധാന കാരണം ബാറ്ററി പായ്ക്ക് ഫ്ലോർബോർഡായി പ്രവർത്തിക്കുമ്പോൾ കോണുകളിൽ വീലുകൾ സ്ഥാപിച്ച് ഇന്റീരിയർ സ്പേസ് വർധിപ്പിക്കാം എന്നതു തന്നെയാണ്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ സമ്പന്നനായിരിക്കും വാഹനം.

വീൽബേസ് 2,765 മില്ലീമീറ്റർ അളക്കുമ്പോൾ സ്കോഡയുടെ പ്രീമിയം ഇലക്ട്രിക് കാറിന് മൊത്തത്തിൽ 4,648 മില്ലീമീറ്റർ നീളവും, 1,877 മില്ലീമീറ്റർ വീതിയും, 1,618 മില്ലീമീറ്റർ ഉയരവുമാവും ഉണ്ടായിരിക്കുക. ആയതിനാൽ, ഇത് സ്കോഡയുടെ നിലവിലെ ഫ്ലാഗ്ഷിപ്പായ കൊഡിയാകിനേക്കാൾ ചെറുതാണെന്ന് പറയാം. കൊഡിയാക് മൂന്ന് വരി എസ്‌യുവിയാണെങ്കിലും എന്യാക് രണ്ട് വരിയുള്ള 5-സീറ്റർ ഇലക്ട്രിക് കാറായിരിക്കും.


Click it and Unblock the Notifications