സ്‌കോഡ കൈലാക്ക് വരിനില്‍ക്കാതെ വാങ്ങാം, കൂടെ സ്‌പെഷ്യല്‍ ഓഫറും! ചെയ്യേണ്ടത് ഇത്രമാത്രം
ഉത്സവ സീസണ്‍ അവസാനിച്ചെങ്കിലും നവംബര്‍ മാസം ഇന്ത്യന്‍ കാര്‍ വിപണിയില്‍ ലോഞ്ചുകളുടെ മേളമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതില്‍ വലിയ ഒച്ചപ്പാടുകള്‍ തീര്‍ത്ത കാറാണ് സ്‌കോഡ കൈലാക്ക്. മത്സരാധിഷ്ഠിത വിലയില്‍ എത്തുന്ന കാര്‍ വാങ്ങാന്‍ ഇതിനോടകം മനക്കണക്ക് കൂട്ടുന്നവര്‍ ഒത്തിരിയാണ്. സബ് 4 മീറ്റര്‍ എസ്‌യുവിയുടെ ബേസ് വേരിയന്റിന്റെ വില മാത്രമാണ് ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡ് നിലവില്‍ പ്രഖ്യപിച്ചിട്ടുള്ളത്. ബുക്കിംഗ് വിന്‍ഡോ തുറക്കുന്ന ഡിസംബര്‍ രണ്ടിന് ബാക്കി വേരിയന്റുകളുടെ വില പ്രഖ്യാപിക്കുമെന്നാണ് വിവരം. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയിലെ പൊതു അവതരണത്തിന് ശേഷം 2025 ജനുവരി 27-ന് കാറിന്റെ ഡെലിവറി തുടങ്ങാനാണ് നിര്‍മാതാക്കളുടെ പ്ലാന്‍.
സ്‌കോഡ കൈലാക്കിന്റെ ആദ്യത്തെ ഉടമ കാറിന് പേരിട്ട മലയാളിയായ മുഹമ്മദ് സിയാദാണ്. നിങ്ങള്‍ ഒരു സ്‌കോഡ കൈലാക്ക് വാങ്ങാന്‍ പദ്ധതിയിടുന്ന ആളാണെങ്കില്‍ വേഗത്തില്‍ വണ്ടി ഡെലിവറിയാകാന്‍ ഒരു ഐഡിയയുണ്ട്. അതിനായി സ്‌കോഡ് അവതരിപ്പിച്ച കൈലാക്ക് അവതരിപ്പിച്ച കൈലാക്ക് ക്ലബില്‍ (Kylaq Club) അംഗത്വം നേടിയാല്‍ മതി. സ്‌കോഡ തുടങ്ങിയ ഈ പരിപാടിയുടെ ആനുകൂല്യങ്ങളാണ് ചുവടെ വിവരിക്കാന്‍ പോകുന്നത്.

