ബ്രെസയെയും നെക്‌സോണിനെയും വെട്ടി! എന്നിട്ടും കൈലാക്കിന്റെ വില ആ കാറിനേക്കാള്‍ കൂടുതല്‍
ഇന്ത്യയില്‍ അതിവേഗം വളരുന്ന കാര്‍ വിഭാഗമാണ് സബ് കോംപാക്ട് എസ്‌യുവികളുടേത്. ഓരോ മാസം കഴിയുമ്പോഴും ഇവിടുത്തെ മത്സരചിത്രം മാറിമറിയുകയാണ്. കുറഞ്ഞ വിലയുള്ള കുഞ്ഞന്‍ എസ്‌യുവികള്‍ വാങ്ങാന്‍ ജനങ്ങള്‍ ഇരച്ചെത്തുന്ന സാഹചര്യത്തില്‍ വിദേശ ബ്രാന്‍ഡുകള്‍ പുത്തന്‍ മോഡലുകള്‍ പുറത്തിറക്കി അങ്കത്തട്ടില്‍ എത്തുകയാണ്. ഇന്ത്യയിലെ സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌ഗെമെന്റില്‍ എത്തിയ ഏറ്റവും പുതിയ കാറാണ് സ്‌കോഡ് കൈലാക്ക്. മോഡലിന്റെ ബേസ് വേരിയന്റിന്റെ വില മാത്രമാണ് കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV 3XO എന്നീ വമ്പന്‍മാര്‍ക്കെതിരെയാണ് ചെക്ക് കാറിന്റെ പോരാട്ടം.
7.89 ലക്ഷം രൂപയെന്ന ആകര്‍ഷകമായ പ്രാരംഭ വിലയിലാണ് സ്‌കോഡ കൈലാക്ക് പുറത്തിറക്കിയിരിക്കുന്നത്. എതിരാളികളില്‍ ചില മോഡലുകളെ പ്രാരംഭ വിലയുടെ കാര്യത്തില്‍ കൈലാക്ക് പിറകിലാക്കുമ്പോള്‍ ഇതിനേക്കാള്‍ കുറഞ്ഞ വിലയില്‍ കിട്ടുന്ന ഒരു സബ് 4 മീറ്റര്‍ എസ്‌യുവിയും ഇന്ത്യയിലുണ്ട്. കൈലാക്കും അതിന്റെ എതിരാളികളും തമ്മിലുള്ള പ്രാരംഭ വിലയിലെ താരതമ്യമാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

ബേസ് ക്ലാസിക്, സിഗ്‌നേച്ചര്‍, സിഗ്‌നേച്ചര്‍ പ്ലസ്, ടോപ് എന്‍ഡ് പ്രസ്റ്റീജ് എന്നിങ്ങനെ നാല് ട്രിമ്മുകളിലായാണ് കൈലാക്ക് പുറത്തിറങ്ങുന്നത്. കാറിന്റെ മുഴുവന്‍ വേരിയന്റുകളുടെയും വില അടുത്ത മാസം രണ്ടാം തീയതി ബുക്കിംഗ് ആരംഭിക്കുന്ന മുറയ്ക്ക് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സബ് 4 മീറ്റര്‍ എസ്‌യുവി മാരുതി ബ്രെസയാണ്.
എന്നാല്‍ മാരുതി കാറിന്റെ ബേസ് വേരിയന്റിന്റെ വില 8.34 ലക്ഷം രൂപയാണ്. അതായത് കൈലാക്കിനേക്കാള്‍ 45,000 രൂപ കൂടുതല്‍. ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള രണ്ടാമത്തെ സബ് കോംപാക്ട് എസ്‌യുവിയായ നെക്‌സോണ്‍ 8 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് എത്തുന്നത്. ഈ കാറിനും കൈലാക്കിനേക്കാള്‍ 11,000 രൂപയോളം കൂടുതലാണ്. വിപണിയിലെ മറ്റ് രണ്ട് പ്രമുഖ കാര്‍ മോഡലുകളാണ് ഹ്യുണ്ടായി വെന്യുവും കിയ സോനെറ്റും.

കൈലാക്കിന് ഈ രണ്ട് മോഡലുകളേക്കാളും വില കുറവാണ്. വെന്യുവിന്റെ വില 7,94,000 രൂപയും സോനെറ്റിന്റെ വില 7,99,000 രൂപയുമാണ്. ഈ കാറുകള്‍ക്ക് കൈലാക്കിനേക്കാള്‍ യഥാക്രമം 5000 രൂപയും 10,000 രൂപയും കൂടുതലാണ്. കൈലാക്കിനേക്കാള്‍ കുറഞ്ഞ വിലയില്‍ വില്‍ക്കുന്ന പ്രധാന എതിരാളി മറ്റേതുമല്ല ഈ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് മോഡലായ മഹീന്ദ്ര XUV 3XO ആണ്.
ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സബ് 4 മീറ്റര്‍ എസ്‌യുവികളില്‍ ഒന്നായ ഈ കാറിന്റെ ബേസ് വേരിയന്റ് 7.79 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് പുറത്തിറങ്ങുന്നത്. മഹീന്ദ്ര മോഡല്‍ കൈലാക്കിനേക്കാള്‍ 10,000 രൂപ കുറവിലാണ് വില്‍ക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ 7.49 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായിരുന്നു മഹീന്ദ്ര മോഡല്‍ പുറത്തിറങ്ങിയത്. അടുത്തിടെയാണ് പ്രാരംഭ വില മാറി പുതിയ റേറ്റ് ഇട്ടത്.

ടൊര്‍ണാഡോ റെഡ്, ഒലിവ് ഗോള്‍ഡ്, ബ്രില്യന്റ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍, കാന്‍ഡി വൈറ്റ് എന്നീ നിറങ്ങളില്‍ ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. 16 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, മാനുവല്‍ IRVM, പവര്‍ വിന്‍ഡോകള്‍, പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, മാനുവല്‍ എസി, റിയര്‍ എസി വെന്റുകള്‍, ഫ്രണ്ട് സെന്റര്‍ ആംറെസ്റ്റ്, എല്ലാ യാത്രക്കാര്‍ക്കും അഡ്ജസ്റ്റബിള്‍ ഹെഡ്റെസ്റ്റ് എന്നിവയാണ് കൈലാക്കിന്റെ ബേസ് വേരിയന്റിന് ലഭിക്കുന്ന പ്രധാന ഫീച്ചറുകള്‍.
സേഫ്റ്റിയുടെ കാര്യത്തില്‍ കര്‍ക്കശ നിലപാടുള്ള സ്‌കോഡ കൈലാക്കിന്റെ ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ക്ലാസിക് വേരിയന്റില്‍ ടോപ് എന്‍ഡ് വേരിയന്റില്‍ ലഭിക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഇലക്ട്രിക് സണ്‍റൂഫ് എന്നീ ഫീച്ചറുകള്‍ കാണാന്‍ സാധിക്കില്ല.
114 bhp പവറും 178 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിനാണ് കൈലാക്കിന്റെ എല്ലാ വേരിയന്റുകളിലും തുടിപ്പേകാനെത്തുന്നത്. 6 സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാകും. 2025 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ശേഷം ജനുവരി 27-ന് കസ്റ്റമര്‍ ഡെലിവറി ആരംഭിക്കും.


Click it and Unblock the Notifications