സബ് കോംപാക്ട് എസ്‌യുവി വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കളെ ഗൈഡ് ചെയ്യാന്‍ വേണ്ടിയാണ് സ്‌കോഡ ഓട്ടോ ഇന്ത്യ കൈലാക്ക് ക്ലബ് എന്ന മെമ്പര്‍ഷിപ്പ് പ്രോഗ്രാം അവതരിപ്പിച്ചത്. ബുക്ക് ചെയ്യുന്നത് മുതല്‍ വാഹനം കൈയ്യില്‍ കിട്ടുന്നത് വരെയുള്ള യാത്രയിലുടനുളം ഈ പ്രോഗ്രാം ഉപഭോക്താക്കളെ സഹായിക്കും. വ്യക്തിഗത അനുഭവം മെച്ചപ്പെടുത്തുവെന്ന് മാത്രമല്ല കൈലാക്ക് ക്ലബ് കൊണ്ട് നിരവധി ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് നേടിയെടുക്കാം.
ഇതില്‍ പ്രധാനം ബുക്കിംഗ് ആണ്. സാധാരണ ഉപഭോക്താക്കളെ അപേക്ഷിച്ച് കുറഞ്ഞ തുകയ്ക്ക് കാര്‍ ബുക്ക് ചെയ്യാന്‍ കൈലാക്ക് ക്ലബ് അംഗങ്ങള്‍ക്ക് സാധിക്കും. മാത്രമല്ല ബുക്കിംഗിന്റെ കാര്യത്തില്‍ ഇവര്‍ക്ക് മുന്‍ഗണനയും ലഭിക്കും. അതായത് മറ്റുള്ളവരേക്കാള്‍ രണ്ട് മണിക്കൂര്‍ മുമ്പേ കൈലാക്ക് ക്ലബ് അംഗങ്ങള്‍ക്കുള്ള ബുക്കിംഗ് വിന്‍ഡോ തുറക്കും. ഇത് മാത്രമല്ല ആക്‌സസറി കൂപ്പണുകള്‍, വെബ്കാസ്റ്റ് സെഷനുകള്‍ എന്നിവ ആക്‌സസ് ചെയ്യാവുന്നതോടൊപ്പം ഫാക്ടറി സന്ദര്‍ശനത്തിനുള്ള അവസരം കൂടി അംഗങ്ങള്‍ക്ക് ഒരുക്കുന്നു.

നവംബര്‍ 15-നാണ് കൈലാക്ക് ക്ലബ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. നവംബര്‍ 30 വരെ ഇതില്‍ അംഗത്വം നേടാം. എക്‌സ്‌ക്ലൂസീവ് കൈലാക്ക് ക്ലബില്‍ അംഗത്വം നേടുന്നതിന് ഉപഭോക്താക്കള്‍ സ്‌കോഡ ഇന്ത്യ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. എന്റോള്‍ ചെയ്തുകഴിഞ്ഞാല്‍ ബുക്ക് ചെയ്ത് വാഹനം വാങ്ങലില്‍ നിന്ന് തുടങ്ങി സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ആദ്യത്തെ സബ് 4 മീറ്റര്‍ എസ്‌യുവിയുടെ ഡെലിവറി വരെ കൈലാക്ക് ക്ലബ് ഉപഭോക്താക്കളെ അവരുടെ മുഴുവന്‍ യാത്രയിലൂടെയും നയിക്കുന്നു.
കുഷാഖ്, സ്ലാവിയ എന്നീ വലിയ മോഡലുകള്‍ക്ക് അടിവരയിടുന്ന MQB-AO-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് കൈലാക്ക്. നെയിം യുവര്‍ സ്‌കോഡ് ക്യാമ്പയിനിന് കീഴിലാണ് മലയാളിയായ സിയാദ് കാറിന് പേര് നിര്‍ദേശിച്ചത്. കൈലാക്ക് എന്ന പേര് സ്ഫടികത്തിന്റെ സംസ്‌കൃത പദത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്. സ്‌കോഡ കൈലാക്കിന്റെ പ്രാരംഭ വില വെറും 7.89 ലക്ഷം രൂപയാണ്.

ടൊര്‍ണാഡോ റെഡ്, ഒലിവ് ഗോള്‍ഡ്, ബ്രില്യന്റ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍, കാന്‍ഡി വൈറ്റ് എന്നീ നിറങ്ങളില്‍ ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. 1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനാണ് കാറിന് തുടിപ്പേകുന്നത്. 115 bhp പവറും 178 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കുന്നു.
ആറ് എയര്‍ബാഗുകള്‍, മള്‍ട്ടി-കൊളിഷന്‍ ബ്രേക്ക്, റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടെ നിരവധി സേഫ്റ്റി ഫീച്ചറുകള്‍ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു. 8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10-9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, കീലെസ് എന്‍ട്രി, സിംഗിള്‍ പേന്‍ സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.


Click it and Unblock the Notifications








